'ഞാൻ വീട്ടുജോലിക്കാരിയുടെ മകനായിരുന്നു, ചെരിപ്പ് പോലുമുണ്ടായിരുന്നില്ല, ഇന്ന്...'

By Web TeamFirst Published Jul 27, 2021, 3:27 PM IST
Highlights

വീട്ടുജോലിക്കാരിയായിരുന്ന അമ്മയ്ക്കും, അദ്ദേഹത്തിന്റെ വിജയത്തിനായി ത്യാഗം അനുഭവിച്ച മൂത്ത സഹോദരിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

എല്ലാവർക്കും സ്വപ്‌നങ്ങൾ ഉണ്ടാകും, എന്നാൽ പലപ്പോഴും അത് നിറവേറ്റാനുള്ള അവസ്ഥയുണ്ടാകണമെന്നില്ല.  എന്നാൽ, കഠിനാധ്വാനിയായ ഒരാൾ സാഹചര്യങ്ങൾ എല്ലാം എതിരായിട്ടും തന്റെ സ്വപ്നങ്ങളുടെ പുറകെ പാഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ ഭാവേഷ് ലോഹറിന്റെ അമ്മ ഒരു വീട്ടുജോലിക്കാരിയായിരുന്നു. അത്തരം ഒരു എളിയ തുടക്കമുണ്ടായിട്ടും അദ്ദേഹം ഫോർഡ് മോട്ടോർ കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി നേടി. എല്ലാ തടസ്സങ്ങളെയും അദ്ദേഹം ധീരമായി തന്നെ അതിജീവിച്ചു.  

തന്റെ അതിജീവനത്തിന്റെ കഥ അദ്ദേഹം ലിങ്ക്ടിനിൽ പോസ്റ്റ് ചെയ്തിരുന്നു. "ആ ദിവസങ്ങൾ ഞാൻ ഓർക്കുന്നു, ഒരു ഗവൺമെന്റ് സ്കൂളിലാണ് ഞാൻ പഠിച്ചത്. പൊരിവെയിലത്ത് ചെരുപ്പ് പോലുമില്ലാതെ റോഡിലൂടെ ഞാൻ നടക്കും. ചൂടുകൊണ്ട് എന്റെ കാലുകൾ പൊള്ളിപ്പോകുന്ന പോലെ തോന്നും. ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും ഞങ്ങൾ ഭാവിയിൽ വലിയ ആളുകളായാൽ വാങ്ങുന്ന കാറുകളെ കുറിച്ച് സ്വപ്നം കാണുമായിരുന്നു. ആ ദിവസങ്ങളിലാണ് ഞാൻ ഒരു പത്ര പരസ്യത്തിൽ ഫോർഡ് ഫിഗോയുടെ ചിത്രം കണ്ടത്. അതെന്നെ ആഴത്തിൽ സ്പർശിച്ചു. പണമുണ്ടാക്കുന്ന ഒരു കാലത്ത് അത് വാങ്ങുമെന്ന് ഞാൻ ഉറപ്പിച്ചു," തന്റെ പോസ്റ്റിൽ ലോഹർ പറയുന്നു.  

ഭോപ്പാലിലെ എൻ‌ഐ‌ടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യിലെ ഒരു വിദ്യാർത്ഥിയായിരുന്ന സമയത്ത് പകർച്ചവ്യാധി കാരണം കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്തുപോകേണ്ടിവന്നു. അങ്ങനെ അദ്ദേഹം മറ്റ് ഏഴ് കുടുംബാംഗങ്ങളുമായി ഒരു കുടുസുമുറിയിൽ താമസിച്ചു. "എന്റെ കുടുംബത്തിലെ ഏഴ് അംഗങ്ങളും, ഞാനും ഒരു മുറിയിൽ കഴിഞ്ഞു. പിന്നീട് എനിക്ക് പഠിക്കാൻ ഒരു ചെറിയ മുറി ഞാൻ പണിതു," ലോഹർ പറഞ്ഞു. ആ ചെറിയ മുറിയിലാണ് അദ്ദേഹം പഠിച്ചതും, ഉറങ്ങിയതും, വലിയ കമ്പനികളുടെ ഓൺലൈൻ അഭിമുഖങ്ങളിൽ പങ്കെടുത്തതും. എന്നാൽ, അദ്ദേഹത്തിന്റെ കഷ്ടപ്പാടിന് ഫലമുണ്ടായി. ഒടുവിൽ അദ്ദേഹത്തെ ഫോർഡ് ജോലിക്കെടുത്തു.

വീട്ടുജോലിക്കാരിയായിരുന്ന അമ്മയ്ക്കും, അദ്ദേഹത്തിന്റെ വിജയത്തിനായി ത്യാഗം അനുഭവിച്ച മൂത്ത സഹോദരിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. "അച്ഛന് പ്രതിമാസം കിട്ടിയിരുന്ന 8,000 രൂപ കടം വീട്ടാനെ തികഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് തന്നെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് പണം സമ്പാദിക്കേണ്ടിവന്നു. എന്നേക്കാൾ ബുദ്ധിമുട്ടു അനുഭവിക്കുന്ന ധാരാളം വിദ്യാർത്ഥികൾ വേറെയുമുണ്ടാകും. എനിക്ക് നിങ്ങളോട് പറയാനുള്ളത് 'നിങ്ങളുടെ ജോലി സത്യസന്ധമായി ചെയ്യുക, പോസിറ്റീവായിരിക്കുക. നിങ്ങൾ വിജയിക്കും ഉറപ്പ്" ഈ സന്ദേശത്തോടെയാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.  

click me!