ഇന്ത്യയിൽ നിന്നുള്ള ബ്രേസ്‍ലെറ്റും രത്നംപതിച്ച ആനരൂപങ്ങളും യുകെ -യില്‍ ലേലം ചെയ്‍തു

By Web TeamFirst Published Mar 30, 2021, 3:51 PM IST
Highlights

1946 -ൽ 24 -ാം വിവാഹ വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ ലൂയി മൗണ്ട് ബാറ്റൺ ഭാര്യ എഡ്വിനയ്ക്ക് സമ്മാനിച്ചതാണ് ജയ്പൂരിൽ നിന്നുള്ള ആ ആനകളുടെ പ്രതിമകൾ. 

ഒരു കാലത്ത് ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്ന ഇന്ത്യയെ ഒരു ദാരിദ്ര്യ രാജ്യമാക്കിയതിൽ ബ്രിട്ടീഷുകാരുടെ പങ്ക് വലുതാണ്. ഇന്ത്യയിൽ വന്ന ബ്രിട്ടീഷുകാർ പലപ്പോഴായി പല അമൂല്യമായ വസ്തുക്കളും രാജ്യത്തിൽ നിന്ന് കടത്തിയിട്ടുണ്ട്. അതുപോലെ ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന ലോർഡ് ലൂയിസ് മൗണ്ട് ബാറ്റൺ ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ അമൂല്യ വസ്തുവകകൾ ഇപ്പോൾ അദ്ദേഹത്തിന്റെ മൂത്ത മകൾ ലേലത്തിൽ വിറ്റിരിക്കയാണ്. പട്രീഷ്യ എഡ്വിന വിക്ടോറിയ മൗണ്ട് ബാറ്റന്റെ 350 വ്യക്തിഗത വസ്തുക്കളുടെ ശേഖരം 5.6 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിനാണ് ലേലത്തിൽ വിറ്റത്. ഒരു ഡയമണ്ട് പതിച്ച ബ്രേസ്‍ലെറ്റും, ജയ്‌പ്പൂരിൽ നിന്നുള്ള രത്‌നങ്ങൾ കൊണ്ട് അലങ്കരിച്ച ആനകളുടെ രൂപങ്ങളും അക്കൂട്ടത്തിൽപ്പെടുന്നു.

മൗണ്ട് ബാറ്റൺ ഓഫ് ബർമയുടെ രണ്ടാമത്തെ കൗണ്ടസാണ് പട്രീഷ്യ. വിക്ടോറിയ രാജ്ഞിയുടെ കൊച്ചുമകളായി ശക്തമായ രാജകീയ ബന്ധമുണ്ടായിരുന്നു അവർക്ക്. ബ്രിട്ടൻ രാജ്ഞി എലിസബത്ത് 2 -ന്റെ ഭർത്താവായ ഫിലിപ്പ് രാജകുമാരന്റെ അടുത്ത ബന്ധു കൂടിയാണവർ.

ഈ ആഴ്ച ആദ്യം സോഥെബിയുടെ ഓൺലൈൻ ലേലത്തിൽ വച്ചിരിക്കുന്ന വസ്തുക്കൾക്ക് ഒരുലക്ഷം ബ്രിട്ടീഷ് പൗണ്ട് വരെ വില കണക്കാക്കിയിരുന്നു. ഇതിൽ ഭൂരിഭാഗവും ഇന്ത്യയുമായി ബന്ധമുള്ള ഇവരുടെ പൂർവികരുടെ കൈയിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്. "ലേഡി മൗണ്ട് ബാറ്റന്റെ വസതിയായ ന്യൂഹൗസ്, കുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമായുള്ള ഒരു സ്വകാര്യ ഇടമായിരുന്നു. ഒപ്പം ഒരു ഭംഗിയുള്ള വീടിന്റെ എല്ലാ മാന്ത്രികതകയും ഊഷ്‌മളതയും അതിനുണ്ടായിരുന്നു. അവരുടെ വസ്തുവകകൾ പല തലമുറകളിലൂടെ കൈമാറി പോന്നു” യുകെ, അയർലൻഡ് സോഥെബിയുടെ ചെയർമാൻ ഹാരി ഡാൽമെനി പറഞ്ഞു.  

ലോർഡിന്റെയും ലേഡി മൗണ്ട് ബാറ്റന്റെയും മകളാണ് എന്നത് മാത്രമല്ല പട്രീഷ്യയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം. അവരുടെ ഭർത്താവ് ജോൺ നാച്ച്ബുള്ളിന്റെ അച്ഛൻ മൈക്കൽ നാച്ച്ബുൾ 1938 -ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ്രോയിയായി നാലുമാസം ജോലി ചെയ്തിട്ടുണ്ട്. കൂടാതെ, ജോൺ നാച്ച്ബുൾ ഇന്ത്യയിൽ ലൂയിസ് മൗണ്ട് ബാറ്റണിന്റെ കീഴിൽ പ്രവർത്തിച്ചിട്ടുമുണ്ട്. പിന്നീട്, ഓസ്കാർ നോമിനേറ്റഡ് ചലച്ചിത്രത്തിന്റെ നിർമ്മാതാവായി  അദ്ദേഹം മാറുകയും ചെയ്തു. രാജ് കാലഘട്ടത്തിലെ പ്രശസ്തമായ എ പാസേജ് ടു ഇന്ത്യ ആയിരുന്നു അത്. ഒരു കാലത്ത് ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ട വിക്ടോറിയ രാജ്ഞിയുടെ സ്വന്തമായിരുന്ന ഒരു ഡയമണ്ട് സെറ്റും ഇനാമൽഡ് സ്വർണ്ണ ബ്രേസ്‍ലെറ്റും ലേലത്തിൽ വച്ചിരുന്നു. 40,320 ബ്രിട്ടീഷ് പൗണ്ടിനാണ് ബ്രേസ്‍ലെറ്റ് വിറ്റു പോയത്. വിക്ടോറിയയുടെ ഭർത്താവ് ആൽബർട്ടിന്റെ ഒരു കുട്ടിക്കാല ഛായാചിത്രവും ആ ശേഖരത്തിൽ ഉൾപ്പെടുന്നു.  

ഇത് പിന്നീട് വിക്ടോറിയയുടെ പിൻഗാമികളിലൂടെ മൗണ്ട് ബാറ്റണിലേക്കും തുടർന്ന് മകൾ പട്രീഷ്യയിലേക്കും കൈമാറപ്പെട്ടു. 1946 -ൽ 24 -ാം വിവാഹ വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിൽ ലൂയി മൗണ്ട് ബാറ്റൺ ഭാര്യ എഡ്വിനയ്ക്ക് സമ്മാനിച്ചതാണ് ജയ്പൂരിൽ നിന്നുള്ള ആ ആനകളുടെ പ്രതിമകൾ. അതിന് 2,000 മുതൽ 3,000 ബ്രിട്ടീഷ് പൗണ്ട് വരെയാണ് മൂല്യം കണക്കാക്കിയിരുന്നത്. എന്നാൽ, അതിനെ മറികടന്ന് 34,020 ബ്രിട്ടീഷ് പൗണ്ടിന് അത് ലേലം ചെയ്യപ്പെട്ടു. ലൂയിസിന്റെ കൈയക്ഷരത്തിൽ "എഡ്വിന ഫ്രം ഡിക്കി" എന്ന വാക്കുകൾ അതിന്റെ അടിയിൽ കൊത്തിവച്ചിട്ടുണ്ട്. 1922 -ൽ ദില്ലിയിലെ വൈസ്രോയിയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയം. "ടുട്ടി ഫ്രൂട്ടി" ശൈലിയിലുള്ള എഡ്വിന മൗണ്ട് ബാറ്റണിന്റെ ആഭരണങ്ങൾ 107,100 ബ്രിട്ടീഷ് പൗണ്ടിനാണ് വിറ്റുപോയത്.  

click me!