9 കോടി സമ്പാദ്യം, 2.9 കോടി ശമ്പളം, 12 വർഷത്തെ യുഎസ് ജീവിതം; എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക്, കാരണമുണ്ട്

Published : Feb 19, 2026, 08:32 AM IST
NewYork

Synopsis

12 വർഷത്തെ യുഎസ് ജീവിതത്തിന് ശേഷം ഉയർന്ന ശമ്പളവും സമ്പാദ്യവുമുണ്ടായിട്ടും ഒരു ഇന്ത്യക്കാരൻ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനായി എടുത്ത തീരുമാനത്തെ കുറിച്ചുള്ള കുറിപ്പ് റെഡ്ഡിറ്റിൽ  വലിയ ചർച്ചയായി.

 

യുഎസ് പ്രസിഡന്‍റ് ഡേണൾഡ് ട്രംപ് ഇന്ത്യക്കാരടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഇന്നും യുഎസിലേക്ക് പോകാനുള്ള ശ്രമങ്ങൾ ഇന്ത്യൻ യുവാക്കളിൽ സജീവമാണ്. അതേസമയം 12 വർഷത്തോളം ജോലി ചെയ്ത യുഎസിൽ നിന്നും ഒരു ഇന്ത്യക്കാരൻ തിരികെ നാട്ടിലേക്ക് വരാനുള്ള ശ്രമത്തിലാണെന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. 36 -ാം വയസിൽ യുഎസിൽ സ്വന്തം വീട്, പ്രതിവർഷം ഏകദേശം 3,20,000 ഡോളർ ശമ്പളം (ഏകദേശം 2.9 കോടി രൂപ) ഇത്രയൊക്കെ ഉണ്ടായിട്ടും യുഎസ് വിട്ട് ഇന്ത്യയിലേക്ക് വരികയാണെന്ന യുവാവിന്‍റെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായത്.

റെഡിറ്റ് കുറിപ്പ്

"12 വർഷത്തിലധികം യുഎസിൽ ജീവിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നു. ഞാൻ ശരിയായ തീരുമാനമാണോ എടുക്കുന്നത്?" എന്ന തലക്കെട്ടോടെയുള്ള റെഡ്ഡിറ്റ് പോസ്റ്റിൽ, ഒരു ഇന്‍റേണൽ ജോലി ട്രാൻസ്ഫറിനെ തുടർന്ന് താനും ഭാര്യയും അഞ്ച് പേരടങ്ങുന്ന കുടുംബത്തെ ഈ ജൂണിൽ നവി മുംബൈയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി യുവാവ് കുറിച്ചു. യുഎസിൽ തനിക്ക് പ്രതിവർഷം ഏകദേശം 3,20,000 ഡോളർ ശമ്പളം ലഭിക്കുമെന്നും, മോർട്ട്ഗേജ് രഹിത വീട് ഉൾപ്പെടെ 1 മില്യൺ ഡോളറിൽ (ഏതാണ്ട് 9 കോടിയിൽ അധികം) കൂടുതൽ ആസ്തി ഉണ്ടെന്നും അദ്ദേഹം എഴുതുന്നു. 6 നും 9 നും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളുമുണ്ട്. എല്ലാവരും യുഎസ് പൗരന്മാർ. ഒപ്പം തന്‍റെ ഇന്ത്യൻ ജോലി വാഗ്ദാനം പ്രതിവർഷം 1.5 കോടി രൂപയുടെ പാക്കേജാണെന്നും അദ്ദേഹം എഴുതി.

 

 

കുടുംബത്തോട് അടുപ്പം

ഇത്രയൊക്കെ ഉണ്ടായിട്ടും കുടുംബത്തോടുള്ള അടുപ്പമാണ് തന്നെ ഇത്തരമൊരു കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. തന്‍റെ അച്ഛനും അമ്മയും ഹൈദരാബാദിലാണ് താമസിക്കുന്നത്, തങ്ങളുടെ കുട്ടികൾ മുത്തശ്ശനും മുത്തശ്ശിയ്കും ബന്ധുക്കൾക്കും ഒപ്പം വളരാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇത്രയും സമ്പാദ്യവും ശമ്പളവും സ്വന്തം വീടും ഉപേക്ഷിക്കുന്നത് കഠിനമായ വലിയൊരു മാറ്റമാണെന്നും അദ്ദേഹം എഴുതി.

തീരുമാനം ശരിയോ?

തന്‍റെ ജീവിതശൈലിയിൽ ഇന്ത്യൻ പാക്കേജ് യുഎസ് വരുമാനവുമായി താരതമ്യപ്പെടുത്താമോ, യുഎസിൽ ജനിച്ച കുട്ടികൾ സാധാരണയായി ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസവുമായി എങ്ങനെ പൊരുത്തപ്പെടുന്നു, തീരുമാനം ഏകപക്ഷീയമായി കാണണോ അതോ ഒരു അപ്ഗ്രേഡായി കരുതാമോ അതുമല്ല കുടുംബത്തിനായുള്ള ഒരു ത്യാഗമാണോ എന്ന് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം തന്‍റെ കുറിപ്പിൽ ഉന്നയിച്ചു.

പ്രതികരിച്ച് നെറ്റിസെന്‍സ്

വളരെ പെട്ടെന്ന് തന്നെ കുറിപ്പ് ശ്രദ്ധ നേടി. നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. പലരും തീരുമാനത്തെ പിന്തുണച്ചു. മറ്റ് ചിലർ രണ്ടാമതൊന്ന് കൂടി ആലോചിക്കാൻ ഉപദേശിച്ചു. മറ്റ് ചിലർ ഹൈദരാബദ് ഇന്ത്യയിൽ ജീവിക്കാൻ പറ്റിയ നഗരങ്ങളിലൊന്നാണെന്ന് എഴുതി. 1.5 കോടി രൂപ ഇന്ത്യയിൽ ജീവിക്കാൻ. പ്രത്യേകിച്ചും ഹൈദരാബാദിൽ ജീവിക്കാൻ വലിയൊരു തുക തന്നെയാണെന്നും തീരുമാനത്തിന്‍റെ ശരിതെറ്റുകൾ നിങ്ങളുടെ ജീവിതത്തെ ആശ്രയിച്ചിരിക്കുമെന്നും മറ്റ് ചിലർ കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'ആഹാ ഡോ​ഗേഷ് ഭായ് ഐഐടി വരെയെത്തിയോ?' ; ക്ലാസ്‍മുറിയിൽ ആത്മവിശ്വാസത്തോടെയുള്ള നിൽപ്പ് കണ്ടോ?
ജിപിഎസ് ചതിച്ചു: ആമസോണിന്‍റെ ഡെലിവറി വാൻ കുടുങ്ങിയത് ബ്രിട്ടനിലെ ഏറ്റവും അപകടം പിടിച്ച കടൽപ്പാതയിൽ