റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഒരു യുവതിയെ തടഞ്ഞുനിർത്തിയ അക്രമി അവരുടെ കഴുത്തിൽ കുത്തിപ്പിടിച്ചു. യുവാവിന്റെ അക്രമാസക്തമായ പെരുമാറ്റം കണ്ട് ഭയന്ന നാട്ടുകാർ ഇടപെടാൻ മടിച്ച് മാറിനിൽക്കുകയായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന സെങ് ഫാൻലിൻ ഒട്ടും മടിക്കാതെ മുന്നോട്ട് വന്ന് അക്രമിയെ നേരിടുകയായിരുന്നു.

തെരുവിൽ യുവതിയെ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ച അക്രമിയെ ജീവൻ പണയം വെച്ച് കീഴടക്കിയ വയോധികന് ചൈനീസ് സർക്കാരിന്റെ ആദരം. മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ചെൻഷൗ സ്വദേശിയായ സെങ് ഫാൻലിൻ (69) എന്ന മുൻ വില്ലേജ് ഉദ്യോഗസ്ഥനെയാണ് രാജ്യം 'നാഷണൽ ഹീറോ' ആയി പ്രഖ്യാപിച്ചത്. അക്രമിയെ കീഴടക്കുന്നതിനിടയിൽ സെങ്ങിന്റെ മൂക്കിന്റെ ഭൂരിഭാഗവും അക്രമി കടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഇരുപതുകാരനായ ഒരു യുവാവ് ജനവാസ മേഖലയിൽ പ്രവേശിച്ച് വഴിപോക്കരെ ആക്രമിക്കുകയും വീടുകളുടെ വാതിലുകൾ ചവിട്ടിപ്പൊളിക്കുകയും ചെയ്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. തുടർന്ന്, റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഒരു യുവതിയെ തടഞ്ഞുനിർത്തിയ അക്രമി അവരുടെ കഴുത്തിൽ കുത്തിപ്പിടിച്ചു. യുവാവിന്റെ അക്രമാസക്തമായ പെരുമാറ്റം കണ്ട് ഭയന്ന നാട്ടുകാർ ഇടപെടാൻ മടിച്ച് മാറിനിൽക്കുകയായിരുന്നു.

ഈ സമയം സ്ഥലത്തുണ്ടായിരുന്ന സെങ് ഫാൻലിൻ ഒട്ടും മടിക്കാതെ മുന്നോട്ട് വന്ന് അക്രമിയെ നേരിടുകയായിരുന്നു. വയോധികന്റെ ധീരത കണ്ട് മറ്റ് രണ്ട് ഗ്രാമവാസികൾ കൂടി ഇയാളെ പിടിച്ചുകെട്ടാൻ സഹായിച്ചു. ഇതിനിടയിലാണ് ക്രൂരനായ അക്രമി സെങ്ങിന്റെ മൂക്ക് കടിച്ചെടുത്തത്. എന്നാൽ, ചോരയൊലിപ്പിക്കുന്ന കടുത്ത വേദനയിലും പോലീസ് എത്തുന്നതുവരെ സെങ് അക്രമിയെ വിടാതെ പിടിച്ചുവെച്ചു. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും സെങ്ങിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

വെല്ലുവിളിയുയർത്തിയ ശസ്ത്രക്രിയ

സെങ്ങിന്റെ മൂക്കിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതിനാൽ അത് പൂർവ്വസ്ഥിതിയിലാക്കുക എന്നത് ഡോക്ടർമാർക്ക് വലിയ വെല്ലുവിളിയായിരുന്നു. അദ്ദേഹത്തിന്റെ തലയിൽ നിന്നുള്ള ചർമ്മം ഉപയോഗിച്ച് മൂക്ക് ശരിയാക്കുന്നതിനായി രണ്ട് സങ്കീർണ്ണ ശസ്ത്രക്രിയകളാണ് നടത്തിയത്. ശ്വാസോച്ഛ്വാസം സാധാരണ നിലയിലായെങ്കിലും ഇന്നും കടുത്ത വേദനയുമായാണ് ഈ വയോധികൻ കഴിയുന്നത്. പൂർണാരോഗ്യം വീണ്ടെടുക്കാൻ ആറ് മാസമെങ്കിലും എടുക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. 10,000 യുഎസ് ഡോളറിലധികം (ഏകദേശം 70,000 യുവാൻ) വന്ന ചികിത്സാച്ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു. കൂടാതെ പ്രമുഖ ചൈനീസ് ഗ്രൂപ്പായ അലിബാബയുടെ ഫൗണ്ടേഷൻ 20,000 യുവാൻ ഇദ്ദേഹത്തിന് സമ്മാനമായി നൽകുകയും ചെയ്തു.

"ഒരു മനുഷ്യജീവൻ രക്ഷിക്കാൻ കഴിഞ്ഞതുമായി താരതമ്യം ചെയ്യുമ്പോൾ എനിക്ക് നഷ്ടമായതൊന്നും ഒന്നുമല്ല. ചെയ്ത കാര്യത്തിൽ എനിക്ക് പൂർണ്ണ സംതൃപ്തിയുണ്ട്" സെങ് ഫാൻലിൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട സെങ് ഗ്രാമവാസികളുടെയും സർക്കാരിന്റെയും സഹായത്തോടെയാണ് വളർന്നതും പഠിച്ചതും. അതുകൊണ്ടുതന്നെ സമൂഹത്തിന് എന്തെങ്കിലും തിരികെ നൽകണമെന്ന ആഗ്രഹമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതിക്കുവേണ്ടി പോരാടിയ വ്യക്തികളുടെ ഔദ്യോഗിക പട്ടികയിലാണ് ചൈനീസ് ഗവൺമെന്റ് സെങ്ങിനെ ഉൾപ്പെടുത്തിയത്.