
ഒരു കാർ പാർക്കിംഗ് ഏരിയയിൽ രണ്ട് മണിക്കൂർ കാർ പാർക്ക് ചെയ്തതിന് ഇന്ത്യൻ വംശജയായ യുകെ പൗരനില്‍ നിന്നും ഈടാക്കിയത് 4,586 പൗണ്ട്. അതായത് ഇന്ത്യൻ രൂപയിൽ 5.36 ലക്ഷം രൂപ. യുകെയിലെ സ്ലോയിലെ ഒരു ഷോപ്പിംഗ് സെന്‍ററിന്‍റെ കാർ പാർക്കിൽ വെറും രണ്ട് മണിക്കൂർ കാർ പാർക്ക് ചെയ്തതിനാണ് ഞെട്ടിപ്പിക്കുന്ന ഈ തുക യുവതിയിൽ നിന്നും ഈടാക്കിയത്. പാർക്കിംഗ് ഏരിയയിലെ ചാർജിങ് മെഷീനിലുണ്ടായ തകരാറാണ് ഈ ഭീമൻ തുക ഈടാക്കലിന് കാരണമായതെങ്കിലും പിഴവ് ചൂണ്ടിക്കാട്ടിയിട്ടും യുവതിക്ക് പണം തിരികെ നൽകാൻ പാർക്കിംഗ് ഏരിയയുടെ ഉടമസ്ഥർ മടിച്ചുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
മെയ് 16 വെള്ളിയാഴ്ച ക്വീൻസ്‌മിയർ ഒബ്‌സർവേറ്ററി ഷോപ്പിംഗ് സെന്‍ററിൽ തന്‍റെ രണ്ട് പെൺമക്കളെയും കൊണ്ട് ഷോപ്പിംഗിന് പോയതായിരുന്നു 39 കാരിയായ യാദിതി കാവ. സാധനങ്ങൾ വാങ്ങിയതിന് ശേഷം, വീട്ടിലേക്ക് പോകുന്നതിന് മുമ്പ് അത്താഴം കഴിക്കാൻ അവർ തീരുമാനിച്ചു. ഭക്ഷണം കഴിച്ച് കാർ തിരികെ എടുക്കാൻ അമ്മയും മക്കളും പാർക്കിംഗ് ഏരിയയിൽ എത്തി. കാറുമായി പുറത്തേക്ക് കടക്കുന്നതിന് മുൻപ് എക്സിറ്റ് ബാരിയറിൽ പാർക്കിംഗ് ചാർജ് അടയ്ക്കാനായി അവർ ശ്രമം നടത്തി. തുടർന്ന് തന്‍റെ കോൺടാക്റ്റ്‌ലെസ് കാർഡ് ടാപ്പ് ചെയ്തു. തൊട്ടുപിന്നാലെ രഹസ്യ പിൻകോഡ് നൽകാനുള്ള സന്ദേശം വന്നു.
പോകാൻ തിരക്കുണ്ടായിരുന്നതിനാലും മക്കൾ ക്ഷീണിതരായിരുന്നതിനാലും കൂടുതൽ പരിശോധന നടത്താതെ അവർ പിൻ നമ്പർ അടിച്ചു. കാർഡ് മിഷനിൽ 4 , 5 എന്നീ നമ്പറുകൾ മാത്രമാണ് ഇവർ കണ്ടത്. നമ്പറുകൾ കണ്ടപ്പോൾ അത് £4.50 ആണെന്ന് താൻ തെറ്റിദ്ധരിച്ചതായാണ് യാദിതി കാവ പറയുന്നത്. തുടർന്ന് കാർ പാർക്കിങ്ങിൽ നിന്നും പുറത്തിറങ്ങിയതും ഫോണിൽ വന്ന മെസ്സേജാണ് തനിക്ക് പറ്റിയ അബദ്ധം വെളിപ്പെടുത്തിയതെന്ന് യാദിതി പറയുന്നു. അക്കൗണ്ടിൽ നിന്ന് 4,586 പൗണ്ട് ഈടാക്കിയാതായി സ്ഥിരീകരിച്ചു കൊണ്ടുള്ള ബാങ്ക് അറിയിപ്പായിരുന്നു അവർക്ക് ലഭിച്ചത്.
പണം നഷ്ടമായതോടെ കാർ പാർക്കിംഗ് ഏരിയ ഉൾപ്പെട്ട ഷോപ്പിംഗ് സെന്‍ററിന്‍റെ മാനേജരെ ബന്ധപ്പെടാൻ അവർ തീരുമാനിച്ചു. പക്ഷേ, അതിന് അവര്‍ക്ക് തൊട്ടടുത്ത തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവന്നു. ചാർജിങ് മെഷീന്‍റെ തകരാറാണ് പിഴവിന് കാരണമെന്ന് മാനേജർ സമ്മതിച്ചു. മൂന്ന് പ്രവർത്തി ദിവസത്തിനുള്ളിൽ പണം തിരികെ അക്കൗണ്ടിൽ കയറാനുള്ള ക്രമീകരണങ്ങൾ നടത്താമെന്നും അദ്ദേഹം ഉറപ്പ് നൽകി. എന്നാൽ, സംഭവം നടന്ന് മൂന്നാഴ്ചകൾ കഴിഞ്ഞിട്ടും അവർക്ക് പണം തിരികെ ലഭിച്ചില്ല. ഒടുവിൽ ബിബിസിയുടെ ഒരു ഉപഭോക്തൃ അവകാശ പരിപാടിയായിൽ പങ്കെടുത്ത യാദിതി കാവ തന്‍റെ പ്രശ്നം പങ്കുവെച്ചു. സംഭവം മാധ്യമശ്രദ്ധ നേടിയതോടെ തൊട്ടടുത്ത ദിവസം തന്നെ മുഴുവൻ പണവും തനിക്ക് തിരികെ ലഭിച്ചുനവെന്നാണ് ഇവർ പറയുന്നത്.