
താന്‍ നടത്തിയ വിദേശ യാത്രയുമായി ഇന്ത്യയെ താരതമ്യം ചെയ്ത ഒരു ഇന്ത്യന്‍ വ്ലാഗർക്ക് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. തന്‍റെ ആദ്യ വിദേശ യാത്രയ്ക്ക് പിന്നാലെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ തനിക്ക് അഴിമതിയാണ് ഓർമ്മ തോന്നുന്നതെന്ന് കുറിച്ച് കൊണ്ട് ട്രാവല്‍ വിത്ത് സമാൽ വ്ലോഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന ദീപക് സമാൽ നടത്തിയ അഭിപ്രായ പ്രകടനമാണ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്നും ഒരു പോലെ രൂക്ഷ വിമർശനവും അഭിനന്ദനവും നേരിട്ടത്. യാത്രയിലൂടെ താന്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങളെ എണ്ണമിട്ട് നിരത്തി, വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങൾക്കൊപ്പം പങ്കുവച്ച വീഡിയോയ്ക്ക് താഴെയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിപ്പുകളുമായെത്തിയത്.
ആദ്യ വിദേശ യാത്രയ്ക്ക് ശേഷം പല ഇന്ത്യക്കാർക്കും ഇത്തരം കാര്യങ്ങൾ അനുഭവപ്പെടാറുണ്ടെന്നും അതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നും കുറിച്ച് കൊണ്ടാണ് സമാല്‍ തന്‍റെ കുറിപ്പ് തുടങ്ങുന്നത്. പ്രതീക്ഷയും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം അനുഭപ്പെടുമ്പോഴുള്ള ഞെട്ടലാണ് അതെന്നും ഇന്ത്യയിലെ പ്രശ്നസങ്കീര്‍ണ്ണമായ ഗതാഗതവും തട്ടിപ്പുകളും താരതമ്യം ചെയ്യുമ്പോൾ മറ്റ് രാജ്യങ്ങളിലെ സുഗമമായ സംവിധാനങ്ങൾ, നാട്ടിലെ 'ആ നടക്കും' എന്ന മനോഭാവവും സമയത്തിന്‍റെ മൂല്യം അറിയാതെയുള്ള പ്രവര്‍ത്തികളും ഇന്ത്യയിലെ കാര്യക്ഷമതയില്ലായ്മയും കാലതാമസവും അഴിമതിയും ശുചിത്വമില്ലായ്മയും അടക്കമുള്ള കാര്യങ്ങളെ എണ്ണമിട്ട് നിരത്തിയാണ് ദീപക് തന്‍റെ വീഡിയോ പങ്കുവച്ചത്.
പ്രതികരിച്ച് സോഷ്യൽ മീഡിയ
വീഡിയോ ഇതിനകം ഏതാണ്ട് എഴുപതിനായിരത്തിൽ ഏറെ പേര്‍ കണ്ടുകഴിഞ്ഞു. അതേസമയം രൂക്ഷമായ വിമർശനവും അഭിനന്ദനവും വീഡിയോയ്ക്ക് താഴെ നിറഞ്ഞു. ചിലര്‍ മറ്റ് നാടുകൾ കാണുമ്പോഴുള്ള മഞ്ഞളിപ്പാണെന്ന് ദീപക്കിനെ പരിഹസിച്ചു. മറ്റ് ചിലർ ഇന്ത്യ നിങ്ങളുടെ മാതൃരാജ്യമാണെന്ന് ഓർക്കണമെന്ന് കുറിച്ചു. അതേസമയം നിരവധി പേര്‍ ദീപക് കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചെന്നായിരുന്നു എഴുതിയത്. കളിയറിയാവുന്നവര്‍ക്ക് ഇന്ത്യ ഏറ്റവും മികച്ച രാജ്യമാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. പ്രശ്നങ്ങളെ തിരുത്താന്‍ ശ്രമിക്കാതെ വിമർശിക്കുന്നത് മോശമാണെന്നും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ഒരിക്കലും സഹായകരമാകില്ലെന്നുമാണ് മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. ഓരോ തവണ യൂറോപ്പില്‍ നിന്നും വരുമ്പോഴും ഇന്ത്യയിലെ അച്ചടക്കമില്ലായ്മയും അഴിമതിയും തന്നെ അസ്വസ്ഥമാക്കുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.