
ഇന്ത്യയിലാണെങ്കിലും പുറത്താണെങ്കിലും ഇന്ന് പലരും പങ്കുവയ്ക്കുന്ന ആശങ്കയാണ് ശമ്പളം തികയുന്നില്ല എന്നത്. ജീവിതച്ചെലവ് വച്ച് നോക്കുമ്പോൾ ഒന്നിനും തികയാത്ത അവസ്ഥ. എന്തായാലും, ലണ്ടനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ യുവതി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ലിങ്ക്ഡ്ഇന്നിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.
തരുണ വിനായാക്യ എന്ന യുവതിയാണ് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റിട്ടിരിക്കുന്നത്. അതിൽ പറയുന്നത് തനിക്ക് അഞ്ച് ദിവസം ഓഫീസിൽ പോയി ജോലി ചെയ്യുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ് എന്നാണ്. ലണ്ടനിലെ യാത്രാച്ചെലവ് വളരെ കൂടുതലാണ് എന്നും അത്രയും പണം ചെലവഴിച്ചുകൊണ്ട് ദിവസേന ഓഫീസിൽ പോയി വരിക എന്നത് നടക്കില്ല എന്നുമാണ് തരുണ പറയുന്നത്.
ഒപ്പം ജീവിതച്ചെലവ് കൂടി വരുന്നതിനെ കുറിച്ചും അവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ലെഗോ ഗ്രൂപ്പിന്റെ ഗ്ലോബൽ ഇൻഫ്ലുവൻസർ സ്ട്രാറ്റജി മാനേജറായിട്ടാണ് തരുണ ജോലി ചെയ്യുന്നത്. ജീവിതച്ചെലവ് കൂടുന്നത് കൊണ്ടാണ് ഓഫീസിൽ പോയി ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാകുന്നത് എന്നാണ് തരുണ പറയുന്നത്.
നല്ലൊരു ജോലി ഉണ്ടെങ്കിൽ പോലും ഓരോ തവണയും ബില്ലടയ്ക്കാൻ താൻ കഷ്ടപ്പെടുകയാണ്. മിക്കവാറും ഒരിക്കലും തനിക്ക് സ്വന്തമായി ഒരു വീടുണ്ടാകുമെന്ന് തോന്നുന്നില്ല എന്നും അവൾ പറയുന്നു. താൻ എന്തിനാണ് കുറച്ച് വീഡിയോ കോളുകൾ ചെയ്യാൻ വേണ്ടി മാത്രം ഇത്രയധികം പണം ചെലവഴിച്ച് ഓഫീസിൽ പോയിരിക്കുന്നത് എന്നാണ് അവൾ ചോദിക്കുന്നത്. അത് വീട്ടിലിരുന്നായാലും ചെയ്യാമല്ലോ എന്നും അവൾ ചോദിക്കുന്നു. ഒപ്പം നേരത്തേയുള്ളവർക്ക് കിട്ടുന്ന സൗകര്യങ്ങളെ കുറിച്ചും അവൾ പറയുന്നുണ്ട്.
നിരവധിപ്പേരാണ് തരുണയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അവളോട് യോജിക്കുന്നു എന്നാണ് മിക്കവരും പറഞ്ഞത്. ഈ ധൈര്യം എപ്പോഴും കാണിക്കണം എന്നും അവരവർക്ക് തന്നെയാണ് പ്രാധാന്യം നൽകേണ്ടത് എന്നും പലരും അഭിപ്രായപ്പെട്ടു.