വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തിയാല്‍?

By Web TeamFirst Published Nov 24, 2019, 1:40 PM IST
Highlights

നായകളുടെയും പൂച്ചകളുടെയും ഭക്ഷണത്തില്‍ മഞ്ഞളിന്റെ അംശം ഉള്‍പ്പെടുത്തിയാല്‍ അവ കഴിക്കാന്‍ ഇഷ്ടപ്പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസത്തില്‍ രണ്ടു പ്രാവശ്യമായി 100 മില്ലിഗ്രാം മഞ്ഞള്‍ പൂച്ചകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

കുര്‍കുമ ലോംഗ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മഞ്ഞള്‍ ഇഞ്ചിയുടെ വര്‍ഗത്തില്‍പ്പെട്ട സസ്യമാണ്. ഇതിന്റെ വേരില്‍ കാണപ്പെടുന്ന കുര്‍കുമിന്‍ ആണ് ഈ സസ്യത്തിന്റെ ഔഷധഗുണത്തിന് കാരണം. നിര്‍ദേശിച്ച അളവില്‍ മഞ്ഞള്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗപ്രതിരോധ ശേഷിയുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

2007 ല്‍ സസ്യശാസ്ത്രജ്ഞനായ ജെയിംസ് ഡ്യൂക് മഞ്ഞളില്‍ നടത്തിയ പഠനത്തില്‍ ദീര്‍ഘകാലമായി മാറാത്ത പല അസുഖങ്ങള്‍ക്കുമുള്ള മരുന്നാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഒന്നുമുണ്ടാക്കാത്ത ഔഷധമാണ് മഞ്ഞള്‍ ഉപയോഗിച്ച് നിര്‍മിക്കാന്‍ കഴിയുന്നതെന്ന് ഇദ്ദേഹം പഠനത്തില്‍ വ്യക്തമാക്കുന്നു. കുര്‍കുമിനില്‍ നടത്തിയ പഠനങ്ങളാണ് മഞ്ഞളിന്റെ വാതത്തിനെതിരെ പ്രതിരോധിക്കാനുള്ള കഴിവ് പുറത്തുകൊണ്ടുവന്നത്. COX-2 എന്ന എന്‍സൈമാണ് സന്ധിവേദനയ്ക്കും നീര്‍ക്കെട്ടിനും കാരണമാകുന്നത്. ഈ എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ തടയാന്‍ കുര്‍കുമിന് കഴിവുണ്ട്.

ഡ്യൂക്ക് നടത്തിയ പഠനങ്ങളില്‍ മഞ്ഞളിന്റെ കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് ശ്രദ്ധേയമാണ്. വന്‍കുടലിലെ കാന്‍സര്‍, സ്‍തനാര്‍ബുദം, കരളിലെ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയ്‌ക്കെതിരെയുള്ള ചികിത്സയില്‍ മഞ്ഞള്‍ ഉപയോഗപ്പെടുത്താമെന്ന് ഇദ്ദേഹം പറയുന്നു.കൊളറാഡോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ആനിമല്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകര്‍ പൂച്ചകളുടെ വര്‍ഗത്തില്‍പ്പെട്ട ജീവികളിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ കുര്‍കുമിന്‍ എത്രത്തോളം ഫലവത്താണെന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

വാണ്ടര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പഠനത്തില്‍ മൃഗങ്ങളുടെ ശരീരത്തില്‍ രോഗപ്രതിരോധ സംവിധാനം സ്വയം തകരാറിലാകുമ്പോള്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് കുര്‍കുമിന്‍ ഫലപ്രദമാണോ എന്ന വിഷയം കൈകാര്യം ചെയ്യുന്നു.

മഞ്ഞള്‍ അടങ്ങിയ ഭക്ഷണം മൃഗങ്ങള്‍ക്ക്

നായകളുടെയും പൂച്ചകളുടെയും ഭക്ഷണത്തില്‍ മഞ്ഞളിന്റെ അംശം ഉള്‍പ്പെടുത്തിയാല്‍ അവ കഴിക്കാന്‍ ഇഷ്ടപ്പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസത്തില്‍ രണ്ടു പ്രാവശ്യമായി 100 മില്ലിഗ്രാം മഞ്ഞള്‍ പൂച്ചകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അതുപോലെ ശരാശരി വലുപ്പമുള്ള നായകള്‍ക്ക് ദിവസവും 250 മില്ലിഗ്രാം മഞ്ഞള്‍ ഉള്‍പ്പെടുത്തിയ ഭക്ഷണം നല്‍കാം. വലിയ ഇനങ്ങളില്‍പ്പെട്ട നായകള്‍ക്ക് ദിവസം മൂന്ന് പ്രാവശ്യം എന്ന തോതില്‍ 500 മില്ലിഗ്രാം മഞ്ഞള്‍ കലര്‍ത്തിയ ഭക്ഷണം നല്‍കാവുന്നതാണ്.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ഗോള്‍ഡന്‍ പേസ്റ്റ്

ആന്റി ഓക്‌സിഡന്റ് ഗുണമുള്ള ഗോള്‍ഡന്‍ പേസ്റ്റ് വാതത്തിനെ പ്രതിരോധിക്കാനും കാന്‍സറിനെതിരെയും വളര്‍ത്തുമൃഗങ്ങളില്‍ ഉപയോഗിക്കാം. ഇത് തയ്യാറാക്കുന്ന വിധം ഇതാ...

അര കപ്പ് ജൈവമഞ്ഞള്‍പ്പൊടി, ഒരു കപ്പ് ശുദ്ധമായ വെള്ളം, കപ്പിന്റെ മൂന്നിലൊരു ഭാഗം ശുദ്ധമായ നാടന്‍ വെളിച്ചെണ്ണ, അര അല്ലെങ്കില്‍ ഒന്നര ടീസ്പൂണ്‍ കുരുമുളക് എന്നിവയാണ് ഗോള്‍ഡന്‍ പേസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. വളര്‍ത്തുമൃഗങ്ങളുടെ വലുപ്പമനുസരിച്ച് കാല്‍ ടീസ്പൂണ്‍ അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ ദിവസവും നല്‍കാം. മൂത്രാശയ രോഗങ്ങളുള്ള മൃഗങ്ങള്‍, ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് ഇത് നല്‍കരുത്.

ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള മഞ്ഞള്‍ മനുഷ്യരില്‍ വെറസിനെതിരെയും ബാക്റ്റീരിയക്കെതിരെയും ഫംഗസിനെതിരെയുമുള്ള ഫലപ്രദമായ ഔഷധമായി കണക്കാക്കുന്നു. ക്യാന്‍സര്‍ സെന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്പിരിമെന്റല്‍ തെറാപ്യൂട്ടികിലെ സയന്റിസ്റ്റായ എം.ഡി ആന്റേഴ്‌സണ്‍ നടത്തിയ പഠനത്തിലും കാന്‍സറിനെതിരായ ഔഷധമായി മഞ്ഞള്‍ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. അല്‍ഷിമേഴ്‌സ്, പ്രമേഹം, അലര്‍ജി, വാതം എന്നിവയ്‌ക്കെല്ലാമെതിരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ് മഞ്ഞളെന്ന് കണ്ടെത്തിയിട്ടുണ്ട്.

വീട്ടില്‍ മഞ്ഞള്‍ കൃഷി ചെയ്യാം

ഇത്രയേറെ പ്രയോജനപ്രദമായ മഞ്ഞള്‍ നമുക്ക് വീട്ടില്‍ത്തന്നെ കൃഷി ചെയ്യാം. വിത്ത് നടുന്നതിന് മുമ്പ് സ്യൂഡോമോണാസ് ലായനിയിലോ ചാണകവെള്ളത്തിലോ മുക്കി തണലത്ത് സൂക്ഷിക്കാം. മഞ്ഞള്‍ നല്ല ആരോഗ്യത്തോടെ വളരാന്‍ ഇത് സഹായിക്കും. മഞ്ഞള്‍ നടാന്‍ അഞ്ച് അടി നീളവും മൂന്ന് അടി വീതിയുമുള്ള തടങ്ങളാണ് ആവശ്യം.

തടം തയ്യാറാക്കിയ ശേഷം 5-10 സെ.മീ താഴ്ചയില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കി മഞ്ഞള്‍ വിത്ത് പാകണം. ഉണങ്ങിയ ചാണകപ്പൊടിയിട്ട് ഓരോ കുഴിയും മൂടണം. കനത്തില്‍ മണ്ണ് നിറച്ച് കുഴി മൂടരുത്. മഞ്ഞള്‍ വളര്‍ന്നു വരുമ്പോള്‍ ചെടികള്‍ തമ്മില്‍ 15 സെ.മീ അകലം ഉണ്ടായിരിക്കണം. ഇങ്ങനെ നട്ടുകഴിഞ്ഞാല്‍ 8-10 ദിവസങ്ങള്‍ ആകുമ്പോഴേക്കും ഇലകള്‍ മുളച്ച് വരും.

മഞ്ഞള്‍ നട്ടുകഴിഞ്ഞാല്‍ ഉടനെ പച്ചിലകള്‍ കൊണ്ട് മൂടണം. മഴ വെള്ളം വല്ലാതെ തടത്തില്‍ പതിക്കുന്നത് മൂലമുള്ള നാശം ഒഴിവാക്കാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ കളകള്‍ വളരാതിരിക്കാനും നല്ലതാണ്.

ഏതാണ്ട് മൂന്ന്-നാല് മാസമാകുമ്പോള്‍ പച്ചച്ചാണകം കലക്കി ഒഴിക്കല്‍, പച്ചില കമ്പോസ്റ്റ് നല്‍കല്‍ വെണ്ണീര് വിതറല്‍ എന്നിവ നടത്തി മണ്ണിനെ പുഷ്ടിപ്പെടുത്താം.

ഏഴുമുതല്‍ പത്തുമാസം കൊണ്ട് മഞ്ഞല്‍ വിളവെടുക്കാം. വിളവെടുക്കുമ്പോള്‍ മഞ്ഞള്‍ മുറിഞ്ഞു പോകാതെ ശ്രദ്ധിക്കണം. സാധാരണയായി ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയാണ് വിളവെടുപ്പ്കാലം.


 

click me!