ജീവനോടെ പിടികൂടാന്‍ തീരുമാനിച്ചിരുന്ന കടുവയെ അപ്രതീക്ഷിതമായി വെടിവച്ച് കൊല്ലേണ്ടിവന്നതിനെ കുറിച്ച് പറയുമ്പോൾ അന്നത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി. പ്രിൻസ് പാങ്ങാടൻ എഴുതിയ 12 വര്‍ഷം മുമ്പത്തെ ഒരു കടുവ വേട്ട അനുഭവം. 

2012 ഡിസംബ‍ർ 2, അന്നാണ് വയനാട്ടിൽ ഒരു കടുവയെ അവസാനമായി വെടിവെച്ച് കൊന്നത്. 16 ദിനരാത്രങ്ങൾ നീണ്ട ആ കടുവ വേട്ട റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടർ പ്രിൻസ് പാങ്ങാടൻ, ആ ദിവസങ്ങൾ ഓ‍ർത്തെടുക്കുന്നു

പതിവ് മഞ്ഞിലും തണുപ്പിലും മുങ്ങിക്കിടക്കുന്ന 2012 -ലെ ഒരു നവംബർ ദിവസമായിരുന്നു അത്. അപ്പോഴാണ് നായ്ക്കെട്ടിയിൽ ഒരു വീട്ടിലെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കടുവ പിടിച്ചെന്ന വാർത്ത വരുന്നത്. മുത്തങ്ങ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് നായ്ക്കെട്ടി, മൂലങ്കാവ് തുടങ്ങിയ സ്ഥലങ്ങൾ. വാര്‍ത്ത അറിഞ്ഞ് കൽപ്പറ്റയിൽ നിന്ന് ഞങ്ങൾ നായ്ക്കെട്ടിയിൽ എത്തുമ്പോഴേക്ക് പ്രദേശത്താകെ ആശങ്കയോടെ ആളുകൾ തടിച്ചുകൂടിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പശുവിനെ പിടിച്ചത് കടുവ തന്നെയെന്ന് തൊഴുത്തിനോട് ചേർന്ന സ്ഥലങ്ങളിൽ കണ്ട കാൽപ്പാടുകൾ (പഗ് മാർക്ക്) നോക്കി ഉദ്യോഗസ്ഥർ ഉറപ്പിച്ചു. നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പിന്മേൽ വലിയ പ്രതിഷേധങ്ങളില്ലാതെ അന്നേ ദിവസം അവസാനിച്ചു. 

പക്ഷേ, പിറ്റേ ദിവസം രാത്രി അതേ സ്ഥലത്തെ മറ്റൊരു തൊഴുത്തിൽ നിന്ന് കടുവ മറ്റൊരു പശുവിനെ കൂടി പിടികൂടി. അതോടെ ജനം അസ്വസ്ഥരായി അവരിളകി. പശുവിന്‍റെ ജഡവുമായി നാട്ടുകാർ നായ്ക്കെട്ടി ദേശീയപാത ഉപരോധിച്ചു. കളം മാറി, കളി മാറി. ഓരോ നിമിഷവും ജനം, എവിടെ നിന്നില്ലാതെ പ്രതിഷേധ സ്ഥലത്തേക്ക് ഒഴുകിയെത്തി. മിനിറ്റുകൾ കൊണ്ട് പ്രദേശം മനുഷ്യരെ കൊണ്ട് നിറഞ്ഞു. പൊലീസിന്‍റെ നിയന്ത്രണത്തിനും അപ്പുറത്തായി കാര്യങ്ങൾ. നായ്ക്കെട്ടിയിൽ റോഡരികിൽ ഉണങ്ങി നിന്ന മുളങ്കൂട്ടത്തിന് പ്രതിഷേധിക്കാനെത്തിയ ആരോ തീയിട്ടു. മുളങ്കൂട്ടത്തില്‍ നിന്നും പൊട്ടിയുയര്‍ന്ന് ആളിയ തീ, പ്രതിഷേധ തീയെയും ആളിപ്പടര്‍ത്തി. പിന്നാലെ കാടിന് തീയിടാൻ ആരൊക്കെയോ ആഹ്വാനം ചെയ്തു. കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥ. 

പലരും അവസരം മുതലെടുത്തു. ജനവികാരത്തിനൊപ്പം നിൽക്കാൻ രാഷ്ട്രീയ നേതാക്കളും പാർട്ടികളും മത്സരിച്ചു. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടാര് മൈക്ക് കെട്ടി ആവശ്യമുയർത്തി. ഒടുവിൽ, തിരുവനന്തപുരത്ത് നിന്നും ആ തീരുമാനം വന്നു. കടുവയെ വെടിവെക്കുക. പക്ഷേ ആ ഉത്തരവ്, കൊല്ലായിരുന്നില്ല, പകരം മയക്കുവെടി വെച്ച് പിടികൂടാനായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരും നാട്ടുകാരും എല്ലാം ചേർന്ന് കാപ്പിത്തോട്ടങ്ങളിലും കാട്ടിലുമായി കടുവയെ തെരഞ്ഞ് ഇറങ്ങി. ആ പകൽ കടുവയെ കണ്ടെത്താനാവാതെ കടന്നു പോയി. അന്നത്തെ രാത്രിയില്‍ പക്ഷേ, പലയിടത്ത് നിന്നും കടുവയെ കണ്ടെന്ന ഫോൺ കോൾ എത്തി. അവിടങ്ങളിലെല്ലാം ആൾക്കൂട്ടം തെരച്ചിലിന് ഇറങ്ങി. വനംവകുപ്പ് വാഹനത്തിന് പിന്നാലെ ഞങ്ങളും അതാതിടങ്ങളിലേക്ക് പാഞ്ഞു. ആ രാത്രി പുലർച്ചയോടെ നായ്ക്കെട്ടിയിലെ റോഡരികിൽ ചാനൽ വാഹനങ്ങൾ നിരന്നു കിടന്നു. അതിനുള്ളിൽ കടുവാ പേടിയോടെ ഞങ്ങൾ ഉറങ്ങി.

രാവിലെയും പല കഥകൾ പരന്നു. പല തൊഴുത്തിന് അടുത്തും കടുവയെ കണ്ടെന്ന് പലരും പറഞ്ഞു. കേട്ടിടങ്ങളിലൊക്കെ വനംവകുപ്പ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി പരിശോധന നടത്തി. ഭൂരിപക്ഷം ഇടങ്ങളിലും ഒന്നുമുണ്ടായിരുന്നില്ല, ഭയം നിറഞ്ഞ കഥകളൊഴികെ. പക്ഷേ, നാട്ടുകാരുടെ ആശങ്കകൾ പറഞ്ഞ് കേട്ട കഥകളില്‍ കുരുങ്ങി വളര്‍ന്നു കൊണ്ടേയിരുന്നു. പലവിധ ആവശ്യങ്ങൾ ഉയർന്നു. ഒടുവിൽ, കടുവയ്ക്കായി കൂടുവെക്കാനും ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കാനും തീരുമാനമായി. കൂടിനുള്ളിൽ ആടിനെ കെട്ടിയിട്ടു. കടുവയുടെ കാല്‍ പാടുകൾ നേരത്തെ കണ്ട സ്ഥലങ്ങളിലും പരിസരത്തുള്ള തൊഴുത്തുകളോട് ചേർന്നും ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. ഭയം നിറഞ്ഞ ദിവസങ്ങൾ ഓരോന്നായി കടന്നുപോയി.

പക്ഷേ, ഒരൊറ്റ ക്യാമറയിൽ പോലും കടുവ പതിഞ്ഞില്ല. അപ്പോഴും പ്രദേശത്തെ പല തൊഴുത്തുകളുടെയും പരിസരത്ത് കടുവയുടെ കാൽപ്പാടുകൾ വീണ്ടും കണ്ടു. പതുക്കെ പതുക്കെ ജനവികാരം വനംവകുപ്പിനും ഉദ്യോഗസ്ഥരും എതിരായി. പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടു. പ്രതിഷേധം ശക്തമായി. ഒടുവിൽ, കർണ്ണാടകയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് തെരച്ചിൽ നടത്താൻ തീരുമാനിച്ചു. പിന്നാലെ, രണ്ട് കുങ്കിയാനകളെ നായ്ക്കെട്ടിയിൽ എത്തിച്ചു. കർണാടകയിൽ നിന്നുള്ള പ്രത്യേക ദൗത്യസംഘവും വയനാട്ടിലെത്തി തെരച്ചിൽ തുടങ്ങി. കടുവയെ മാത്രം എവിടെയും കണ്ടെത്താനായില്ല. അപ്പോഴേക്കും ആഴ്ചയൊന്ന് പിന്നിട്ടിരുന്നു. ഈ ദിവസങ്ങളിലത്രയും വിവിധ മാധ്യമങ്ങളില്‍ നിന്നുള്ള ഏതാണ്ട് പത്ത് - മുപ്പത് പേരടങ്ങുന്ന മാധ്യമ സംഘം മൂലങ്കാവിലും നായ്ക്കെട്ടിയിലും റോഡരികുകളില്‍ രാത്രി കഴിച്ച് കൂട്ടി. ഭക്ഷണം കഴിച്ചു. അടുത്ത തെരച്ചിലിനായി ഉറക്കമിളച്ച് കാത്തിരുന്നു. ഇടയ്ക്കെപ്പോഴോ ഒന്ന് ഉറങ്ങിയെന്ന് വരുത്തി, വീണ്ടും തെരച്ചിലിനായി ഒരുങ്ങി. 

ഇതിനിടെ കാടിന് തീയിട്ടവർക്കെതിരെ വനംവകുപ്പും പൊലീസും കേസെടുത്തു. അതോടെ ആ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം ശക്തമായി. കടുവയെ പിടികൂടുക രണ്ടാമത്തെ കാര്യമായി. ആ വഴി വന്ന പരിസ്ഥിതി പ്രവർത്തകരെ ജനക്കൂട്ടം അപമാനിക്കും വിധം കൂവി വിളിച്ചു. പക്ഷേ, അതൊന്നും നായ്ക്കെട്ടിയിലോ മൂലങ്കാവിലോ ഉള്ളവരായിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു. സ്ഥലത്തെ സംഘർഷാവസ്ഥയും രാഷ്ട്രീയ സമ്മർദ്ദവും ഏറെയതോടെ അന്നത്തെ വനംമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർ‍ഡനായിരുന്നു ഒ പി കലേർ വയനാട്ടിലെത്തി ക്യാംപ് ചെയ്തു. മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം വയനാട്ടിലേക്കെത്തി.

YouTube video player

കാട്ടിൽ ഇരതേടിപ്പിടിക്കാൻ ആവതില്ലാത്ത പ്രായമായ കടുവയാണ് ഇതെന്നും വിശന്നിട്ടാണ് പശുവിനെപ്പിടിച്ചതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ടായിരുന്നു. കെട്ടിയിട്ട, തിരിച്ച് ആക്രമിക്കില്ലെന്ന് ഉറപ്പുള്ള പശുവിനെ കടുവ ഉന്നം വയ്ക്കുന്നത് അതിനാലാണെന്നും അവർ തറപ്പിച്ച് പറഞ്ഞു. അത് ശരിയായിരുന്നു. പക്ഷേ, ആൾക്കൂട്ടത്തിന്‍റെ മനശാസ്ത്രം 'അവനെ കൊല്ലുക' എന്നത് മാത്രമായിരുന്നു. അതിനിടയിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് നായ്ക്കെട്ടിയിലേക്ക് വരുന്ന വഴിയിൽ കടുവയെ കണ്ടെന്ന് ഒരു ബൈക്ക് യാത്രികൻ പറഞ്ഞതോടെ തെരച്ചിൽ ആ ഭാഗത്തേക്കാക്കി. പക്ഷേ, കടുവയുടെ പൊടിപോലും കണ്ടില്ല. പിന്നീട് ഒരാഴ്ചക്കാലത്തേക്ക് സമീപ പ്രദേശത്ത് കടുവക്കഥകൾക്ക് ഒരു പഞ്ഞവും ഉണ്ടായില്ല. 

ഒടുവിൽ, പതിനാറ് ദിവസത്തിന് ശേഷം ഡിസംബർ 12 -ന് രാവിലെ 8.15 -ന് നായ്ക്കെട്ടിക്ക് സമീപം മൂലങ്കാവിൽ ദൗത്യസംഘം കടുവയെ കണ്ടെത്തി. അന്ന് രാവിലെ തേലമ്പറ്റയിൽ കടുവ ഒരു പശുവിനെ ആക്രമിച്ചു. ഇതിനിടെ സ്ഥലത്ത് നിന്ന് ആളുകളെ, സുരക്ഷാ നടപടിയുടെ ഭാഗമായി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മാറ്റിയിരുന്നു. വനംവകുപ്പ് സംഘത്തിനൊപ്പം, ആ നിമിഷത്തിന്‍റെ ആവേശത്തില്‍‌ വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ മാധ്യമ പ്രവർത്തകരും കാപ്പിത്തോട്ടത്തിന് ഉള്ളിലേക്ക് കടുവയെ തേടി കയറിച്ചെന്നു. വെടി കൊണ്ട കടുവ, മയങ്ങുന്നതിന് മുമ്പ് ഓടിയാൽ എന്താണ് സംഭവിക്കുക എന്ന് പറയാനാകില്ല. 

കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ കടുവയ്ക്ക് നേരെ ദൗത്യസംഘം എട്ടരയോടെ ആദ്യത്തെ മയക്കുവെടി വെച്ചു. വെടികൊണ്ട് തോട്ടത്തിനുള്ളിലേക്ക് ഓടി മറഞ്ഞ കടുവയെ പിന്നീട് ഒന്നര മണിക്കൂർ തെരഞ്ഞ ശേഷമാണ് ദൗത്യസംഘത്തിന് കണ്ടെത്താനായത്. അപ്പോഴേക്കും മയക്കം വിട്ടുമാറിയ അവസ്ഥയിലായിരുന്നു കടുവ. രണ്ടാമത്തെ മയക്കുവെടിക്കായി ദൗത്യസംഘം തയ്യാറെടുത്തു, വെടിവെച്ചു. പക്ഷേ, അപ്രതീക്ഷിതമായി ദൗത്യസംഘത്തിന് നേരെ കടുവ എടുത്ത് ചാടി. 

സംഘത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ, ധൈര്യം വിടാതെ റൈഫിൾ എടുത്ത്, കുതിച്ച് ചാടിയ കടുവയെ വെടിവെച്ചു. പോയിന്‍റ് ബ്ലാങ്കിൽ വെടിയേറ്റ കടുവ ആ നിമിഷം ചത്ത് താഴെ വീണു. ആരാണ് കടുവയെ വെടിവെച്ച ആ ഉദ്യോഗസ്ഥനെന്ന് അന്നൊന്നും വനംവകുപ്പ് പുറത്ത് പറഞ്ഞില്ല. പക്ഷേ, പിന്നീട് ആ ഉദ്യോഗസ്ഥനെ വകുപ്പ്തല നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തു. മയക്ക് വെടി വച്ച് പിടികൂടി പ്രദേശത്ത് നിന്ന് മാറ്റാനായിരുന്നു വനംവകുപ്പിന്‍റെ തീരുമാനം. അപ്രതീക്ഷിതമായി കടുവ വെടിയേറ്റ് ചത്ത് വീണപ്പോൾ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒ.പി കലേർ ഉൾപ്പെടെയുള്ളവർ അമ്പരന്ന് പോയി.

നാട്ടുകാര്‍ അടുത്ത പ്രതിഷേധത്തിന് കോപ്പുകൂട്ടി. കടുവയെ കാപ്പിത്തോട്ടത്തിൽ നിന്ന് പുറത്തേക്ക് കടത്താന്‍ നാട്ടുകാർ സമ്മതിച്ചില്ല. തങ്ങളുടെ പശുക്കളെ കൊലപ്പെടുത്തിയ കടുവയെ അവർക്ക് കാണണം എന്നായിരുന്നു ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ തങ്ങളുടെ വാഹനത്തിലേക്ക് മാറ്റി ടാർപ്പോളിൻ കൊണ്ട് മൂടി. ഒടുവില്‍ ആ പ്രതിഷേധത്തിനിടെ ഏറെപ്പണിപ്പെട്ട് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ബത്തേരിയിലെ വൈൽഡ് ലൈഫ് വാർഡന്‍റെ ഓഫീസിലേക്ക് കടുവയുടെ ശവവുമായി പോയി. അവിടെ വെച്ച് ആ ദേശീയ മൃഗത്തിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒ.പി കലേർ സല്യൂട്ട് നൽകി യാത്രയാക്കി. 

'ആ മൃഗം മനുഷ്യരെ ആരെയും ഉപദ്രവിച്ചില്ല. പ്രായാധിക്യത്താല്‍ ഇരയെ വേട്ടയാടാന്‍ കഴിയാതിരുന്നതിനാല്‍ വിശപ്പ് സഹിക്കാന്‍ വയ്യാതായപ്പോൾ തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ കൊന്നു. ഞാൻ അതിനെ സല്യൂട്ട് ചെയ്യുന്നു' എന്ന് പറഞ്ഞു തീരുമ്പോഴേക്ക് ഒ പി കലേറിന്‍റെ കണ്ണിൽ നിന്നും കണ്ണൂനീർ ഉരുണ്ടിറങ്ങി. പിന്നെ ആ മൃഗസ്നേഹി അവിടെ നിന്നില്ല. സംഭവം റിപ്പോർട്ട് ചെയ്യാനായി എത്തിയ മാധ്യമ പ്രവര്‍ത്തകരും ആ വൈകാരിര രംഗം കണ്ട് വല്ലാതെയായി. പലയിടത്ത് നിന്നായി സ്ഥലത്തെത്തി മാധ്യമ പ്രവര്‍ത്തകരും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ 16 ദിവസത്തിനിടെ സൗഹൃദത്തിലായിരുന്നു. പെട്ടെന്ന് അവിടമാകെ ഒരു മൂകത നിറഞ്ഞു. 

പിന്നെയും വയനാട്ടിൽ പലതവണ കടുവയിറങ്ങി. ചില കടുവകൾ മനുഷ്യരെ അക്രമിച്ച് കൊലപ്പെടുത്തി. അവയെ വെടിവച്ചും കൂടുവച്ചും പിടിച്ചു. ഇന്ന് മറ്റൊരു നരഭോജി കടുവ വയനാടന്‍ കാടുകളില്‍ അലയുന്നു. അവനെയും വെടിവച്ച് പിടിക്കാന്‍ തീരുമാനിച്ച് ഉറച്ച് വനം വകുപ്പ് പുറകെയുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും. വർഷമെത്ര കഴിഞ്ഞാലും ആദ്യത്തെ കടുവവേട്ടയുടെ 16 ദിനരാത്രങ്ങളുടെ ഓർമ്മകൾ ഇന്നും മങ്ങാതെ ഉള്ളില്‍ തങ്ങി നില്‍ക്കുന്നു.