
25 -ാമത്തെ വയസിൽ സ്വന്തം കാശ് കൊണ്ട് റേഞ്ച് റോവർ വാങ്ങി എന്ന് യുവാവിന്റെ പോസ്റ്റ്. എന്നാൽ, അച്ഛന്റെ കാശ് കൊണ്ടാണ് യുവാവ് വാഹനം വാങ്ങിയതെന്ന് കണ്ടെത്തിയതോടെ വൻ വിമർശനം. റെഡ്ഡിറ്റിലാണ് യുവാവ് പോസ്റ്റിട്ടത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ഒരാൾ കാറിന്റെ നമ്പർ നോക്കി സത്യം തിരഞ്ഞിറങ്ങുകയായിരുന്നു. ഈ ഫാക്ട് ചെക്ക് ഇപ്പോൾ എക്സിൽ (ട്വിറ്ററിൽ) വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
റെഡ്ഡിറ്റ് ഫോറമായ ‘Indian_flex’ ലെ ഒരു പോസ്റ്റിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. Slushiii11 എന്ന യൂസർ ഒരു റേഞ്ച് റോവറിന് സമീപത്ത് നിന്നും പോസ് ചെയ്യുന്ന ഒരു ഫോട്ടോ ഷെയർ ചെയ്യുകയായിരുന്നു. അയാൾ സ്വന്തം മുഖവും ലൈസൻസ് പ്ലേറ്റിന്റെ ആദ്യത്തെ കുറച്ച് അക്ഷരങ്ങളും ബ്ലർ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ, ലൈസൻസ് പ്ലേറ്റിലെ അവസാനത്തെ നാല് അക്കങ്ങളായ - 0011 - ചിത്രത്തിൽ വ്യക്തമായിരുന്നു.
'ഞാൻ എന്റെ സ്വന്തം കാശ് കൊണ്ടാണ് കാർ വാങ്ങിയത് എന്നും യുവാവ് പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. 25 -ാം വയസ്സിൽ ആദ്യത്തെ കാർ വാങ്ങി. ലിവിങ് ലൈഫ് ബിഗ് സൈസ്' എന്നായിരുന്നു പോസ്റ്റിന്റെ കാപ്ഷൻ.
എന്നാൽ, SureSplit എന്ന റെഡ്ഡിറ്റർ ഇതിന്റെ പിന്നിൽ കുറച്ചുകൂടി അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. അഭിഭാഷകനാണെന്ന് അവകാശപ്പെടുന്ന ഇയാൾ, അന്വേഷണത്തിൽ കാർ നവി മുംബൈ/ഗൻസോളിയിലുള്ള ബിൽഡറും രാഷ്ട്രീയക്കാരനുമായ ഒരാളുടേതാണ് എന്ന് കണ്ടെത്തുകയായിരുന്നു.
പിന്നാലെ, ഇയാൾ ഈ കാർ യുവാവ് സ്വന്തം കാശ് കൊണ്ട് വാങ്ങിയതല്ല എന്ന് കാണിച്ചുകൊണ്ട് പോസ്റ്റും ഇട്ടു. ഇത് നിങ്ങളുടെ പിതാവിന്റെ കാശാണ്. വേണമെങ്കിൽ ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ അടക്കമുള്ള എല്ലാ വിവരങ്ങളും നൽകാം. നിങ്ങളുടെ സ്വകാര്യത മാനിച്ചാണ് അത് ചെയ്യാത്തത് എന്നും ഇയാൾ തന്റെ പോസ്റ്റിൽ വ്യക്തമാക്കി. ഇത് നിങ്ങളുടെ അച്ഛന്റെ പണമാണ്. അല്ലെങ്കിൽ പൊതുജനങ്ങളിൽ നിന്നും മോഷ്ടിച്ച ബ്ലാക്ക് മണി ആയിരിക്കാം എന്നും ഇയാൾ പറയുന്നു.
എന്നാൽ, യുവാവിനെ വിമർശിച്ചു വരുന്ന കമന്റുകൾക്ക് അയാൾ മറുപടി നൽകുന്നുണ്ട്. ഇത് തന്റെ പണം കൊണ്ട് തന്നെ വാങ്ങിയ കാറാണ് എന്നും വിളിച്ചാൽ കൂടുതൽ വിശദീകരണം നൽകാം എന്നും യുവാവ് പറഞ്ഞു.