
സ്വർഗത്തിലെത്താൻ പട്ടിണി കിടക്കണമെന്ന മതപ്രബോധനത്തിന്‍റെ പേരിൽ അനുയായികളെയും കുട്ടികളെയും മരണത്തിലേക്ക് നയിച്ചുവെന്ന കേസിൽ മതപ്രഭാഷകൻ പോൾ മക്കെൻസിയെയും 28 കൂട്ടുപ്രതികളെയും കോടതി കുറ്റക്കാരെന്ന് വിധിച്ചു. 190 കുട്ടികളും ഒരു മുതിർന്നയാളും ഉൾപ്പെടെ 191 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഒക്ടോബർ 19 -ന് കെനിയൻ ഹൈക്കോടതിയുടെ നിർണായക വിധി.
മക്കെൻസി നേതൃത്വം നൽകിയ ഗുഡ് ന്യൂസ് ഇന്‍റർനാഷണൽ ചർച്ചിന്‍റെ അനുയായികൾ ലോകാവസാനത്തിന് മുമ്പ് യേശുവിനെ കാണാനും സ്വർഗത്തിലെത്താനും ഭക്ഷണം ഉപേക്ഷിക്കണമെന്ന് നിർദേശിക്കപ്പെട്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കുട്ടികൾക്ക് ഭക്ഷണം നിഷേധിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുണ്ടായിരുന്നെന്ന് ജസ്റ്റിസ് ഡയാന കവേഡ്‌സ മൊച്ചാഷെ എട്ടുമണിക്കൂറിലേറെ നീണ്ട വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ഉപവാസത്തിൽനിന്ന് പിന്മാറാനോ രക്ഷപ്പെടാനോ ശ്രമിക്കുന്നവരെ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
2023 ഏപ്രിലിൽ തെക്കുകിഴക്കൻ കെനിയയിലെ ഷക്കഹോള വനമേഖലയിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്. ഇതുവരെ 400 -ലധികം മൃതദേഹങ്ങൾ ഇവിടെനിന്ന് പുറത്തെടുത്തിട്ടുണ്ട്. പല മൃതദേഹങ്ങളും ജീർണിച്ച നിലയിലായതിനാൽ 26 പേരെ മാത്രമാണ് തിരിച്ചറിയാനായത്. മറ്റ് മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ ടാക്സി ഡ്രൈവറായ മക്കെൻസി കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെയും രോഗികൾ ആശുപത്രിയിൽ ചികിത്സ തേടുന്നതിനെയും എതിർത്തിരുന്നതായി അനുയായികളുടെ മൊഴികൾ സൂചിപ്പിക്കുന്നു.
2019 -ൽ പള്ളി അടച്ചുപൂട്ടിയതിനെത്തുടർന്ന് അദ്ദേഹം അനുയായികളുമായി വനമേഖലയിലേക്ക് മാറിയെന്നാണ് പൊലീസ് പറയുന്നത്. മക്കെൻസി ആരോപണങ്ങൾ നിഷേധിക്കുകയും ആരെയും നിർബന്ധിച്ച് പട്ടിണിക്കിട്ടിട്ടില്ലെന്ന് വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോടതി ഈ വാദം തള്ളി. ശിക്ഷ നവംബർ ആറിന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് മതസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണം വേണമെന്ന ആവശ്യവും കെനിയയിൽ ശക്തമായിട്ടുണ്ട്.
Starvation cult leader Paul Mackenzie and 28 others were found guilty of murder by a Kenyan court over the deaths of 190 children and an adult in one of the world's worst cult-related tragedies in recent history https://t.co/pYWKDLnfhw https://t.co/P2vT4eG6Xm
— Reuters (@Reuters) October 20, 2026
വിധി പ്രസ്താവിക്കുന്നതിനിടെ മക്കെൻസിയുടെ അനുയായികൾ അദ്ദേഹം "യേശുവിന്‍റെ വക്താവ്" ആണെന്ന് വിശ്വസിച്ചിരുന്നുവെന്ന് ജസ്റ്റിസ് ഡയാന മൊച്ചാഷെ പറഞ്ഞു. ഉപവാസം അനുഷ്ഠിക്കാനുള്ള നിർദ്ദേശത്തെ ആരെങ്കിലും എതിർത്താൽ അവരെ അടിച്ച് സ്വർഗത്തിലേക്ക് കൊണ്ടു പോകാനായിരുന്നു മക്കെൻസി അനുയായികൾക്ക് നൽകിയ നിർദ്ദേശം. വനത്തിനുള്ളിലെ ആരാധനാക്രമത്തെ വിവാഹങ്ങൾ എന്നാണ് വിളിച്ചിരുന്നത്. മരിച്ചവരെ 'യേശുവുമായി വിവാഹിതരായതായി ആഘോഷിക്കുന്നു'വെന്നും ജഡ്ജി വിധി പ്രസ്താവനയ്ക്കിടെ പറഞ്ഞു.
ഗർഭിണിയായ ഒരു സ്ത്രീക്ക് നവജാത ശിശുവിനെ മുലയൂട്ടുന്നതിൽ നിന്ന് ഇയാൾ വിലക്കിയിരുന്നു, പിന്നീട് 12 ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മരണം വരെ ഉപവസിക്കാനും മക്കളെ പിന്തുടരാനുമായിരുന്നു അമ്മയ്ക്ക് മക്കെൻസി നൽകിയ ഉപദേശം. 48 -കാരനായ സ്റ്റീഫൻ മ്വിറ്റി തന്‍റെ ആറ് മക്കളെയും മക്കെൻസി കൊലപ്പെടുത്തിയെന്ന് ആരോപിച്ചു. സ്റ്റീഫൻ മ്വിറ്റിയുടെ മുൻ ഭാര്യയെ മക്കെൻസിക്കൊപ്പം കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരിൽ ഒരാളാണെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
2003 -ലാണ് മക്കെൻസി ഗുഡ് ന്യൂസ് ഇന്‍റർനാഷണൽ മിനിസ്ട്രീസ് സ്ഥാപിക്കുന്നത്. അടുത്ത 16 വർഷത്തിനുള്ളിൽ, കെനിയയിലുടനീളമുള്ള സഭയുടെ ശാഖകളിലേക്ക് ആയിരക്കണക്കിന് അനുയായികളെ ആകർഷിക്കുന്ന തരത്തിൽ സഭ ജനപ്രീതി നേടി. മെക്കൻസിയുടെ സഭ ടൈംസ് ടിവി എന്ന പേരിൽ ഒരു ടെലിവിഷൻ സ്റ്റേഷൻ നടത്തിയിരുന്നു, മക്കെൻസിയുടെ പ്രസംഗങ്ങളാണ് പ്രധാനമായും പ്രക്ഷേപണം ചെയ്തിരുന്നത്. വിദ്യാഭ്യാസത്തെ 'തിന്മ' എന്നും ആരോഗ്യ സംരക്ഷണത്തെ 'സിദ്ധാന്തങ്ങൾക്ക് വിരുദ്ധം' എന്നും ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകളെ 'പിശാചിന്‍റെ അടയാളം'എന്നും വിശേഷിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ മക്കെൻസിന്‍റെ പ്രഭാഷണങ്ങളിൽ ഉൾപ്പെട്ടിരുന്നു.