
നമ്മുടെ ഹൃദയത്തെ ആർദ്രമാക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിലൂടെ നമുക്ക് മുന്നിലെത്താറുണ്ട്. അതുപോലെ, ഇന്ത്യക്കാരനായ ഒരു യുവാവിന് തന്റെ സഹോദരനോടുള്ള അതിരില്ലാത്ത സ്നേഹത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.
സെറിബ്രൽ പാൾസി ബാധിച്ച തന്റെ സഹോദരനുമായി മലേഷ്യയിലെ ബട്ടു ഗുഹ സന്ദർശിക്കുന്ന വീഡിയോയാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്. സിംഗപ്പൂരിൽ താമസിക്കുന്ന യുവാവ് തൈപ്പൂയം ആഘോഷിക്കാൻ വേണ്ടിയാണ് സഹോദരനുമായി ബട്ടു ഗുഹയിലെത്തിയത്. തൈപ്പൂയക്കാവടി ആഘോഷിക്കുന്ന ക്ഷേത്രം മലേഷ്യയിലെ ബട്ടു ഗുഹയിലുണ്ട്. 'തൈപൂയകാവടിയാട്ടമുള്ള മലേഷ്യൻ ക്ഷേത്രം' എന്ന രീതിയിൽ വലിയ പ്രശസ്തിയുള്ള ക്ഷേത്രമാണ് ഇവിടുത്തേത്.
ഇവിടേക്കാണ് സുരേഷ് വനസ് എന്ന യുവാവ് തന്റെ സഹോദരനെയും എടുത്തുകൊണ്ട് എത്തിയത്. ഇത്തവണ തൈപ്പൂയത്തിന് കാവടിയെടുക്കുന്നതിന് പകരം തന്റെ പ്രിയപ്പെട്ട സഹോദരനുമായി മലേഷ്യയിലേക്ക് യാത്ര ചെയ്യാനാണ് സുരേഷ് തീരുമാനിച്ചത്.
സഹോദരനെയും എടുത്തുകൊണ്ട് സുരേഷ് ഇവിടെ സന്ദർശനം നടത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കാവടിയെടുക്കുന്നത് ശീലമാക്കിയ സുരേഷ് പറയുന്നത്, ഇപ്പോൾ താൻ തന്റെ സഹോദരനെയാണ് എടുക്കുന്നത് എന്നാണ്. അതുവഴി ആ ആഘോഷങ്ങളിൽ സഹോദരനെയും പങ്കാളിയാക്കുകയാണ് സുരേഷ്.
ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്ന വീഡിയോയിൽ സഹോദരന്മാരുടെ സ്നേഹം വ്യക്തമാണ്. സുരേഷിന്റെ സഹോദരൻ യാത്ര ആസ്വദിക്കുന്നതും അവന്റെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടരുന്നതും വീഡിയോയിൽ കാണാം.
ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. നിങ്ങൾ രണ്ടുപേരും ഭാഗ്യം ചെയ്തവരാണ് എന്ന് കമന്റ് നൽകിയവരുണ്ട്. സുരേഷിന്റെ സഹോദരന്റെ മുഖത്തുള്ള പുഞ്ചിരി വില മതിക്കാനാവാത്തതാണ് എന്ന് കമന്റുകൾ നൽകിയവരും ഒരുപാടുണ്ട്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയിരിക്കുന്നത്.