
2026-ലെ പരിസ്ഥിതി പ്രകടന സൂചിക (Environmental Performance Index) പുറത്തുവിട്ടതോടെ ആഗോള പരിസ്ഥിതി സംരക്ഷണ രംഗത്തെ രാജ്യങ്ങളുടെ പ്രകടനം വീണ്ടും ചർച്ചയായി. അമേരിക്കയിലെ യേൽ സർവകലാശാലയും കൊളംബിയ സർവകലാശാലയുമായി ബന്ധപ്പെട്ട ഗവേഷകർ ചേർന്ന് തയ്യാറാക്കുന്ന ഈ സൂചിക ലോക രാജ്യങ്ങളുടെ പരിസ്ഥിതി ആരോഗ്യം, ആവാസവ്യവസ്ഥ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള നടപടികൾ എന്നിവയെ വിലയിരുത്തിയാണ് തയ്യാറാക്കുന്നത്. 2026 -ൽ 177 രാജ്യങ്ങളുടെ പരിസ്ഥിതി പ്രകടന സൂചികയാണ് ഇരു സർവ കലാശാലകളും ചേർന്ന് പുറത്ത് വിട്ടത്.
ശുദ്ധവായു, സുരക്ഷിത കുടിവെള്ളം, ജൈവവൈവിധ്യ സംരക്ഷണം, മാലിന്യനിർമാർജനം, കാലാവസ്ഥാ പ്രവർത്തനം എന്നിവയിൽ രാജ്യങ്ങൾ എത്രത്തോളം ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നതാണ് ഈ പഠനത്തിന്‍റെ പ്രധാന വിലയിരുത്തൽ മാനദണ്ഡങ്ങൾ. 2026 പതിപ്പിൽ 47 പ്രകടന സൂചികകളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ റാങ്കിംഗ് നിർണയിച്ചിരിക്കുന്നതെന്ന് യേൽ സർവകലാശാല പറയുന്നു.
ഈ വർഷത്തെ റിപ്പോർട്ടിൽ യൂറോപ്യൻ രാജ്യങ്ങളാണ് വീണ്ടും മുന്നിലെത്തിയത്. എസ്റ്റോണിയ ഒന്നാം സ്ഥാനവും ലക്സംബർഗ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങൾ തുടർന്നുള്ള സ്ഥാനങ്ങളും നേടി. വായു-ജല മലിനീകരണം കുറയ്ക്കുന്നതിലും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്നതിലും ജൈവവൈവിധ്യ സംരക്ഷണത്തിലും ഈ രാജ്യങ്ങൾ മികച്ച പുരോഗതി കൈവരിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആഗോളതലത്തിൽ കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും ആവശ്യമായ വേഗത്തിലെത്തിയിട്ടില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
2026 -ലെ പരിസ്ഥിതി പ്രകടന സൂചികാ റിപ്പോർട്ടിൽ ഇന്ത്യ 177 രാജ്യങ്ങളിൽ 176-ാം സ്ഥാനത്താണ്. ആകെ 22.46 എന്ന സ്കോർ മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ. ഇന്ത്യയ്ക്ക് പിന്നിൽ 177 -ാം സ്ഥാനത്താണ് ലാവോസ്. ഇന്ത്യയ്ക്ക് തൊട്ട് മുകളിൽ 175 -ാം സ്ഥാനത്ത് ബംഗ്ലാദേശാണ്. അതേസമയം 157 -ാം റാങ്കാണ് പാകിസ്ഥാന്. പരിസ്ഥിതി ആരോഗ്യം, ആവാസവ്യവസ്ഥ സംരക്ഷണം, കാലാവസ്ഥാ മാറ്റം നേരിടൽ എന്നീ മൂന്ന് പ്രധാന നയലക്ഷ്യങ്ങളിലും ഇന്ത്യയ്ക്ക് വളരെ താഴ്ന്ന സ്കോറാണ് ലഭിച്ചത്. ഇതോടെ ഇന്ത്യ ഏറ്റവും പിന്നിലേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത് ഗുരുതരമായ വായു മലിനീകരണം, വന - ജൈവവൈവിധ്യ സംരക്ഷണത്തിലെ പോരായ്മകൾ, ഉയർന്ന ഹരിതഗൃഹ വാതക ഉദ്‌വമനം, കൽക്കരി അധിഷ്ഠിത വൈദ്യുതി ഉൽപാദനത്തെ ആശ്രയിക്കുന്നത് എന്നിവയാണ്. നഗരപ്രദേശങ്ങളിലെ PM 2.5 മലിനീകരണനിരക്ക്, പരിസ്ഥിതി സംരക്ഷിത മേഖലകളുടെ പരിമിതമായ വ്യാപ്തി, പ്രകൃതി വിഭവങ്ങളുടെ സമ്മർദം എന്നിവയും ഇന്ത്യയുടെ സ്കോറിനെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യ പുതുക്കിയ ഊർജമേഖലയിൽ ശ്രദ്ധേയമായ നിക്ഷേപങ്ങൾ നടത്തുകയും സൗരോർജ ഉൽപാദനത്തിൽ വേഗത്തിൽ വളരുകയും ചെയ്യുന്നുണ്ടെങ്കിലും, രാജ്യത്തിന്‍റെ വൻ ജനസംഖ്യ, ഊർജാവശ്യകത, വ്യവസായവൽക്കരണം എന്നിവ കാരണം ആ നേട്ടങ്ങൾ ആകെ പരിസ്ഥിതി പ്രകടനത്തിൽ മതിയായ മാറ്റം സൃഷ്ടിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. കൽക്കരി ഉപയോഗം കുറയ്ക്കുന്നതിലും മലിനീകരണ നിയന്ത്രണത്തിലും കൂടുതൽ ശക്തമായ നടപടികൾ അനിവാര്യമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വളർച്ചയും ഒരുമിച്ച് മുന്നോട്ടുകൊണ്ട് പോകേണ്ടത് ഇന്ത്യയെ പോലുള്ള വികസനോന്മുഖ രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്ന് റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.