പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം ചുമത്തി യുഎസ്, ലൈസൻസ് സസ്പെന്‍റ് ചെയ്തു

Published : Apr 17, 2026, 12:54 PM IST
surgery

Synopsis

യുഎസിൽ പ്ലീഹ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ ഡോക്ടർ രോഗിയുടെ കരൾ മുറിച്ച് മാറ്റി. രക്തം വാർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്ടർ തോമസ് ഷാക്നോവ്സ്കിക്കെതിരെ നരഹത്യാ കുറ്റം ചുമത്തുകയും മെഡിക്കൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.തോമസ് ഷാക്നോവ്സ്കി തുടർച്ചയായി വരുത്തിയ പിഴവുകളും രോഗികളുടെ സുരക്ഷയും കണക്കിലെടുത്താണ് ലൈസൻസ് സസ്പെന്‍റ് ചെയ്തത്.

 

ഡോക്ടർമാരുടെ അശ്രദ്ധ മൂലം രോഗികൾക്ക് ഉണ്ടാക്കുന്ന ദുരിതങ്ങൾ കേരളത്തിൽ പുതിയൊരു വാർത്തയല്ല. എന്നാൽ, ഇത്തരത്തിൽ ദുരിതം പേറുന്ന രോഗികൾക്ക് നീതി ലഭിക്കുകയോ, അതിന് കാരണക്കാരായ ഡോക്ടമാർക്ക് തക്കതായ ശിക്ഷ ലഭിക്കുകയോ ചെയ്ത വാർത്ത നമ്മൾ കാണാറുമില്ല. എന്നാൽ, യുഎസിൽ പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെ തുടർന്ന് രോഗി രക്തം വാർന്ന് മരിച്ച കേസിൽ ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു.

പ്ലീഹയ്ക്ക് പകരം മുറിച്ച് മാറ്റിയത് കരൾ

ഫ്ലോറിഡയിലെ മിറാമർ ബീച്ചിലെ അസൻഷൻ സേക്രഡ് ഹാർട്ട് എമറാൾഡ് കോസ്റ്റ് ഹോസ്പിറ്റലിൽ 2024 -ൽ നടത്തിയ ശസ്ത്രക്രിയയാണ് രോഗിയുടെ മരണത്തിൽ കലാശിച്ചത്. അലബാമയിലെ മസിൽ ഷോൾസിൽ നിന്നുള്ള 70 വയസ്സുള്ള ബിൽ ബ്രയാൻ എന്ന രോഗി പ്ലീഹ നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രയിലെത്തിയതായിരുന്നു. അദ്ദേഹത്തിന് അത്ര സങ്കീർണമല്ലാത്ത ലാപ്രോസ്കോപ്പിക് സ്പ്ലെനെക്ടമിക്ക് ശസ്ത്രക്രിയയാണ് വിധിച്ചിരുന്നത്. എന്നാൽ ഡോക്ടർ തോമസ് ഷാക്നോവ്സ്കി ബ്രയാന്‍റെ പ്ലീഹയ്ക്ക് പകരം നീക്കം ചെയ്തത് കരൾ. പിന്നാലെ രക്തം വാർന്ന് രോഗി ഓപ്പറേഷൻ ഡേബിളിൽ വച്ച് തന്നെ മരിച്ചു. ഈ കേസ് അന്ന് യുഎസിൽ വലിയ വിവാദമായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഒരു ഗ്രാൻഡ് ജൂറി ഡോ. തോമസ് ഷാക്നോവ്സ്കി കുറ്റക്കാരനാണെന്ന് വിധിക്കുകയും രണ്ടാം ഡിഗ്രി നരഹത്യാ കുറ്റം ചുമത്തുകയുമായിരുന്നു.

മെഡിക്കൽ ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

വാൾട്ടൺ കൗണ്ടി ഗ്രാൻഡ് ജൂറി കേസ് പരിശോധിക്കുകയും ഓപ്പറേഷൻ റൂമിനുള്ളിലെ പ്രവർത്തനങ്ങൾ ഫ്ലോറിഡ നിയമപ്രകാരം ക്രിമിനൽ പെരുമാറ്റമായി കണക്കാക്കുന്നുവെന്ന് കണ്ടെത്തി. 2024 -ൽ തന്നെ അലബാമ, തോമസ് ഷാക്നോവ്സ്കിയുടെ മെഡിക്കൽ ലൈസൻസ് സസ്പെൻഡ് ചെയ്തു. തുടർന്ന് അതേ വർഷം ഫ്ലോറിഡയും 2025 -ൽ ന്യൂയോർക്കും ഇയാളുടെ മെഡിക്കൽ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. തോമസ് ഷാക്നോവ്സ്കി തുടർച്ചയായി മെഡിക്കൽ രംഗത്ത് വരുത്തിയ പിഴവുകളും രോഗികളുടെ സുരക്ഷയും സംബന്ധിച്ച ആശങ്കകൾ കണക്കിലെടുത്താണ് ലൈസൻസ് സസ്പെന്‍റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'മ്യാവൂ.. മ്യാവൂ...'; വിമാനം ലാന്‍റിംഗിന് ശ്രമിക്കുന്നതിനിടെ പൈലറ്റുമാരുടെ 'കുട്ടിക്കളി', യുഎസിൽ അന്വേഷണം
അന്ന് അഞ്ചു രൂപയ്ക്ക് വസ്ത്രം തുന്നി, ഇന്ന് 5 ലക്ഷം രൂപ മാസവരുമാനമുള്ള ടെക് കമ്പനി ഉടമ!