
ഇന്ത്യയെ ഇഷ്ടമാണെങ്കിലും താൻ താമസിക്കാൻ ഇഷ്ടപ്പെടുന്നത് അമേരിക്കയിൽ ആണെന്ന ഇന്ത്യൻ യുവതിയുടെ പോസ്റ്റ് വൈറലാകുന്നു. അമേരിക്കയിലെ ജീവിതം തനിക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നുവെന്നാണ് ഇവർ പോസ്റ്റിൽ പറയുന്നത്. സോഫ്റ്റ്‌വെയർ ഡെവലപ്പറും സംരംഭകയുമായ ദിവ്യ സൈനിയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താൻ അമേരിക്കയിലേക്ക് താമസം മാറിയതിന്‍റെ നാലാം വാർഷിക ദിനത്തിലാണ് അമേരിക്കയിലെയും ഇന്ത്യയിലെയും ജീവിതത്തെ താരതമ്യം ചെയ്തുകൊണ്ട് ഇവർ ഇത്തരത്തിൽ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
കൂടുതൽ പണം കിട്ടിയത് കൊണ്ടല്ല താൻ അമേരിക്കയിലേക്ക് പോയതെന്നും പകരം, ഇന്ത്യയിൽ ഒരു സ്ത്രീ എന്ന നിലയിൽ ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത സ്വാതന്ത്ര്യമാണ് താൻ യുഎസില്‍ ആസ്വദിക്കുന്നതെന്നും സൈനി തന്‍റെ എക്സ് പോസ്റ്റിൽ പങ്കുവെച്ചു. കൃത്യം നാലുവർഷം മുൻപാണ് താൻ അമേരിക്കയിലേക്ക് താമസം മാറിയതെന്നും പക്ഷേ, അതൊരിക്കലും കൂടുതൽ പണത്തിന് വേണ്ടി ആയിരുന്നില്ല സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു എന്നുമാണ് ഇവർ അവകാശപ്പെട്ടത്. അമേരിക്കയിൽ ജീവിച്ചു തുടങ്ങിയതോടെ തനിക്ക് കൂടുതൽ ആത്മവിശ്വാസവും ഉറച്ച നിലപാടുകളുമുണ്ടായിയെന്നും ഇവർ പറയുന്നു.
തനിക്ക് ഇന്ത്യ ഇഷ്ടമാണെന്നും പക്ഷേ ഒരു സ്ത്രീ എന്ന നിലയിൽ ഒരിക്കൽ പോലും അവിടെ സ്വാതന്ത്ര്യം തോന്നിയിട്ടില്ലെന്നാണ് ഇന്ത്യയിൽ താമസിക്കുന്നതിനുള്ള വിയോജിപ്പിന് കാരണമായി സൈനി വ്യക്തമാക്കുന്നത്. എന്നാൽ വലിയ വിമർശനമാണ് ഇന്ത്യൻ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും ഇവർക്ക് നേരിടേണ്ടിവരുന്നത്. ജെൻഡർ കാർഡ് ഇറക്കരുതെന്നാണ് നിരവധി ആളുകൾ അഭിപ്രായപ്പെട്ടത്. കൂടുതൽ പണവും സുഖസൗകര്യങ്ങളും ലക്ഷ്യമാക്കിയാണ് അമേരിക്കയിലേക്ക് പോയതെന്ന് പറയാൻ മടിക്കുന്നത് എന്തിനാണെന്നും ചിലര്‍ ചോദിച്ചു.
വിമർശനങ്ങൾക്ക് മറുപടിയായുമായി സൈനി വീണ്ടുമെഴുി. "ഇന്ത്യ, യൂറോപ്യൻ യൂണിയൻ, യുഎസ് എന്നിവിടങ്ങളിൽ നിന്ന് എനിക്ക് മികച്ച അവസരങ്ങൾ ലഭിച്ചു. ഞാൻ യുഎസ് തെരഞ്ഞെടുത്തതിന്‍റെ കഥ പങ്കുവെക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, ഇവിടെ വന്നതോടെ തീർച്ചയായും കൂടുതൽ വാതിലുകൾ എനിക്ക് മുൻപിൽ തുറന്നു, നല്ല മനുഷ്യരാൽ ചുറ്റപ്പെട്ടതിൽ ഞാൻ നന്ദിയുള്ളവളാണ്" എന്നാൽ ഈ മറുപടിയും വലിയ വിമർശനത്തിന് വഴി തുറക്കുകയായിരുന്നു.