കാബ് ഡ്രൈവറായും അറവുശാലയിലും ജോലിനോക്കി, ഇന്ന് ഉഗാണ്ടയിലെ സമ്പന്നരുടെ പട്ടികയിലൊന്നാമനായി ഈ ഇന്ത്യന്‍വംശജന്‍

Published : Feb 02, 2022, 12:29 PM IST
കാബ് ഡ്രൈവറായും അറവുശാലയിലും ജോലിനോക്കി, ഇന്ന് ഉഗാണ്ടയിലെ സമ്പന്നരുടെ പട്ടികയിലൊന്നാമനായി ഈ ഇന്ത്യന്‍വംശജന്‍

Synopsis

തുച്ഛമായ തുകയിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ്സ് ഇന്ന് വളർന്ന് കോടിക്കണക്കിന് ആസക്തിയുള്ള ഒരു സംരംഭമായി മാറി. അതുകൊണ്ട് തന്നെ ഭാഗ്യവാനായ മനുഷ്യൻ (fortunate man) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 

ഇന്ത്യൻ വംശജരായ ആളുകൾ ലോകത്തിന്റെ പല കോണിലും ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഇപ്പോൾ ഉഗാണ്ട(Uganda)യിൽ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നതും ഒരു ഇന്ത്യൻ വംശജനാണ്. പേര് ഡോ. സുധീർ റുപാറേലിയ(Sudhir Ruparelia). ഗുജറാത്തിൽ വേരുകളുള്ള അദ്ദേഹത്തിന്റെ കുടുംബം നാല് തലമുറകളായി ഉഗാണ്ടയിലാണ് താമസിക്കുന്നത്. കിഴക്കൻ ആഫ്രിക്കയിലെ പ്രമുഖ വ്യവസായിയും, ഉഗാണ്ടയിലെ ശതകോടീശ്വരനുമായ സുധീറിന്റെ ആസ്തി 1.2 ബില്യൺ ഡോളറിലധികം വരും. റിച്ചെസ്റ്റ് ഉഗാണ്ടൻസ് 2021 എന്ന പേരിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലാണ് ഇതിനെ കുറിച്ചുളള വിവരങ്ങളുള്ളത്.

റുപാറേലിയ ഗ്രൂപ്പിന്റെ സ്ഥാപകനാണ് സുധീർ. 1972 -ൽ അന്നത്തെ ഉഗാണ്ടൻ ഏകാധിപതി ഇദി അമിൻ ഏഷ്യക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കിയപ്പോൾ റുപാറേലിയയുടെ കുടുംബം യുണൈറ്റഡ് കിംഗ്ഡത്തിൽ അഭയം തേടി. അഭ്യർത്ഥിയായ അദ്ദേഹവും കുടുംബവും എന്നാൽ ക്യാമ്പിൽ കഴിയാൻ താല്പര്യപ്പെട്ടില്ല. കൈയിൽ വെറും 500 പൗണ്ടുമായി അവർ തെരുവിലേക്ക് ഇറങ്ങി. ഒരു ജോലി നേടുക എന്നതായിരുന്നു ആദ്യത്തെ കാര്യം. അങ്ങനെ ഒരു സൂപ്പർ മാർക്കറ്റിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. 

17 -ാം വയസ്സിൽ ദിവസം പത്ത് മണിക്കൂറോളം ജോലി ചെയ്തു. പിന്നീട് കുറച്ച് സമ്പാദ്യമായപ്പോൾ, അവിടെ പഠിക്കാൻ ചേർന്നു. രാത്രികളിൽ ജോലി തുടർന്നു. "ഞാൻ പലപല ജോലികൾ ചെയ്തു. ചില സമയങ്ങളിൽ, എനിക്ക് ഒരേ സമയം മൂന്ന് ജോലികൾ ഉണ്ടായിരുന്നു. പകൽ സമയത്ത് ഞാൻ സ്കൂളിൽ പോകുമായിരുന്നു. വാരാന്ത്യത്തിൽ ടാക്സി ഓടിക്കും. രാത്രി ഷിഫ്റ്റിൽ സൂപ്പർമാർക്കറ്റിൽ ജോലിയ്ക്ക് പോകും. പണം സമ്പാദിക്കാനുള്ള ഒരു നെട്ടോട്ടമായിരുന്നു. എന്നാൽ, എന്റെ ഭാഗ്യത്തിന്, എനിക്ക് 20 വയസ്സുള്ളപ്പോൾ, ആദ്യത്തെ വീട് വാങ്ങാൻ സാധിച്ചു. ഞാൻ ഏകദേശം 5,000 പൗണ്ട് ലാഭിച്ചു. എനിക്ക് 12,000 പൗണ്ട് മോർട്ട്ഗേജ് ലഭിച്ചു. അങ്ങനെ ഒരു വീട് സ്വന്തമാക്കി" അദ്ദേഹം മുൻപ് ഒരു ആഫ്രിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.  

എന്നാൽ, കാലങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ആട്ടിയോടിച്ച അതേ രാജ്യത്തേക്ക് തന്നെ അദ്ദേഹം തിരികെ വന്നു, ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തി. 1985 -ലാണ് സുധീർ ഉഗാണ്ടയിൽ തിരിച്ചെത്തുന്നത്. അത്രയും കാലം അദ്ദേഹം സ്വരുക്കൂട്ടി വച്ചിരുന്ന സമ്പാദ്യമായ 25,000 ഡോളർ ഉപയോഗിച്ച് അദ്ദേഹം ഒരു കമ്പനി അവിടെ ആരംഭിച്ചു. അദ്ദേഹം ചരക്ക് വില്പനയും, ഉഗാണ്ടയിലെ ആദ്യത്തെ ഫോറിൻ എക്‌സ്‌ചേഞ്ച് ബ്യൂറോയും ആരംഭിച്ചു. ഉഗാണ്ടയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള റുപാറേലിയ ഗ്രൂപ്പിലേക്ക് പതിയെ ആ കമ്പനി പുരോഗമിച്ചു. ഇന്ന് ഉഗാണ്ടയിലെ ഏറ്റവും വലിയ സ്വകാര്യ സ്വത്ത് ഉടമയാണ് ഈ ഗ്രൂപ്പ്. അതിൽ 6,000 -ത്തിലധികം ആളുകൾ ജോലി ചെയ്യുന്നു. രാജ്യത്തെ നാലാമത്തെ വലിയ വാണിജ്യ ബാങ്കായ ക്രെയിൻ ബാങ്ക്, ഗോൾഡ്സ്റ്റാർ ഇൻഷുറൻസ്, ഹോട്ടലുകൾ, കൺട്രി ക്ലബ്ബുകൾ, രാജ്യത്തുടനീളമുള്ള ഫോറിൻ എക്‌സ്‌ചേഞ്ച് ബ്യൂറോകളുടെ ശൃംഖല എന്നിവയും റുപാറേലിയയുടെ ഉടമസ്ഥതയിലുണ്ട്.    

2013 -ൽ കമ്പാലയിലെ വിക്ടോറിയ യൂണിവേഴ്സിറ്റി അദ്ദേഹം ഏറ്റെടുത്തു. തുച്ഛമായ തുകയിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ്സ് ഇന്ന് വളർന്ന് കോടിക്കണക്കിന് ആസക്തിയുള്ള ഒരു സംരംഭമായി മാറി. അതുകൊണ്ട് തന്നെ ഭാഗ്യവാനായ മനുഷ്യൻ (fortunate man) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, പ്രക്ഷേപണം, ബാങ്കിംഗ്, ഇൻഷുറൻസ്, വിനോദം, ഹോസ്പിറ്റാലിറ്റി എന്നിവയാണ് സുധീറിന്റെ നിക്ഷേപക മേഖല. 17-ലധികം കമ്പനികൾ അദ്ദേഹത്തിന്റെ റുപാറേലിയ ഗ്രൂപ്പിന് കീഴിൽ ഉണ്ട്. ഉഗാണ്ടയിലെ ആദ്യത്തെ ശതകോടീശ്വരനായി ഒരിക്കൽ ഫോർബ്‌സ് ഈ 63 -കാരനെ തെരഞ്ഞെടുത്തിരുന്നു. 

എന്നാൽ, 2016 ഒക്ടോബറിൽ, ഉഗാണ്ടയിലെ എല്ലാ ബാങ്കുകളെയും നിയന്ത്രിക്കുന്ന ബാങ്ക് ഓഫ് ഉഗാണ്ട, മൂലധനം കുറവായതിനാൽ റുപാറേലിയ ഗ്രൂപ്പിന്റെ ഏറ്റവും വലിയ അനുബന്ധ സ്ഥാപനമായ ക്രെയിൻ ബാങ്കിന്റെ ഭരണം ഏറ്റെടുക്കുകയുണ്ടായി. അതിന് പുറമെ കൊവിഡ് 19 അദ്ദേഹത്തിന്റെ ബിസിനസിനെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പക്ഷെ ഒന്നാം സ്ഥാനം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു. കാബ് ഡ്രൈവറായും, ഫാക്ടറി, സൂപ്പർമാർക്കറ്റ്, അറവുശാല എന്നിവിടങ്ങളിൽ തൊഴിലാളിയായും ജീവിതം ആരംഭിച്ച അദ്ദേഹം സ്ഥിരോത്സാഹവും, കഠിനാധ്വാനവും മൂലം ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം തന്നെ പടുത്തുയർത്തി.  


 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്