'അച്ഛൻ മരിച്ചു, ഇന്ത്യയിലേക്ക് വന്നാൽ തിരിച്ച് വരാൻ വിസ പ്രശ്നമുണ്ടാകുമോ?' ആശങ്കയോടെ പ്രവാസിയുടെ കുറിപ്പ്

Published : Jun 16, 2026, 02:12 PM IST
US job

Synopsis

യുഎസിലെ എച്ച് 1 ബി വിസ നിയന്ത്രണങ്ങൾക്കിടെ, അച്ഛൻ മരിച്ചപ്പോൾ നാട്ടിലേക്ക് വരാൻ കഴിയുമോയെന്ന് ആശങ്കപ്പെടുന്ന ഒരു ഇന്ത്യൻ പ്രവാസിയുടെ കുറിപ്പ് വൈറലായി. വിസ സ്റ്റാമ്പ് ഇല്ലാത്തതും ജോലി നഷ്ടപ്പെടാൻ പോകുന്നതും കാരണം ഇന്ത്യയിൽ കുടുങ്ങിപ്പോകുമോയെന്നാണ് അദ്ദേഹത്തിന്റെ ഭയം. ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

 

യുഎസിൽ എച്ച് 1 ബി വിസ നിയന്ത്രണങ്ങൾ വലിയ ആശങ്കയാണ് യുഎസിലെ പ്രവാസികളിൽ സൃഷ്ടിച്ചിരിക്കുന്നത്. പലർക്കും തങ്ങളുടെ നാട്ടിലേക്ക് വന്നതിന് ശേഷം യുഎസ് വിസ അടിച്ച് കിട്ടാൻ താമസിക്കുന്നതായോ നിരസിക്കപ്പെട്ടതായോ ഉള്ള വെളിപ്പെടുത്തലുകൾ ഇതിനകം വന്നു കഴിഞ്ഞു. ഇതിനിടെയാണ് നാട്ടിലുള്ള തന്‍റെ അച്ഛൻ മരിച്ചെന്നും അദ്ദേഹത്തിന്‍റെ അന്ത്യകർമ്മങ്ങൾക്കായി നാട്ടിലേക്ക് വന്നാൽ തിരിച്ച് യുഎസിലേക്ക് വരാൻ കഴിയുമോയെന്നും ആശങ്കപ്പെടുന്ന ഒരു ഇന്ത്യൻ പ്രവാസിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

'അവന്‍റെ അച്ഛൻ ഇന്ന് രാവിലെ മരിച്ചു'

പ്രവാസിയുടെ ആശങ്ക പങ്കുവച്ച സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് @america_nri_la_frustration എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഇത് വൈറലായി. അച്ഛൻറെ മരണാന്തര ചടങ്ങുകൾ നടത്താൻ ഇന്ത്യയിലേക്ക് പോയാൽ പിന്നെ യുഎസിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് എൻആർഐ ആശങ്കാകുലനായിരുന്നു. സന്ദേശത്തിൽ പറയുന്നതനുസരിച്ച്, പിതാവിന്‍റെ മരണവാർത്ത അറിഞ്ഞതിന് ശേഷം ഇന്ത്യയിലേക്ക് പോകണോ വേണ്ടയോയെന്ന് അറിയാതെ അദ്ദേഹം ആകെ വിഷമിച്ചിരിക്കുകയാണ്. "എന്‍റെ ഒരു സുഹൃത്ത് വളരെ ദുഷ്‌കരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്‍റെ അച്ഛൻ ഇന്ന് രാവിലെ മരിച്ചു, ഇന്ത്യയിലേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്," കുറിപ്പിൽ പറയുന്നു. 

 

 

"ഭാര്യയും കുട്ടിയും ഇവിടെ യുഎസിൽ ഉള്ളപ്പോൾ, അദ്ദേഹത്തിന് നിലവിൽ സാധുവായ ഒരു വിസ സ്റ്റാമ്പ് ഇല്ലെന്നതാണ് വെല്ലുവിളിയെന്നും കുറിപ്പിൽ പറയുന്നു. മാത്രമല്ല, അദ്ദേഹത്തിന്‍റെ യുഎസിലെ ജോലി ഉടൻ നഷ്ടപ്പെടുമെന്ന് അടുത്തിടെ അറിയിച്ചിരുന്നുവെന്നും അത് പ്രതിസന്ധി വർദ്ധിപ്പിച്ചതായും പോസ്റ്റിൽ പറയുന്നു. മാത്രമല്ല, ഈ മാസം അദ്ദേഹത്തിന്‍റെ അവസാനത്തെ ജോലി മാസമായിരിക്കാമെന്നും അദ്ദേഹം അടുത്തിടെ പറഞ്ഞെന്നും കുറിപ്പിൽ പറയുന്നു. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് പിന്നാലെ അമേരിക്കയ്ക്ക് പുറത്ത് കൂടുതൽ കാലം കുടുങ്ങിപ്പോകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. സമാനമായ സാഹചര്യങ്ങൾ നേരിട്ടിട്ടുള്ള മറ്റുള്ളവരിൽ നിന്നും മാർഗനിർദേശം തേടിക്കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

പോകണമെന്നും വേണ്ടെന്നും അഭിപ്രായപ്പെട്ട് നെറ്റിസെൺസ്

കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് വൈറലായി. ഇതോടെ വലിയൊരു ച‍ർച്ച തന്നെ കുറിപ്പിനെ അടിസ്ഥാനമാക്കി നടന്നു. നിരവധി പേർ അദ്ദേഹത്തോട് സഹതാപം പ്രകടിപ്പിച്ചു. ചിലർ പോകാൻ നിർദ്ദേശിച്ചപ്പോൾ മറ്റ് ചിലർ പോയാൽ തിരിച്ച് വരാൻ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി. "ഒരു ജോലിയോ, വിസയോ, ഇമിഗ്രേഷൻ സ്റ്റാറ്റസോ ഒരിക്കലും പ്രിയപ്പെട്ടവരുടെ അന്ത്യ നിമിഷങ്ങളിൽ അരികിൽ നിൽക്കാനുള്ള അവസരത്തെ മാറ്റി വയ്ക്കാൻ കഴിയില്ല. അച്ഛൻ പകരം വയ്ക്കാൻ കഴിയാത്തയാളാണ് കുറിപ്പിനോട് പ്രതികരിച്ച് കൊണ്ട് ഒരാൾ എഴുതി. എട്ട് വർഷം മുമ്പ് സമാന അവസ്ഥ നേരിട്ടപ്പോൾ എല്ലാം തന്ന് വളർത്തി വലുതാക്കിയ അച്ഛന് വേണ്ടി ഉള്ളതെല്ലാം ഇട്ടേറിഞ്ഞ് പോയെന്ന് മറ്റൊരാൾ കുറിച്ചു. കൊവിഡ് സമയത്ത് മരിച്ച അച്ഛനെ കാണാനോ അദ്ദേഹത്തിന് വേണ്ടി അന്ത്യകർമ്മങ്ങളോ ചെയ്യാൻ കഴിയാത്തതിന്‍റെ ദുഃഖ ഭാരം ഇന്നും തന്നെ വേട്ടയാടുന്നതായി മറ്റൊരു കാഴ്ചക്കാരൻ എഴുതി. അതേസമയം മറ്റൊരാൾ എഴുതിയത്. ' എന്‍റെ അഭിപ്രായത്തിൽ നിങ്ങൾ ഭാവിയെ കുറിച്ചാണ് ചിന്തിക്കേണ്ടത്. കാരണം മരിച്ച് പോയവർ മരിച്ച് പോയി. അദ്ദേഹത്തെ കാണാനുള്ള ശരിയായ സമയം ജീവിച്ചിരിക്കുന്ന വേളയിലാണ്. ആ സമയം കഴിഞ്ഞ് പോയി. ഇനി നിങ്ങൾ പോയിട്ടും മറ്റ് പ്രയോജനമില്ലെന്നായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ശസ്ത്രക്രിയയ്ക്ക് വേണ്ടി ബോധം കളയാൻ 'വിഷക്കൂട്ട്'; 600 വർഷം പഴക്കമുള്ള ചൈനീസ് അനസ്തേഷ്യയുടെ രഹസ്യം ചുരുളഴിയുന്നു
മാസം 1.5 ലക്ഷം ശമ്പളം, പക്ഷേ, കൈയിൽ കിട്ടുന്നത് വെറും '15,000 രൂപ'! യുവാവിന്‍റെ കുറിപ്പ് വൈറൽ