
22 വയസ് മാത്രം പ്രായമുള്ള മൂന്ന് സുഹൃത്തുക്കളാണ് ഇപ്പോൾ ടെക്ക് ലോകത്തെ സംസാര വിഷയം. മെർകോറിന്‍റെ സ്ഥാപകരായ ബ്രണ്ടൻ ഫുഡി, ആദർശ് ഹിരേമത്ത്, സൂര്യ മിധ എന്നിവരാണ് ആ മൂന്ന് സുഹൃത്തുക്കൾ. ഇവർ മൂന്ന് പേരും ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത ശതകോടീശ്വരന്മാരാണ്. ഈ നേട്ടം കൈവരിച്ചതോടെ മൂന്ന് പേരും പിന്തള്ളിയത് 2008-ൽ 23-ാം വയസ്സിൽ പട്ടികയിൽ ഇടം നേടിയ സാക്ഷാൽ മാർക്ക് സക്കർബർഗിനെ. മെർകോർ എന്ന AI റിക്രൂട്ടിംഗ് സ്റ്റാർട്ടപ്പ് സ്ഥാപിച്ച ബ്രണ്ടൻ ഫുഡി, ആദർശ് ഹിരേമത്ത്, സൂര്യ മിധ എന്നിവർ ഹൈസ്കൂൾ കാല സുഹൃത്തുക്കൾ കൂടിയാണ്.
ഫോർബ്‌സ് റിപ്പോർട്ട് അനുസരിച്ച് , സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ് അടുത്തിടെ 350 മില്യൺ ഡോളർ (3,107 കോടി ഇന്ത്യന്‍ രൂപ ) ഫണ്ടിംഗാണ് സമാഹരിച്ചത്. ഇതോടെ കമ്പനിയുടെ മൂല്യം 10 ബില്യൺ ഡോളറായി (88,786 കോടി ഇന്ത്യന്‍ രൂപ) ഉയർന്നു. ഇത് സിഇഒ ബ്രെൻഡൻ ഫുഡി, സിടിഒ ആദർശ് ഹിരേമത്ത്, ബോർഡ് ചെയർമാൻ സൂര്യ മിധ എന്നിവരെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത ശതകോടീശ്വരന്മാരാക്കി മാറ്റിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
NYSE യുടെ മാതൃ കമ്പനിയായ ഇന്‍റർകോണ്ടിനെന്‍റൽ എക്സ്ചേഞ്ചിൽ നിന്ന് 2 ബില്യൺ ഡോളർ നിക്ഷേപം നേടി വെറും 20 ദിവസം മുമ്പ് കോടീശ്വരനായ പോളിമാർക്കറ്റ് സിഇഒ ഷെയ്ൻ കോപ്ലാൻ (27 വയസ്). അദ്ദേഹത്തിന് മുമ്പ്, സ്കെയിൽ എഐയുടെ അലക്സാണ്ടർ വാങ് (28 വയസ്) ഏകദേശം 18 മാസം ഈ പദവി വഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സഹസ്ഥാപകയായ ലൂസി ഗുവോ (30 വയസ് - ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത വനിതാ ശതകോടീശ്വരി) എന്നിവരും ടെയ്‌ലർ സ്വിഫ്റ്റിനെ പിന്തള്ളി ആ സ്ഥാനം ഏറ്റെടുത്തു. ഇവർക്ക് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യന്‍ അമേരിക്കന്‍ സുഹൃത്തുക്കളായ ബ്രണ്ടൻ ഫുഡി, ആദർശ് ഹിരേമത്ത്, സൂര്യ മിധ എന്നിവർ ശതകോടീശ്വര പദവയിലേക്ക് ഉയർന്നത്.
മെർക്കോറിന്‍റെ മൂന്ന് സഹസ്ഥാപകരിൽ രണ്ട് പേർ ഇന്ത്യൻ-അമേരിക്കക്കാരാണ്. സൂര്യ മിധയും ആദർശ് ഹിരേമത്തും കാലിഫോർണിയയിലെ സാൻ ജോസിലുള്ള ആൺകുട്ടികളുടെ ഒരു സെക്കൻഡറി സ്കൂളായ ബെല്ലാർമൈൻ കോളേജ് പ്രിപ്പറേറ്ററിയിലാണ് ഇവർ പഠിച്ചത്. അവിടെ ഒരുമിച്ച് ഡിബേറ്റ് ടീമിൽ ഇവർ ഉണ്ടായിരുന്നു. ഒരേ വർഷം മൂന്ന് ദേശീയ ഡിബേറ്റ് ടൂർണമെന്‍റുകളിലും വിജയിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ജോഡികളാണ് ഇരുവരുമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സൂര്യ മിധയുടെ അച്ഛനും അമ്മയും ദില്ലിയില്‍ നിന്നും യുഎസിലേക്ക് കുടിയേറിയവരാണ്. ഹിരേമത്ത് ഹാർവാർഡ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന സമയത്താണ് മെർകോർ സ്ഥാപിക്കുന്നത്. പിന്നാലെ അദ്ദേഹം പഠനം ഉപേക്ഷിച്ചു. ബ്രണ്ടൻ ഫുഡി ജോർജ്ജ്ടൗണിൽ സാമ്പത്തിക ശാസ്ത്രം പഠിക്കുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.