7 വയസുള്ള മകനെ പാറക്കെട്ടിൽ നിന്നും വെള്ളത്തിലേക്ക് എറിഞ്ഞു, പിന്നാലെ വിമർശനം, വിശദീകരണവുമായി അച്ഛൻ

Published : Sep 30, 2025, 10:12 PM IST
father threw his 7 year old son from a rock into the water

Synopsis

ദി ബക്കറ്റ് ലിസ്റ്റ് ഫാമിലി എന്ന പേജിലൂടെ പ്രശസ്തനായ ഗാരറ്റ് ഗീ, 7 വയസ്സുള്ള മകനെ പാറക്കെട്ടിൽ നിന്ന് കടലിലേക്ക് എറിയുന്ന വീഡിയോയ്ക്ക് രൂക്ഷമായ വിമർശനം നേരിട്ടു. പിന്നാലെ താന്‍ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് വിശദീകരിച്ച് അദ്ദേഹം രംഗത്തെത്തി. 

 

ഇന്‍സ്റ്റാഗ്രാമിലെ ജനപ്രീയ ഫാമിലി പേജായ 'ദി ബക്കറ്റ് ലിസ്റ്റ് ഫാമിലി'യിൽ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയ്ക്ക് നേരെയുണ്ടായ രൂക്ഷമായ പ്രതികരണത്തെ തുടർന്ന് വിശദീകരണവുമായി ഇന്‍ഫ്ലുവന്‍സര്‍ രംഗത്ത്. ഗാരറ്റ് ഗീ എന്ന ഇന്‍ഫ്ലുവന്‍സറാണ് തന്‍റെ ഇന്‍സ്റ്റാ പേജില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയ്ക്ക് വിശദീകരണവുമായെത്തിയത്. 7 വയസ്സുള്ള തന്‍റെ മകൻ കാലിഹാനെ ഒരു പാറക്കെട്ടിൽ നിന്ന് കടലിലേക്ക് എറിയുന്നതായിരുന്നു വീഡിയോ. ഈ വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെയാണ് താന്‍ വിശദീകരണവുമായി രംഗത്തെത്തിയതെന്ന് അദ്ദേഹം പറയുന്നു.

വീഡിയോ

തങ്ങളുടെ മകനെ ഒരു ക്ലിഫില്‍ നിന്നും ഏങ്ങനെ ചാടാമെന്ന് പഠിക്കുന്നതിനെ കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്നില്ലെന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയിലാണ് ഗാരറ്റ് ഗീ തന്‍റെ നയം വ്യക്തമാക്കിയത്. വീഡിയോയില്‍ കടൽത്തീരത്തുള്ള അത്യാവശ്യം ഉയരമുള്ള ഒരു പാറക്കെട്ടിൽ ഇരിക്കുന്ന അച്ഛനെയും മകനെയും കാണാം. അച്ഛന്‍ മകനോട് കടലിലേക്ക് ചാടാന്‍ പറയുന്നെങ്കിലും അവന്‍ ഭയന്ന് മാറുന്നു. എന്നാല്‍, അവന് ആവശ്യമായ ധൈര്യം പകര്‍ന്ന് നല്‍കിയ ശേഷം അദ്ദേഹം അവനെ എടുത്ത് കടലിലേക്ക് ഇടുന്നു. കുട്ടി വെള്ളത്തില്‍ മുങ്ങി ഉയ‍ർന്ന് വെള്ളത്തിന് മുകളില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുമ്പോഴേക്കും ഗാരറ്റ് ഗീയും പിന്നാലെ കടലിലേക്ക് ചാടി മകനൊപ്പം ചേരുന്നതും കാണാം. തൊട്ട് പിന്നാലെയുള്ള ഷോട്ടില്‍ ഗാരറ്റിന്‍റെ മകളും മകനും പാറയില്‍ നിന്നും കടലിലേക്ക് ചാടുന്നതും കാണാം.

വിമർശനവും മറുപടിയും

കുട്ടിയെ അലക്ഷ്യമായിട്ടാണ് കടലിലേക്ക് എറിഞ്ഞതെന്നും ഒരു അച്ഛനും അങ്ങനെ ചെയ്യരുതെന്നും തുടങ്ങിയ നിരവധി കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്. രൂക്ഷമായ നെഗറ്റീവ് കുറിപ്പുകൾ വായിച്ച് തനിക്ക് ദുഖം തോന്നിയെന്ന് ഗാരറ്റ് ഗീ കുറിച്ചു. ഒപ്പം ഇത് സ്വന്തം മക്കളിൽ പരീക്ഷിച്ച് നോക്കാന്‍ താനാരെയും ഉപദേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതിനാല്‍ ഓരോ കുട്ടിയും ചാടുന്ന രീതികളും അവരെ അത് പഠിപ്പിക്കുന്ന രീതികളും വ്യത്യസ്തമാണെന്നും അദ്ദേഹം എഴുതി. എന്ത് ചെയ്യുമ്പോഴും ആദ്യമുന്‍ഗണന സുരക്ഷയ്ക്കായിരിക്കണമെന്നും രണ്ടാമത്തേത് നിങ്ങൾക്ക് എന്ത് കഠിനമായ കാര്യങ്ങളും ചെയ്യാൻ കഴിയുമെന്ന് കുട്ടികളെ പഠിക്കുക എന്നതാണ്. മൂന്നാമത്തേത് എന്തും ആസ്വദിച്ച് ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ഞങ്ങളുടെ ഇളയ മകനെ ഒരു പാറക്കെട്ടിലേക്ക് കൊണ്ടുപോയി. അവിടെ സുരക്ഷിതമാണെന്ന് മനസിലാക്കിയാണ് അങ്ങോട്ട് നീങ്ങിയത്. പക്ഷേ, അവന്‍ ചാടാന്‍ മടിച്ച് നിന്നു. അവന് ചാടാനുള്ള ആത്മവിശ്വാസക്കുറവായിരുന്നു. അങ്ങനെയാണ് അവനെ വെള്ളത്തിലേക്ക് ഇട്ടത്. പക്ഷി കു‌ഞ്ഞുങ്ങൾ കൂട് വിട്ടാല്‍ മാത്രമേ പറക്കാന്‍ പഠിക്കൂവെന്നും അദ്ദേഹം ഒപ്പം കുറിച്ചു. ഒപ്പം അദ്ദേഹം ഒരു മുന്നറിയിപ്പും നല്‍കി. ചെറിയ ഉയരങ്ങളിൽ നിന്നും നിങ്ങളുടെ കുഞ്ഞുങ്ങളെ ചാടാന്‍ പഠിപ്പിച്ചാല്‍ അവര്‍ വലുതാകുമ്പോൾ വലിയ ഉയരങ്ങളില്‍ നിന്നും ചാടുമെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ. അപ്പോഴും അവരെ സുരക്ഷിതരായിരിക്കാന്‍ പഠിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

ഗാരറ്റ് ഗീ ആരാണ്

യാത്രാ ഇന്‍ഫ്ലുവന്‍സറായ ഗാരറ്റ് ഗീ, ടെക് കോടീശ്വരനും, ദി ബക്കറ്റ് ലിസ്റ്റ് ഫാമിലി ബ്രാൻഡിന്‍റെ സ്രഷ്ടാവുമാണ്. 2015-ൽ സ്നാപ്ചാറ്റ് അദ്ദേഹത്തിന്‍റെ മൊബൈൽ സ്കാനിംഗ് ആപ്പ് 54 മില്യൺ ഡോളറിന് വാങ്ങിയതിന് പിന്നാലെയാണ് ഗാരറ്റ് ഗീ ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. "പൂർണ്ണ സമയ കുടുംബ യാത്രാ പത്രപ്രവർത്തകൻ" എന്നാണ് ഗാരറ്റ് തന്നെയും കുടുംബത്തെയും വിശേഷിപ്പിക്കുന്നത്. തങ്ങളുടെ മൂന്ന് കുട്ടികളോടൊപ്പം ഗാരറ്റും ഭാര്യയും 100-ലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്, ഇറ്റലിയിൽ സ്രാവുകൾക്കൊപ്പം നീന്തൽ, സ്കൂബ ഡൈവിംഗ്, സ്ലെഡ്ജിംഗ് തുടങ്ങിയ സാഹസികതകളാണ് അദ്ദേഹത്തിന്‍റെ ഇഷ്ടവിനോദങ്ങൾ.

 

PREV
Read more Articles on
click me!

Recommended Stories

പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം