
രാജ്യ തലസ്ഥാനമായ ദില്ലി മാത്രമല്ല, രാജ്യത്തിന്‍റെ വ്യാവസായിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന മുംബൈയിലും വായുവിന്‍റെ ഗുണ നിലവാരം കുത്തനെ താഴോട്ടാണെന്ന് റിപ്പോര്‍ട്ടുകൾ. വായു ഗുണനിലവാര സൂചികയുടെ (Air Quality Index) അടിസ്ഥാനത്തില്‍ മുംബൈയിലെ വായുവിന്‍റെ ഗുണനിലവാരം 'വളരെ മോശം' എന്ന് ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. മുംബൈയില്‍ AQI 308 -ലെത്തിയെന്ന് കണക്കുകൾ കാണിക്കുന്നു. മുംബൈയിലെ സ്ഥിതിഗതികൾ വഷളാകുന്നതിനെക്കുറിച്ച് ബോംബെ ഹൈക്കോടതി അധികാരികളോട് മറുപടി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
സമൂഹ മാധ്യമ ഉപയോക്താക്കളെ സംബന്ധിച്ച് കണക്കുകളെക്കാൾ കാഴ്ചകൾക്കാണ് പ്രാധാന്യം. AQI 308 എന്ന് പറയുന്നതിനെക്കാൾ ഒരു ചിത്രമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. അടുത്തടുത്ത രണ്ട് മാസങ്ങളിലെ രണ്ട് ദിവസങ്ങളിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിന്‍റെ ചിത്രങ്ങളായിരുന്നു അത്. ആദ്യത്തെ ചിത്രം 2025 ഓക്ടോബർ മാസം 26 തിയതി പകര്‍ത്തിയ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിന്‍റെ ചിത്രം. വളരെ മനോഹരമായൊരു ചിത്രമായിരുന്നു അത്. തെളിഞ്ഞ നീലാകാശത്ത് ദൂരെയായി അമ്പരചംബികളായ മുംബൈയിലെ കെട്ടിടങ്ങൾ തലയുയർത്തി നില്‍ക്കുന്നു. അതേസമയം കടലിന് കുറുകെ വളഞ്ഞ് പോകുന്ന ബാന്ദ്ര-വർളി സീ ലിങ്ക് റോഡും വളരെ തെളിമയോടെ കാണാം. എന്നാല്‍ 2025 നവംബർ 26 -ന്, അതായത് കൃത്യം ഒരു മാസത്തിന് ശേഷം അതേ സ്ഥലത്ത് നിന്നും പകർത്തിയ ചിത്രത്തിൽ ബാന്ദ്ര-വർളി സീ ലിങ്ക് റോഡ് കാണാനില്ല. പകരം ശക്തമായ പുകമഞ്ഞ് മാത്രം.
'ഒരു മാസത്തിനിടെ ബാന്ദ്രയിലെ ഒരേ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങളാണിത്. മാറ്റം എല്ലാം പറയുന്നു.' എന്ന് കുറിപ്പോടെ മുംബൈ ഹെറിറ്റേജ് പങ്കുവച്ച ചിത്രം മണിക്കൂറുകൾക്കുള്ളില്‍ അരലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി പേര്‍ ആശങ്ക രേഖപ്പെടുത്താനെത്തി. മറ്റൊരു ചിത്രം പങ്കുവച്ച് കൊണ്ട് മുംബൈയുടെ വായു ഗുണനിലവാര സൂചിക മൂന്നിരട്ടി മോശമായെന്ന് മുംബൈ ഹെറിറ്റേജ് ചൂണ്ടിക്കാണിച്ചു. ആയിരം വാക്കുകളെക്കാൾ ഒറ്റ ചിത്രത്തിന്‍റെ കരുത്തെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റ് ചിലർ അത് മഞ്ഞാണെന്നും മഞ്ഞ് കാലത്ത് പതിവാണെന്നും എഴുതി. ചിലപ്പോൾ കെട്ടിടനിർമ്മാണങ്ങൾ നടക്കുന്നുണ്ടാകാമെന്നും പക്ഷേ, അത് വിഷപ്പുകയല്ലെന്നും ചിലരെഴുതി.
അതേസമയം എത്യോപ്യയിലെ അഗ്നിപർവ്വത സ്ഫോടന ഫലമാണെന്നായിരുന്നു മറ്റ് ചിലരുടെ കണ്ടെത്തൽ. എത്യോപ്യയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതിന് വളരെ മുമ്പുതന്നെ വായു മോശമായിരുന്നുവെന്ന് ചിലര് ചൂണ്ടിക്കാട്ടി. മറ്റ് ചിലര്‍ ആരുടെ കുറ്റമാണെന്ന് ചോദിച്ചെത്തി. ജനങ്ങളോ ഭരണകൂടമോ ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരെന്നായിരുന്നു ചോദ്യം. അതേസമയം ദില്ലിയിലെ വായു ഗുണനിലവാരത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് മറ്റ് ചിലരും ഓർമ്മപ്പെടുത്തി.