
കൊറിയയിൽ നിന്നെത്തിയ വിനോദസഞ്ചാരിയായ യുവതിയെ കെട്ടിപ്പിടിച്ച് ഇന്ത്യൻ യുവാവ്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം. 'ഇന്ത്യക്കാർ നിങ്ങളോട് മാപ്പ് പറയുന്നു' എന്നാണ് വീഡിയോയ്ക്ക് അനേകങ്ങൾ കമന്റ് നൽകിയിരിക്കുന്നത്. jaystreazy എന്ന യൂസറാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് കൊറിയയിൽ നിന്നെത്തിയ രണ്ട് യുവതികളും ഇന്ത്യക്കാരനായ ഒരു യുവാവും തമ്മിലുള്ള സംഭാഷണമാണ്. ഇന്ത്യാ ഗേറ്റിന് മുന്നിൽ വച്ചാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഇവിടെ വച്ചാണ് യുവാവ് കൊറിയയിൽ നിന്നെത്തിയ യുവതികളുടെ അടുത്തേക്ക് പോകുന്നത്.
യുവാവ് തന്റെ കൈ മുഷ്ടി ചുരുട്ടി 'ഒരു പഞ്ച് തരുമോ' എന്ന് ചോദിക്കുന്നുണ്ട്. യുവാവിന്റെ ആഗ്രഹമാണത്രെ ഇത്. യുവതിക്ക് കാര്യം മനസിലാവുന്നില്ല. ഒടുവിൽ മനസിലാകുമ്പോൾ അവർ കൈ ചുരുട്ടി യുവാവിന്റെ കയ്യിൽ ഇടിക്കുന്നത് കാണാം. 'ഇത് പഞ്ചല്ല ഫിസ്റ്റ് ബമ്പാണ്' എന്നും യുവതി പറയുന്നത് കാണാം. അടുത്തതായി യുവാവ് പറയുന്നത് തനിക്ക് മറ്റൊരു ആഗ്രഹം കൂടി ഉണ്ട് എന്നാണ്. അത് അവരെ കെട്ടിപ്പിടിക്കണം എന്നാണെന്ന് യുവാവ് പറയുന്നു. യുവതികൾ അമ്പരന്നു പോകുന്നത് കാണാം.
അവസാനം ഒരു യുവതി യുവാവിനെ കെട്ടിപ്പിടിക്കാൻ തയ്യാറാവുന്നു. അവർ യുവാവിനെ കെട്ടിപ്പിടിക്കുന്നുണ്ടെങ്കിലും ഒട്ടും കംഫർട്ടബിൾ അല്ലാത്ത രീതിയിലാണ് അത് ചെയ്യുന്നത് എന്നും വീഡിയോയിൽ കാണാം. യുവാവ് യുവതിയോട് 'നിങ്ങൾ വളരെ ക്യൂട്ടാണ്, ഐലൗയൂ' എന്ന് പറയുന്നതും വീഡിയോയിൽ കാണാം. യുവതിയും ഒന്നും മനസിലാവാതെ 'ഐലൗയു ടൂ' എന്ന് പറയുന്നത് കാണാം.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. അനേകങ്ങളാണ് യുവാവിന്റെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നത്. 'പൗരബോധം ഒട്ടുമില്ലേ' എന്നാണ് പലരും ചോദിച്ചത്. അതുപോലെ 'ഇന്ത്യക്കാർ ഇയാൾക്ക് വേണ്ടി മാപ്പ് പറയുന്നു' എന്നും അനേകങ്ങൾ വീഡിയോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്.