'ഐസ്‌ക്രീം നുണയുന്നതില്‍ ലൈംഗികച്ചുവ', പരസ്യവിവാദത്തില്‍ ഇറാനില്‍ കടുത്ത നടപടി!

Published : Aug 05, 2022, 07:08 PM ISTUpdated : Aug 05, 2022, 07:09 PM IST
'ഐസ്‌ക്രീം നുണയുന്നതില്‍ ലൈംഗികച്ചുവ',  പരസ്യവിവാദത്തില്‍ ഇറാനില്‍ കടുത്ത നടപടി!

Synopsis

ഇതിന്റെ തുടര്‍ച്ചയായാണ് സ്ത്രീകളെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍നിന്നും വിലക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന ഹിജാബ് നിയമത്തിന് വിരുദ്ധമായാണ് ഈ പരസ്യമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പരസ്യങ്ങളില്‍ ഇനി സ്ത്രീകള്‍ അഭിനയിക്കേണ്ട എന്ന വിധത്തില്‍ ഇറാന്‍ സാംസ്‌കാരിക മന്ത്രാലയം ഉത്തരവിറക്കിയത്. 

ഐസ്‌ക്രീം നൊട്ടിനുണയുന്ന സ്ത്രീയുടെ പരസ്യം വിവാദമായതിനെ തുടര്‍ന്ന്, ഇറാനില്‍ സ്ത്രീകള്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്ക്. ഒരു യുവതി ഐസ്‌ക്രീം നുണയുന്ന ദൃശ്യങ്ങള്‍ ലൈംഗികച്ചുവയുള്ളതാണെന്ന വിമര്‍ശനങ്ങള്‍ക്ക് പിറകെയാണ് ഇറാനിലെ സാംസ്‌കാരിക -ഇസ്‌ലാമിക മാര്‍ഗനിര്‍ദേശ മന്ത്രാലയം സ്ത്രീകളെ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വിലക്കി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പേര്‍ഷ്യന്‍ ഭാഷയിലുള്ള ഐസ്‌ക്രീം പരസ്യമാണ് വിവാദമായിരുന്നത്. പുറത്തിറങ്ങിയ ദിവസം തന്നെ ഇതിനെതിരെ നടപടിയും വന്നിരുന്നു. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഇല്ലാതാക്കുന്ന വിധത്തിലാണ് ഈ പരസ്യത്തില്‍ സ്ത്രീയെ ഉപയോഗിച്ചത് എന്നായിരുന്നു ഇറാന്‍ ഭരണകൂടവുമായി ബന്ധമുള്ള വാര്‍ത്താ മാധ്യമങ്ങള്‍ അന്നതിനെ വിശേഷിപ്പിച്ചിരുന്നത്.  ലൈംഗികച്ചുവയോടെയാണ് പരസ്യത്തിലെ സ്ത്രീ ഐസ്‌ക്രീം നുണയുന്നതെന്നും കാഴ്ചക്കാരുടെ മൃദുല വികാരങ്ങള്‍ ഇളക്കിവിടുന്ന പരസ്യം ഇറാന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നുമായിരുന്നു അന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇറാനിലെ മത പണ്ഡിതരുടെ സംഘടനയും പരസ്യത്തിന് എതിരെ രംഗത്തുവന്നിരുന്നു. 

ഇതിന്റെ തുടര്‍ച്ചയായാണ് സ്ത്രീകളെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍നിന്നും വിലക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് നിലനില്‍ക്കുന്ന ഹിജാബ് നിയമത്തിന് വിരുദ്ധമായാണ് ഈ പരസ്യമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പരസ്യങ്ങളില്‍ ഇനി സ്ത്രീകള്‍ അഭിനയിക്കേണ്ട എന്ന വിധത്തില്‍ ഇറാന്‍ സാംസ്‌കാരിക മന്ത്രാലയം ഉത്തരവിറക്കിയത്. പരസ്യ ഏജന്‍സികള്‍ക്കും ഫിലിം സ്‌കൂളുകള്‍ക്കും മറ്റും ഇക്കാര്യം അറിയിച്ച് മന്ത്രാലയം കത്തയച്ചതായി റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്തു. സാംസ്‌കാരിക വിപ്ലവത്തിന്റെ പരമാധികാര സമിതിയുടെ നിര്‍ദേശപ്രകാരമാണ് വിലക്ക് നടപ്പില്‍ വരുത്തുന്നതെന്നാണ് പരസ്യ ഏജന്‍സികള്‍ക്ക് അയച്ച കത്തില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യവല്‍കരണവുമായി ബന്ധപ്പെട്ട് ഇറാനില്‍ നിലനില്‍ക്കുന്ന നിയമത്തെയും കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 

 

 


ബ്രിട്ടീഷ് കമ്പനിയായ യൂനിലിവിറിന്റെ ഉടമസ്ഥതയിലുള്ള ആഗോള ബ്രാന്റിന്റെ ഇറാന്‍ കമ്പനിയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ വിവാദ പരസ്യം പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ സുന്ദരിയായ ഒരു യുവതിയാണുള്ളത്. തലയില്‍ നേരിയ ഒരു ശിരോവസ്ത്രം ധരിച്ച ഈ യുവതി കാറോടിച്ച് പര്‍വ്വതപ്രദേശത്തുകൂടി സഞ്ചരിക്കുന്നതാണ് പരസ്യചിത്രത്തിലുള്ളത്. മനോഹരമായ ഒരു താഴ്‌വരയില്‍ എത്തിയ ഇവര്‍ കാറില്‍നിന്നിറങ്ങി ഐസ് ക്രീം കഴിക്കുന്നത് വീഡിയോയില്‍ കാണാം. ചോക്കോബോറിനെ പോലുള്ള ഐസ്‌ക്രീം നൊട്ടിനുണയുന്ന യുവതിയുടെ വിവിധ ആംഗിളുകളിലുള്ള ദൃശ്യങ്ങളാണ് പരസ്യത്തിലുള്ളത്. 

ഈ പരസ്യം അശ്ലീലമാണെന്ന് ഇതിറങ്ങിയ ഉടനെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.  പരസ്യത്തിലെ സ്ത്രീ ഹിജാബ് ധരിച്ചിട്ടില്ലെന്നും ഐസ് ക്രീം കഴിക്കുന്ന ദൃശ്യങ്ങള്‍ ലൈംഗിക ചുവയുള്ളതാണെന്നുമാണ് വിമര്‍ശകര്‍ പറഞ്ഞത്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിനെതിരായ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുന്നതിനിടെ, അടിയന്തിരമായി ഈ പരസ്യം നീക്കാന്‍ സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍നിന്നും ഈ പരസ്യം നീക്കം ചെയ്യപ്പെട്ടു. ഐസ്‌ക്രീം കമ്പനിക്കും പരസ്യ ചിത്രം തയ്യാറാക്കിയ ഏജന്‍സിക്കുമെതിരെ സ്ത്രീകളെ അപമാനിക്കുന്നതിന് എതിരായ നിയമപ്രകാരം കേസ് എടുക്കുമെന്നും അന്നുതന്നെ ബന്ധപ്പെട്ട സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി. 

അതിനിടെയാണ്, ഇറാനിലെ മതപണ്ഡിതരുടെ ഉന്നതസമിതി ഈ പരസ്യത്തിന്റെ പശ്ചാത്തലത്തില്‍ നടപടി ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ്, പരസ്യ ചിത്രങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കുന്നത് വിലക്കി പുതിയ ഉത്തരവ് പുറത്തുവന്നതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?