
സീമയും സച്ചിനും, അഞ്ജുവും നസ്‌റുല്ലയും തമ്മിലുള്ള അതിരുകൾ ഭേദിച്ചുള്ള ബന്ധം വലിയ പ്രശ്നങ്ങളും ചർച്ചയും പൊല്ലാപ്പും ഒക്കെ ഉണ്ടാക്കിയതിന് പിന്നാലെ ഇപ്പോൾ വാർത്തയാവുന്നത് ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശുകാരിയും തമ്മിലുള്ള പ്രണയമാണ്.
ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ള അജയ്, ബംഗ്ലാദേശി യുവതിയായ ജൂലിയെ വിവാഹം കഴിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. 2017 -ലാണ് അജയ് ബംഗ്ലാദേശുകാരിയായ ജൂലിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ജൂലിയുടെ ഭർത്താവ് 2022 -ൽ മരിച്ചു. പിന്നാലെ മൊറാദാബാദിൽ വച്ച് ഹിന്ദു മതാചാരപ്രകാരം അജയ് ജൂലിയെ വിവാഹം കഴിച്ചു. കുറച്ച് നാൾ അജയ് കർണാടകയിൽ ജോലി നോക്കി. എന്നാൽ, ജൂലിയും തന്റെ അമ്മയും തമ്മിൽ വഴക്ക് നടക്കുന്നു എന്ന് അറിഞ്ഞതിനാൽ അവിടെ നിന്നും വളരെ പെട്ടെന്ന് തന്നെ തിരികെ എത്തി.
ജൂലി അപ്പോഴേക്കും പോയിരുന്നു. അതിന്റെ ദേഷ്യത്തിൽ അജയ് അമ്മയുമായി വഴക്കിട്ടു. വഴക്കിന് പിന്നാലെ അമ്മ അജയ്‍യോട് അവിടെ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു. പിന്നാലെ ബംഗ്ലാദേശിലേക്ക് പോകുന്നു എന്നും പറഞ്ഞാണ് അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയത്.
ഫോൺ മോഷ്ടിച്ച കള്ളനുമായി യുവതി പ്രണയത്തിലായി, പ്രണയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായി !
അജയ്‍യുടേയും ജൂലിയുടേയും പ്രണയകഥ പുറത്ത് വന്നത് യുവാവിന്റെ അമ്മ ഉത്തർ പ്രദേശ് പൊലീസിനെ സമീപിച്ചതോടെയാണ്. ബംഗ്ലാദേശിലേക്ക് പോയ തന്റെ മകനെ തിരികെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടാണ് അവന്റെ അമ്മ പൊലീസിനെ സമീപിച്ചത്. തനിക്ക് അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു ചിത്രം അയച്ചുകിട്ടി എന്നും അതിൽ പരിക്കേറ്റ നിലയിൽ അജയ്‍യെ കണ്ടു എന്നുമാണ് അവന്റെ അമ്മ ആരോപിച്ചത്.
എന്നാൽ, അടുത്തിടെ മൊറാദാബാദിലേക്ക് തിരികെ എത്തിയ അജയ് പൊലീസിനോട് പറഞ്ഞത്, താൻ ഒരിക്കലും ബംഗ്ലാദേശിലേക്ക് പോയിട്ടില്ല എന്നാണ്. പകരം വെസ്റ്റ് ബംഗാൾ അതിർത്തിയിൽ വാടകയ്ക്കെടുത്ത ഒരു വീട്ടിൽ കഴിയുകയായിരുന്നു എന്നും അജയ് പറഞ്ഞു. പരിക്കേറ്റ ഫോട്ടോയെ കുറിച്ച് പൊലീസ് ചോദിച്ചപ്പോൾ അത് ബംഗാളിലെ വലിയ മഴയ്‍ക്ക് വീണതാണ് എന്നാണ് അജയ് പറഞ്ഞത്. ചിലരോട് അജയ് ബംഗ്ലാദേശിലായിരുന്നു എന്നും മറ്റ് ചിലരോട് ബംഗാളിലായിരുന്നു എന്നുമാണ് പറഞ്ഞത്.
നേരത്തെ പൊലീസ് അന്വേഷണത്തിൽ ബംഗ്ലാദേശിലേക്ക് പോയതായി അജയ് സമ്മതിച്ചിരുന്നു എന്നാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഏതായാലും പൊലീസ് അജയ്‍യെ നിരീക്ഷിക്കുന്നുണ്ട്.