
സൂറിച്ചിലിലെ ഹോട്ടലിൽ വച്ച് ബ്രേക്ക്ഫാസ്റ്റ് ബുഫെയിൽ നിന്നും ഇന്ത്യക്കാരായ വിനോദസഞ്ചാരികൾ ഭക്ഷണം പൊതിഞ്ഞെടുക്കുന്നത് കണ്ടതായി മറ്റൊരു ഇന്ത്യക്കാരന്റെ പോസ്റ്റ്. ഭക്ഷണം എടുത്തുകൊണ്ടുപോകാൻ പാടില്ല എന്ന് പ്രത്യേകം നിർദ്ദേശമുണ്ടയിട്ടും അങ്ങനെ ചെയ്തുവെന്നാണ് പോസ്റ്റിൽ പറയുന്നത്. യാത്രകളിലും മറ്റ് രാജ്യങ്ങളിൽ പോകുമ്പോഴുമെല്ലാം പാലിക്കേണ്ട മര്യാദകളെ കുറിച്ചുമെല്ലാം ചർച്ചകൾ ഉയരാൻ ഈ പോസ്റ്റ് കാരണമായിത്തീർന്നു. സുമിത്ത് എന്ന യൂസറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഭക്ഷണം കഴിച്ച ശേഷം കുടുംബം പഴങ്ങൾ, വേവിച്ച മുട്ട, യോഗർട്ട് എന്നിവയൊക്കെ എടുത്തുകൊണ്ടു പോവുകയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം, ബുഫെയിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ വാതിൽക്കൽ അതിഥികൾ പുറത്തേക്ക് ഭക്ഷണം എടുത്തുകൊണ്ടുപോകരുത് എന്നത് കൃത്യമായി എഴുതിവച്ചിട്ടുണ്ട് എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു. 'അക്ഷരാർത്ഥത്തിൽ, ഈ പെരുമാറ്റം കണ്ട് എല്ലാവരും അത്ഭുതപ്പെടുകയും ഞെട്ടുകയും ചെയ്തിട്ടുണ്ട്. ഈ ഇന്ത്യൻ കുടുംബം സ്വിറ്റ്സർലൻഡിലേക്ക് യാത്ര വന്നതാണ്. അതിനായി അവർ ധാരാളം പണം പൊടിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. എന്നിട്ടും, എന്തിനാണ് ലോകത്തെമ്പാടും നമ്മൾ വെറുക്കപ്പെടുന്നതെന്ന് അവർ കാണിച്ചുതരുന്നു' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അപമാനകരമാണ്, പ്രത്യേകിച്ച് ചെയ്യരുത് എന്ന് നിർദ്ദേശമുള്ളപ്പോൾ എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്നാൽ, മറ്റ് രാജ്യക്കാരും ഇത് ചെയ്യാറുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യക്കാരെ കുറിച്ച് മാത്രം എപ്പോഴും ഇങ്ങനെ പറയുന്നത് എന്നായിരുന്നു മറ്റൊരു വിഭാഗം ചോദിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലുമായി 7 ഹോട്ടലുകളിലാണ് ഞങ്ങൾ താമസിച്ചത്. ഇറ്റാലിയൻ, അമേരിക്കൻ ടൂറിസ്റ്റുകളും രണ്ട് സ്ഥലങ്ങളിലും ഇതുതന്നെയാണ് ചെയ്തത്. അവർ ക്രോസന്റുകൾ, പഴങ്ങൾ, യോഗർട്ട് എന്നിവ പായ്ക്ക് ചെയ്തുകൊണ്ടുപോയി. എന്തുകൊണ്ടാണ് ഇന്ത്യക്കാരെ മാത്രം ഇങ്ങനെ ഹൈലൈറ്റ് ചെയ്യുന്നത് എന്നാണ് ഒരാൾ പറഞ്ഞത്. മറ്റൊരാൾ പറഞ്ഞത്, കുട്ടികളൊന്നും ശരിക്ക് ഭക്ഷണം കഴിക്കില്ല. അപ്പോൾ ഇങ്ങനെ കൊണ്ടുപോകുന്നതിൽ ഒരു തെറ്റുമില്ല എന്നാണ്.