
ഒരു ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്റ് പങ്കുവച്ച മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്യുന്ന പരമിത റോയ് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
ലീഡ് ക്യാബിൻ ക്ര്യൂ അംഗമായി പ്രവർത്തിക്കുന്ന പരമിത വിമാനത്തിലേക്ക് തന്റെ അച്ഛനേയും അമ്മയേയും ക്ഷണിക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇതിനെ തന്റെ 'ഡ്രീം ഫ്ലൈറ്റ്' എന്നാണ് അവൾ വിശേഷിപ്പിക്കുന്നത്. 'ഒരു ലീഡ് ക്യാബിൻ ക്ര്യൂ എന്ന നിലയിൽ എന്റെ അച്ഛനേയും അമ്മയേയും സർപ്രൈസ് ചെയ്യുന്നു. എന്നും ഞാൻ ഓർത്തു വയ്ക്കുന്ന നിമിഷം, ഡ്രീം ഫ്ലൈറ്റ്' എന്നാണ് പരമിത റോയ് താൻ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കുറിച്ചിരിക്കുന്നത്.
വീഡിയോയിൽ പരമിതയുടെ അമ്മയും അച്ഛനും വിമാനത്തിലേക്ക് കയറി വരുന്നതാണ് കാണുന്നത്. ആദ്യം അമ്മ വരുന്നു. അവൾ അമ്മയുടെ കാലിൽ തൊട്ട് വന്ദിക്കുന്നതാണ് പിന്നെ കാണുന്നത്. പിന്നാലെ, അച്ഛനും വരുന്നു. അവൾ അച്ഛന്റെയും കാലിൽ തൊടുന്നത് കാണാം. ഇരുവരുടെയും മുഖത്ത് അഭിമാനത്തോടെയുള്ള ഒരു പുഞ്ചിരി വിടരുന്നതും വീഡിയോയിൽ വ്യക്തമാണ്.
നിരവധിപ്പേരാണ് പരമിത പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എത്രത്തോളം അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷമായിരിക്കാം പരമിതയ്ക്ക് അത് എന്ന മട്ടിലാണ് പലരും കമന്റുകൾ നൽകിയിരിക്കുന്നത്.
ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'ഈ നിമിഷങ്ങൾ കാണുമ്പോൾ എന്തുകൊണ്ടാണ് എനിക്കിത്രയും സന്തോഷം തോന്നുന്നത്' എന്നാണ്. 'നിങ്ങൾ നിങ്ങളുടെ അച്ഛനമ്മമാരുടെ കാലുകൾ തൊട്ട് വന്ദിക്കുന്നു, ഒപ്പം തന്നെ ഒരുപാടുപേരുടെ ഹൃദയവും തൊട്ടിരിക്കുന്നു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മറ്റ് ചിലർ കമന്റ് നൽകിയിരിക്കുന്നത്, 'പരമിതയുടെ അച്ഛന്റെയും അമ്മയുടെയും സന്തോഷം വിലമതിക്കാൻ കഴിയാത്തതാണ്' എന്നാണ്.