
പ്രണയത്തിനും വിവാഹത്തിനും രാജ്യങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരായ പലരും ഇപ്പോൾ വിദേശത്ത് നിന്നും വിവാഹം കഴിക്കുകയും വിദേശത്ത് തന്നെ ജീവിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതുപോലെ, ഇന്ത്യക്കാരായ മാതാപിതാക്കൾ തങ്ങളുടെ മകന്റെ അമേരിക്കൻ വധുവിനെ സ്നേഹത്തോടെ സ്വീകരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജമ്മുവിൽ നിന്നുള്ള അതുലിൽ എന്ന യുവാവിന്റെയും പങ്കാളിയായ അമേരിക്കയിൽ നിന്നുള്ള ക്ലെയറിന്റെയും ജോയിന്റ് സോഷ്യൽ മീഡിയാ അക്കൗണ്ടിലാണ് ഈ മനോഹരമായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ സംസ്കാരം മനസിലാക്കുന്നതും ഇന്ത്യൻ ഭക്ഷണം കഴിക്കുന്നതും പരമ്പരാഗതമായ ആചാരങ്ങളുടെ ഭാഗമാകുന്നതും എല്ലാം ഇവർ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നുണ്ട്. ഈ വീഡിയോയിൽ, 'എന്റെ അമേരിക്കൻ ഗേൾഫ്രണ്ട് എന്റെ ഇന്ത്യൻ കുടുംബത്തെ കാണുന്നു' എന്ന് കുറിച്ചിരിക്കുന്നത് കാണാം.
അതുലും ക്ലെയറും എത്തുമ്പോൾ കുടുംബം വളരെ സന്തോഷത്തോടെ അവരെ സ്വീകരിക്കുന്നത് കാണാം. അവർക്കിരുവർക്കും കുങ്കുമം തൊട്ടു കൊടുക്കുന്നതും ക്ലെയറിനെ ഷാൾ അണിയിക്കുന്നതും ഇരുവരുടേയും മേൽ പൂക്കളെറിയുന്നതും എല്ലാം വീഡിയോയിൽ വ്യക്തമാണ്. വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് ക്ലെയറിനെ അതുലിന്റെ കുടുംബം സ്വീകരിക്കുന്നത്.
നിരവധിപ്പേർ അതുലും ക്ലെയറും ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോ കാണുകയും അതിന് കമന്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. 'ഹൃദയസ്പർശിയായ വീഡിയോ' എന്ന് ആളുകൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത് കാണാം.
'ഇന്ത്യയിലേക്ക് സ്വാഗതം' എന്നും ക്ലെയറിനോട് ആളുകൾ വീഡിയോയുടെ കമന്റുകളിൽ പറയുന്നുണ്ട് . മറ്റ് ചിലർ ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
എങ്ങനെയൊക്കെയാണ് ആളുകൾ അതിരുകൾ ഭേദിച്ചുകൊണ്ട് ആളുകളെ സ്നേഹിക്കാനും സ്വീകരിക്കാനും തയ്യാറാവുന്നത് എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.