
ജോലി സമ്മർദ്ദങ്ങൾക്കിടയിലും ജീവനക്കാരുടെ കുടുംബത്തിന് മുൻഗണന നൽകുന്ന ഒരു യുവ സംരംഭകൻ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സോഷ്യൽ മീഡിയ ഗ്രോത്ത് കമ്പനിയായ 'ബിംഗെ ലാബ്‌സിന്‍റെ' കോ-ഫൗണ്ടർ ദിവ്യ അഗർവാളാണ് തന്‍റെ ടീമിലെ ഒരു ജീവനക്കാരിക്ക് പ്രതിസന്ധി ഘട്ടത്തിൽ തുണയായത്. രോഗബാധിതയായ അമ്മയെ പരിചരിക്കാൻ ഒരു മാസം അവധി ചോദിച്ച ജീവനക്കാരിയോട്, യാതൊരു നിബന്ധനകളും കൂടാതെ ശമ്പളത്തോടുള്ള അവധി നൽകാനാണ് ദിവ്യ തീരുമാനിച്ചത്.
എന്നാൽ, ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ, വൈകുന്നേരങ്ങളിൽ ജോലി ചെയ്യാമെന്നും ഫോൺ കോളുകൾക്ക് മറുപടി നൽകാമെന്നും ആ ജീവനക്കാരി അവരെ അറിയിച്ചു. പക്ഷേ, ഈ നിർദ്ദേശങ്ങളെല്ലാം നിരസിച്ച ദിവ്യ അഗർവാൾ, ജോലിഭാരം ടീമിലെ മറ്റുള്ളവർക്കിടയിൽ വീതിച്ചു നൽകുകയും അവരോട് പൂർണ്ണമായും അമ്മയെ പരിചരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതുമൂലം കമ്പനിയുടെ രണ്ട് പ്രോജക്റ്റുകൾ വൈകിയെങ്കിലും, മാനുഷിക മൂല്യങ്ങൾക്കാണ് അവർ മുൻഗണന നൽകിയത്. അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജീവനക്കാരി ഇരട്ടി ഊർജ്ജത്തോടും ആത്മാർത്ഥതയോടും കൂടി ജോലിയിൽ പ്രവേശിച്ചതായും മികച്ച ഫലം നൽകുന്നതായും ദിവ്യ അഗർവാൾ ലിങ്ക്ഡ്ഇന്നിൽ കുറിച്ചു.
"കുടുംബത്തിന് പ്രാധാന്യം നൽകിയാൽ ജോലി മികച്ചതാകും" എന്ന അവരുടെ നിലപാടിനെ സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രശംസകൾ കൊണ്ട് മൂടുകയാണ്. ദിവ്യയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. "പരസ്യ-മാധ്യമ രംഗത്ത് അധിക സമയം ജോലി ചെയ്യുന്നതിനെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഇക്കാലത്ത് ഇത്തരം തീരുമാനങ്ങൾ വേറിട്ടുനിൽക്കുന്നു," എന്ന് ഒരു ഉപഭോക്താവ് കുറിച്ചു. "സ്ഥാപനത്തിന്‍റെ സംസ്‌കാരം എന്നത് പരസ്യ വാചകങ്ങളിലല്ല, മറിച്ച് ഇത്തരം തീരുമാനങ്ങളിലാണ് പ്രകടമാകുന്നത്" എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. ജീവനക്കാർക്ക് അർഹമായ പിന്തുണ നൽകിയാൽ അത് അവരുടെ കാര്യക്ഷമതയും സ്ഥാപനത്തോടുള്ള കൂറും വർദ്ധിപ്പിക്കുമെന്ന വലിയ പാഠമാണ് ഈ സംഭവം നൽകുന്നതെന്നും ചിലർ കുറിച്ചു.