
ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും അഞ്ചുമാസത്തിലേറെ നീണ്ട അധ്വാനവും ചെലവിട്ട് സ്വപ്ന കഫേ തുറന്ന ഇന്ത്യൻ വംശജരായ ദമ്പതികൾക്ക് നേരിടേണ്ടിവന്നത് കനത്ത നഷ്ടം. ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള ഫിറ്റ്‌സ്‌റോയ് നോർത്തിൽ ആശിഷ് ശർമയും മനാലി പുരോഹിതും ചേർന്ന് ആരംഭിച്ച വെഗൻ കഫേയായ ‘ആൻഡ് ബൊഡേഗ’യാണ് സമീപത്തെ പുകയിലക്കടയ്ക്ക് നേരെയുണ്ടായെന്ന് സംശയിക്കുന്ന തീവെപ്പിൽ കത്തിയമർന്നത്.
ജൂലൈയിലാണ് ദമ്പതികൾ കഫേ തുറന്നത്. കെട്ടിടം തങ്ങളുടെ മനസിനിണങ്ങിയ രീതിയിലേക്ക് മാറ്റിയെടുക്കാനായി അഞ്ചുമാസത്തിലേറെ ചെലവഴിച്ച ഇവർ ഒരു ലക്ഷം ഓസ്‌ട്രേലിയൻ ഡോളറിലധികം (ഏകദേശം 95 ലക്ഷം ഇന്ത്യൻ രൂപ) സ്വന്തം സമ്പാദ്യത്തിൽനിന്ന് കഫേയ്ക്ക് വേണ്ടി മുടക്കിയിരുന്നു. ഫർണിച്ചറുകളിൽ ചിലത് സെക്കൻഡ് ഹാൻഡായി വാങ്ങുകയും നവീകരണത്തിന്‍റെ വലിയൊരു ഭാഗം സ്വയം ചെയ്യുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒക്ടോബർ 12 -ന് പുലർച്ചെ 3.45 ഓടെയാണ് സമീപത്തെ പുകയിലക്കടയിലാണ് തീപിടിത്തമുണ്ടായത്. അക്രമികൾ കടയിൽ അതിക്രമിച്ച് കയറി തീയിട്ടതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. തീപിടിത്തത്തിൽ പുകയിലക്കട പൂർണമായും കത്തിയമർന്നു. സമീപത്തെ കഫേകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കേടുപാടുകളുണ്ടായി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
പുകയിലക്കടയിൽ നിന്നും ഉയർന്ന് തീ, കഫേയുടെ മേൽക്കൂര ഉരുകുകയും ചുമരുകളിലും കഫേയിലെ ഉപകരണങ്ങളിലും കരിയും മറ്റ് അവശിഷ്ടങ്ങളും നിറയുകയും ചെയ്തതായി ആശിഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം കടയിൽ നിന്നും ഏകദേശം 5,000 ഡോളർ വിലവരുന്ന ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളും മോഷണം പോയതായും റിപ്പോർട്ടുകൾ പറയുന്നു.
ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്ത 25,000 ഡോളർ നഷ്ടം നികത്താൻ ഒന്നുമാകില്ലെന്നാണ് ദമ്പതികൾ പറയുന്നത്. അറ്റകുറ്റപ്പണികൾക്കും ഉപകരണങ്ങൾ വാങ്ങുന്നതിനും ജീവനക്കാർക്കും വിതരണക്കാർക്കുമുള്ള കുടിശ്ശിക തീർക്കുന്നതിനുമായി ഇവർ ധനസമാഹരണം ആരംഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. നാട്ടുകാരും പ്രദേശത്തെ മറ്റ് ചെറുകിട സ്ഥാപനങ്ങളും ദമ്പതികൾക്ക് സഹായവുമായി രംഗത്തെത്തിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എല്ലാവരുടെയും സഹായത്തോടെ ചെറിയ രീതിയിലെങ്കിലും കഫേ വീണ്ടും തുറക്കാമെന്ന പ്രതീക്ഷയിലാണ് ആശിഷും മനാലിയും.