
ഡൊണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായി തന്‍റെ രണ്ടാം ടേം ആരംഭിച്ചതോടെ ചെറുതല്ലാത്ത ആശങ്കയിലാണ് കുടിയേറ്റക്കാര്‍. യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഇന്ത്യൻ കുടിയേറ്റ സമൂഹവും ഇതേ ആശങ്കയിലാണ്. കുടിയേറ്റ നയങ്ങളുടെ കാര്യത്തിൽ ട്രംപ് സ്വീകരിക്കാൻ പോകുന്ന നിലപാടുകളാണ് അമേരിക്കയിലെ ഇന്ത്യൻ ജനതയെ ആശങ്കയിലാക്കുന്നത്. എച്ച് 1 -ബി വിസ പ്രോഗ്രാമിലും മറ്റും മാറ്റങ്ങൾ വരാനുള്ള സാധ്യതയുള്ളതിനാൽ ഇനി എന്ത് സംഭവിക്കും എന്നത് ഇപ്പോഴും ചോദ്യചിഹ്നം. ഇതിനിടയിൽ അമേരിക്കയിൽ നിന്ന് മിർച്ച് 9 റിപ്പോർട്ട് ചെയ്ത ഒരു സംഭവവും കൂടുതൽ ആശങ്ക ഉയർത്തി.
അമേരിക്കയിലുള്ള മക്കളെ സന്ദർശിക്കാനെത്തിയ ഇന്ത്യയിൽ ദമ്പതികൾക്ക് നെവാർക്ക് വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചതാണ് സംഭവം. ബി -1 / ബി -2 സന്ദർശക വിസയിൽ അഞ്ച് മാസം താമസിക്കാൻ പദ്ധതിയിട്ടാണ് ഇന്ത്യൻ ദമ്പതികൾ അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ, നെവാർക്ക് വിമാനത്താവളത്തിൽ എത്തിയപ്പോൾ, പുതിയ 2025 ചട്ടങ്ങൾ അനുസരിച്ച് രാജ്യത്ത് പ്രവേശിക്കുന്നതിന് റിട്ടേൺ ടിക്കറ്റ് ആവശ്യമാണെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ അറിയിച്ചു. ഇന്ത്യന്‍ ദമ്പതികളുടെ കൈവശം റിട്ടേണ്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല.
അമേരിക്കയിൽ 500ലേറെ അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ; നൂറുകണക്കിന് പേരെ സൈനിക വിമാനങ്ങളിൽ നാടുകടത്തി
എന്നാല്‍, തങ്ങളുടെ യാത്ര ഉദ്ദേശത്തെക്കുറിച്ച് വിശദീകരിച്ചിട്ടും ദമ്പതികൾക്ക് പ്രവേശനം അനുവദിക്കാതെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ഈ നയം മാറ്റത്തെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പോ വ്യക്തമായ ആശയവിനിമയമോ ഇല്ലാത്തത് ഇന്ത്യൻ പ്രവാസികൾക്കുള്ളിൽ കടുത്ത നിരാശയ്ക്കും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. വരും കാലത്ത് അമേരിക്കയിലേക്ക് യാത്ര പുറപ്പെടുന്നവർ അതിന് മുൻപായി തന്നെ തങ്ങളുടെ കൈവശം എല്ലാ രേഖകളും ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ സംഭവം. അമേരിക്കൻ തുറമുഖങ്ങളിലും മറ്റും സമാനമായ അപ്രതീക്ഷിത നിയന്ത്രണങ്ങൾ നടപ്പിലാക്കുമോയെന്ന ആശങ്കയും ഇപ്പോൾ ഉയരുന്നുണ്ട്.