
യുവതി അന്യജാതിക്കാരനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബത്തിലെ 40 പുരുഷന്മാരെ നിർബന്ധിപ്പിച്ച് തലമുണ്ഡം ചെയ്തു. യുവതിയുടെ കുടുംബത്തിന്‍റെ ശുദ്ധീകരണത്തിനായാണ് ഇത്തരമൊരു പ്രവൃത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. ഒഡീസയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നത്. റായഗഡ ജില്ലയിലെ ഗോരക്പൂര്‍ പഞ്ചായത്തിലെ ബൈഗനഗുഡ ഗ്രാമത്തിലാണ് ഈ ദുരാചാരം നടന്നത്. പട്ടിക വര്‍ഗത്തില്‍പ്പെട്ട (എസ്ടി) യുവതി പട്ടിക ജാതിയില്‍പ്പെട്ട (എസ്സി) യുവാവിനെ വിവാഹം ചെയ്തതായിരുന്നു ഈ ജാതി ശുദ്ധീകരണത്തിന്‍റെ കാരണമെന്നും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.
ചടങ്ങിന്‍റെ ഭാഗമായി ആട്, പന്നി, കോഴി എന്നിവയെ ഗ്രാമത്തിലെ ദൈവസ്ഥാനത്തിന് മുന്നില്‍ വച്ച് ബലി കഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപതുകളിലെത്തിയ യുവതിയും എസ്സി വിഭാഗത്തില്‍പ്പെട്ട യുവാവും തമ്മിലുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. യുവാവ് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളല്ലാത്തതായിരുന്നു ഈ എതിര്‍പ്പിന് കാരണം. എന്നാല്‍, വിവാഹം കഴിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം.
തങ്ങളുടെ ആചാരമനുസരിച്ച് അന്യജാതിക്കാരെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. ഇനി വിലക്ക് മറികടന്ന് ആരെങ്കിലും വിവാഹം കഴിച്ചാല്‍ അത് ഗ്രാമദേവതയുടെ കോപത്തിന് കാരണമാകുമെന്നും ഇവർ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം യുവതി, ജാതി പരിഗണിക്കാതെ വവാഹം കഴിച്ചതിനാല്‍ അവളുടെ കുടുംബത്തിന് സമുദായ ഭ്രഷ്ട് കല്പിക്കപ്പെട്ടെന്നും ഇത് മറികടക്കാന്‍ സമുദായ നേതാക്കന്മാരാണ് യുവതിയുടെ കുടുംബത്തിലെ പുരുഷന്മാരോട് തല മൊട്ടയടിച്ച് പ്രായശ്ചിത്തം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും പ്രാദേശിക റിപ്പോര്‍ട്ടുകൾ പറയുന്നു. ചടങ്ങിനൊപ്പം കോഴി, ആട്, പന്നി എന്നിവയെ ഗ്രാമത്തിലെ ദൈവത്തിന് മുന്നില്‍ ബലി നല്‍കുകയും ചെയ്തു.
സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിന് പിന്നാലെ കാശിപൂര്‍ ബിഡിഒ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, തങ്ങളെ ആരും നിർബന്ധിച്ചിട്ടല്ല തല മൊട്ടയടിച്ചതും മൃഗബലി നടത്തിയതെന്നും യുവതിയുടെ കുടുംബം അറിയിച്ചെന്ന് ബിഡിഒ ബിജയ് സോയ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം മിശ്രവിവാഹിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം നവദമ്പതികൾക്ക് കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.