
വിദ്യാർത്ഥികളുമായി ചേർന്ന് സെക്‌സി ഡാൻസ് വീഡിയോ എടുത്ത് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതിന് ബ്രസീലിയൻ അധ്യാപികയെ പുറത്താക്കി. ബ്രസീലിലെ ഒരു സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായ സിബെല്ലി ഫെറേറയെയാണ് ക്ലാസ് മുറിയിലെ അനുചിതമായ പെരുമാറ്റത്തിന് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇതേതുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ വിമർശനമാണ് ഈ അധ്യാപികയ്ക്ക് നേരെ ഉയരുന്നത്. ടിക് ടോക്കിൽ 9.8 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഈ അധ്യാപികയ്ക്ക് ഉള്ളത്.
ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് ഒപ്പം നൃത്തം ചെയ്തത് ക്ലാസ് കൂടുതൽ രസകരമാക്കാൻ ആണ് എന്നാണ് അധ്യാപികയുടെ വാദം. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾക്കായി നൽകിയ ആക്ടിവിറ്റികിടയിൽ ഒരു വിദ്യാർത്ഥിനി ഫെറേറയെ നൃത്തം ചെയ്യാൻ ക്ഷണിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് അധ്യാപികയും വിദ്യാർത്ഥിനികളും ചേർന്ന് ഡാൻസ് റീൽ ഷൂട്ട് ചെയ്യുന്നു. തുടർന്ന് ക്ലാസിലെ മറ്റു കുട്ടികളുമായി ചേർന്നും ഇവർ വീഡിയോകൾ ഷൂട്ട് ചെയ്യുന്നു. ഇതാണ് വലിയ വിമർശനത്തിനിടയാക്കുകയും അധ്യാപികയെ സ്കൂളിൽ നിന്നും പിരിച്ചുവിടുന്നതിലേക്ക് വഴിയൊരുക്കുകയും ചെയ്തത്.
കൗമാരക്കാരായ കുട്ടികളെ ക്ലാസ് മുറിയിൽ പാഠഭാഗങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുത്തുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അതുകൊണ്ടാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പോലെ കുട്ടികൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്ക് കൂടി സമയം നൽകി പഠന പ്രവർത്തനങ്ങൾ കൂടുതൽ രസകരമാക്കാൻ താൻ ശ്രമിച്ചത് എന്നാണ് ഫെറേറ പറയുന്നത്.
ടിക്ക് ടോക്ക് താരമാണ് എന്നത് കൂടാതെ ഫെറേറയ്ക്ക് 1.2 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സും ഉണ്ട്, ക്ലാസ് മുറിയിലെ അനുചിതമായ പെരുമാറ്റത്തിന് വലിയ വിമർശനമാണ് ഇവർക്ക് നേരിടേണ്ടി വരുന്നതെങ്കിലും മറ്റൊരു വിഭാഗം ആരാധകർ പൂർണ്ണ പിന്തുണയാണ് നൽകുന്നത്. അധ്യാപന ജോലി പോയതിൽ ദുഃഖിക്കേണ്ട ഇനി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകണമെന്നാണ് ആരാധകരുടെ പക്ഷം.