പോലീസിന്‍റെ പിഴവ്, നിരപരാധിയായിട്ടും യുവാവ് 18 മാസം ജയിലിൽ ! ഒടുവിൽ നിരപരാധിത്വം പുറത്ത്

Published : Jul 30, 2026, 02:00 PM IST
jail

Synopsis

യൂസർനെയിമിലെ ഒരു അണ്ടർസ്കോറിന്‍റെ വ്യത്യാസം കാരണം കാനഡ സ്വദേശിയായ ബ്രാൻഡൻ ക്ലേം എന്ന യുവാവിന് 18 മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. പോലീസിന് സംഭവിച്ച ഗുരുതരമായ പിഴവ് അപ്പീൽ സമയത്ത് അഭിഭാഷകൻ കണ്ടെത്തിയതോടെയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

കേവലം ഒരു ആപ്പ് യൂസർനെയിമിലെ അണ്ടർസ്കോറിന്‍റെ വ്യത്യാസം കാരണം നിരപരാധിയായ യുവാവ് 18 മാസത്തോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന ദാരുണ സംഭവത്തിന് ഒടുവിൽ നീതി. സ്കൈറിം എന്ന പ്രശസ്ത വീഡിയോ ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച യൂസർനെയിമിലെ ചെറിയൊരു തെറ്റ് മൂലമാണ് കാനഡയിലെ ഹാലിഫാക്സ് സ്വദേശിയായ ബ്രാൻഡൻ ക്ലേം 18 മാസത്തോളം ജയിലിൽ കഴിഞ്ഞത്. 2018 -ൽ അമേരിക്കയിലെ വിസ്കോൺസിനിൽ ആരംഭിച്ച അന്വേഷണത്തെത്തുടർന്ന് ശിക്ഷിക്കപ്പെട്ട ക്ലേമിനെ, പോലീസിന് സംഭവിച്ച വൻ അബദ്ധം തെളിഞ്ഞതോടെ കോടതി പൂർണ്ണമായും കുറ്റവിമുക്തനാക്കി.

സംഭവിച്ചത് എന്ത്?

2020 -ലാണ് കനേഡിയൻ പോലീസ് ബ്രാൻഡൻ ക്ലേമിനെ അറസ്റ്റ് ചെയ്യുന്നത്. 12 വയസ്സുള്ള പെൺകുട്ടിയുമായി ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും കൈമാറി എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. ഡിജിറ്റൽ തെളിവുകൾ പിന്തുടർന്നെത്തിയ പോലീസ്, സംശയമുള്ള യൂസർനെയിമിന്‍റെ ഉടമ എന്ന നിലയിലാണ് ക്ലേമിനെ കസ്റ്റഡിയിലെടുത്തത്. 2023 ഏപ്രിലിൽ ഡാർട്ട്മൗത്ത് പ്രൊവിൻഷ്യൽ കോടതി ക്ലേം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 18 മാസത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

‘ഡബിൾ അണ്ടർസ്‌കോർ’

ബ്രാൻഡൻ ക്ലേം ഉപയോഗിച്ചിരുന്ന ഓൺലൈൻ യൂസർനെയിം 'fus_ro_dah' എന്നായിരുന്നു (സിംഗിൾ അണ്ടർസ്കോർ). എന്നാൽ യഥാർത്ഥ കുറ്റവാളിയുടെ ആപ്പ് യൂസർനെയിം 'fus__ro_dah' എന്നായിരുന്നു (ഡബിൾ അണ്ടർസ്കോർ). കേസിന്‍റെ ആദ്യഘട്ടത്തിൽ വിസ്കോൺസിൻ പോലീസ് അയച്ച ഔദ്യോഗിക സമൻസിൽ ഡബിൾ അണ്ടർസ്കോറിന് പകരം തെറ്റായി സിംഗിൾ അണ്ടർസ്കോർ രേഖപ്പെടുത്തുകയായിരുന്നു. ഈ ചെറിയൊരു വ്യത്യാസം പോലീസോ വിചാരണ വേളയിൽ കോടതിയോ ശ്രദ്ധിച്ചില്ല. ഇന്‍റർനെറ്റ് യൂസർനെയിം ക്ലേമിന്‍റെതാണെന്ന തെറ്റായ നിഗമനത്തിലാണ് കോടതി അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്.

സത്യം പുറത്തുവന്നത് എങ്ങനെ?

ശിക്ഷ അനുഭവിക്കുമ്പോഴും താൻ നിരപരാധിയാണെന്ന് ക്ലേം ഉറപ്പിച്ച് പറഞ്ഞു കൊണ്ടിരുന്നു. തുടർന്ന് ഈ വർഷം അപ്പീൽ വാദങ്ങൾ തയ്യാറാക്കുന്നതിനിടയിലാണ് പ്രതിഭാഗം അഭിഭാഷകനായ സെബ് ബ്രൗൺ ഡിജിറ്റൽ രേഖകളിലെ ഈ ഗുരുതരമായ പിഴവ് കണ്ടെത്തിയത്. "അപ്പീൽ വാദങ്ങൾ തയ്യാറാക്കുന്നതിനിടയിലാണ് പോലീസ് രേഖകളിൽ വന്ന ആ ചെറിയ തെറ്റ് എന്‍റെ ജീവിതത്തിന്‍റെ ഗതിതന്നെ മാറ്റിയതായി കണ്ടെത്തിയത്. കുറ്റവാളിയുടെ കിക്ക് ആപ്പ് യൂസർനെയിമിൽ രണ്ട് അണ്ടർസ്കോർ ഉണ്ടെന്ന കാര്യം പോലീസ് ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചില്ല. വിചാരണ വേളയിലും ഈ വ്യത്യാസം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല," ക്ലേം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം പരിശോധിച്ച അപ്പീൽ കോടതി ക്ലേമിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കി. ഒപ്പം അദ്ദേഹത്തിനെതിരെയുള്ള എല്ലാ ഉത്തരവുകളും റദ്ദാക്കി. തെറ്റായ തടവുകാലത്തിന് ബ്രാൻഡൻ ക്ലേം സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമോയെന്ന കാര്യം നിലവിൽ വ്യക്തമല്ല.

PREV
Read more Articles on
click me!

Recommended Stories

പച്ചക്കറിയിൽ നിന്നും മുട്ടയിൽ നിന്നും രോഗബാധ: യു.എസിൽ ഭക്ഷ്യവിഷബാധ പടരുന്നു
'എന്‍റെ പൂർവ്വികരിൽ അടിമകളും അടിമ ഉടമകളും ഉണ്ടായിരുന്നു': കുടുംബ ചരിത്രം വെളിപ്പെടുത്തി മാർപ്പാപ്പ