
ലോകത്തെവിടെയും ആളുകൾക്കിടയിൽ വിവേചനം നിലനിൽക്കുന്നുണ്ട്. അതിൽ ഒന്ന് തന്നെയാണ് വംശീയ വിവേചനവും. ഇന്ത്യക്കാർക്കും ഇതിൽ നിന്നും രക്ഷയില്ല. വിദേശരാജ്യങ്ങളിൽ ചിലരെങ്കിലും ഇത്തരം അപമാനിക്കപ്പെടലിന്, മനുഷ്യാവകാശലംഘനത്തിന് വിധേയരാകാൻ നിർബന്ധിക്കപ്പെടുന്നുണ്ടാകും. അത്തരത്തിലുള്ള അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായി തീരുന്നത്.
അമേരിക്കയിൽ വച്ചാണ് ഇന്ത്യക്കാരനായ യുവാവിന് നേരെ വംശീയാധിക്ഷേപം ഉണ്ടായിരിക്കുന്നത്. പാർക്കിംഗ് ഏരിയ പോലെ ഒരു സ്ഥലത്ത് വച്ച് അമേരിക്കക്കാരനായ യുവാവ് തന്നെയാണ് വീഡിയോ പകർത്തിയിരിക്കുന്നതും.
Abrahamic Lincoln എന്ന എക്സ് അക്കൗണ്ടിലാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ, പാർക്കിംഗ് ഏരിയ പോലെ തോന്നിക്കുന്ന സ്ഥലത്തുവച്ച് ഇന്ത്യക്കാരനെ ഇയാൾ അധിക്ഷേപിക്കുന്നത് കാണാം. യാതൊരു പ്രകോപനവുമില്ലാതെ തന്നെയാണ് ഇയാൾ ഇത് ചെയ്യുന്നത്.
'നിങ്ങൾ എന്തിനാണ് എന്റെ രാജ്യത്ത് വന്നത്? എന്തിനാണ് ഇവിടെ വന്നത്? എന്തിനാണ് അമേരിക്കയിൽ വന്നത്? നിങ്ങൾ ഇവിടേക്ക് വരുന്നത് എനിക്ക് ഇഷ്ടമല്ല. നിങ്ങൾ ധാരാളം പേരുണ്ട് ഇവിടെ' എന്നാണ് അയാൾ ദേഷ്യത്തോടെ പറയുന്നത്. 'ഇന്ത്യക്കാരേ, നിങ്ങൾ എല്ലാ വെള്ളക്കാരായ ആളുകളുടേയും രാജ്യങ്ങളിലേക്കും ഒഴുകുകയാണ്, ഞങ്ങൾക്ക് ഇത് മടുത്തുകഴിഞ്ഞു. നിങ്ങൾ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് ഇയാൾ പറയുന്നത്.
അതേസമയം ഈ നേരത്തെല്ലാം ഇന്ത്യക്കാരനായ യുവാവ് ശാന്തതോയടെയാണ് നിൽക്കുന്നത്. അയാൾ സംയമനം പാലിച്ചുകൊണ്ടാണ് ഇതിനെയെല്ലാം നേരിട്ടത്. അയാൾ പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് ഉയർന്നത്. വംശീയാധിക്ഷേപത്തിനും വിവേചനത്തിനുമെതിരെ ചർച്ചകളുയരാനും ഇത് കാരണമായി. അതേസമയം യുവാവ് സംയമനത്തോടെ ഇടപെട്ടതും ചർച്ചകൾക്ക് കാരണമായി.