
പരിശീലനം സിദ്ധിച്ച നായകൾ കള്ളന്മാരെ കണ്ടെത്താൻ പൊലീസിനെ സഹായിക്കാറുണ്ട്. എന്നാൽ, കള്ളന്മാരെ കണ്ടെത്താൻ പൊലീസിനെ സഹായിക്കുന്ന പശുക്കളെ കുറിച്ച് കേട്ടിട്ടുണ്ടോ? നോർത്ത് കരോലിനയിലെ ബൂൺ പൊലീസ് ഡിപ്പാർട്ട്‌മെന്റാണ് ഒരു പ്രതിയെ കണ്ടെത്താൻ തങ്ങളെ സഹായിച്ചത് പശുക്കളാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തെ കുറിച്ച് തമാശ കലർത്തിയാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ട്രാഫിക് പോസ്റ്റിൽ വച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന യുവാവിനെ പിന്തുടരുകയായിരുന്നു പൊലീസ്. യുവാവ് പാതിവഴിയിൽ വച്ച് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയ പൊലീസ് കണ്ടത് കുറച്ച് പശുക്കളെയാണ്. തങ്ങളുടെ ടെറിറ്ററിയിലേക്ക് ഓടിവന്ന യുവാവിനെ പശുക്കൾക്കും ഇഷ്ടപ്പെട്ടില്ല.
പൊലീസ് പറയുന്നത്, പിന്നാലെ പശുക്കൾ അവയ്ക്ക് കഴിയും പോലെ അവിടെ അയാൾ ഉള്ള കാര്യം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചു എന്നാണ്. ശേഷം പൊലീസുകാർ പശുക്കളെ പിന്തുടരുകയും കള്ളനെ പിടികൂടാൻ കഴിയുകയും ചെയ്തു എന്നും പൊലീസ് പറയുന്നു.
സംഭവത്തെ കുറിച്ചുള്ള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് വളരെ ഹാസ്യാത്മകമാണ്. പൊലീസ് നായ എന്ന പോലെ പശുക്കളെയും പൊലീസിൽ എടുത്താലോ എന്നാണ് പൊലീസിന്റെ ചോദ്യം. ഒപ്പം അവയെ എങ്ങനെ പരിശീലിപ്പിക്കും, വലിയ ചെലവ് വരില്ലേ തുടങ്ങിയ സംശയങ്ങളും പൊലീസ് രസകരമായി ചോദിക്കുന്നുണ്ട്. ഒപ്പം തന്നെ സംഭവസ്ഥലത്തേക്ക് എങ്ങനെ പശുക്കളെ എത്തിക്കും എന്നും പൊലീസ് ചോദിക്കുന്നു. ഏതായാലും പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് അധികം വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് പോസ്റ്റിനേക്കാൾ ഹാസ്യാത്മകമായി പോസ്റ്റിന് മറുപടി നൽകിയിരിക്കുന്നത്.
34 -കാരനായ പ്രതിക്കെതിരെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടൽ, റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ, മോശമായ പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.