Latest Videos

ഓണ്‍ലൈന്‍ റമ്മി കളിച്ച് പാപ്പരായി, പിതാവിനെ പറ്റിക്കാന്‍ ഡോക്ടറുടെ തട്ടിക്കൊണ്ടുപോവല്‍ നാടകം!

By Web TeamFirst Published Aug 5, 2022, 7:04 PM IST
Highlights

കഴിഞ്ഞ വര്‍ഷവും ഓണ്‍ലൈന്‍ റമ്മിയില്‍നിന്നുണ്ടായ കടം വീട്ടാന്‍ ഇയാള്‍ പിതാവിനെ കബളിപ്പിച്ചിരുന്നു. തന്റെ കാറിടിച്ച് രണ്ടു പേര്‍ മരിച്ചതായും പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ 12 ലക്ഷം രൂപ ആവശ്യപ്പെടുന്നതായും ഇയാള്‍അന്ന് പിതാവിനെ അറിയിച്ചു. പിതാവ് 12 ലക്ഷം രൂപ അന്ന് നല്‍കി.

രണ്ട് ദിവസം മുമ്പാണ്. ഓഗസ്ത് മൂന്നിന് കാലത്ത് അഹമ്മദാബാദിലെ ഒരു ബിസിനസുകാരന് ഒരു കോള്‍ വന്നു. നഗരത്തില്‍ നേത്രരോഗ ക്ലിനിക്ക് നടത്തുന്ന മകന്‍ ഡോ. സങ്കേത് ഷായുടെ ഫോണില്‍നിന്നായിരുന്നു കോള്‍. ഹലോ ഹലോ എന്ന് പറഞ്ഞ് ഫോണ്‍ കട്ടായി. പിന്നീട് അതേ ഫോണില്‍നിന്നും അജ്ഞാതനായ ഒരാളുടെ കോളുകള്‍ വന്നുകൊണ്ടിരുന്നു.  നേത്രരോഗ വിദഗ്ധനായ മകനെ തട്ടിക്കൊണ്ടുപോവുകയാണെന്നും 15 ലക്ഷം രൂപ നല്‍കാതെ മോചിപ്പിക്കില്ലെന്നുമായിരുന്നു ഫോണ്‍ കോളുകള്‍. പൊലീസിനെ അറിയിച്ചാല്‍ മകനെ കൊന്നുകളയുമെന്നും അജ്ഞാതന്‍ ഭീഷണിപ്പെടുത്തി. അന്ന് വൈകിട്ട് നാലേ കാലിന് നഗരത്തിലെ ഒരിടത്ത് പണവുമായി എത്താനായിരുന്നു കോള്‍. 

പിതാവ് ഉടനെ തന്നെ സംഭവം പൊലീസില്‍ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണം വൈകാതെ ഫലം കണ്ടു. മധ്യപ്രദേശിലെ ദക്ഷിണ ഭോപ്പാലിലെ ഒരു വീട്ടില്‍നിന്നും അവര്‍ ഡോക്ടറെ മോചിപ്പിച്ചു. എന്നാല്‍, അതോടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന ഒരു തട്ടിപ്പിന്റെ കഥയായിരുന്നു. തട്ടിക്കൊണ്ടുപോവല്‍ നാടകം ആസൂത്രണം ചെയ്തത് ഡോക്ടര്‍ തന്നെയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഓണ്‍ലൈന്‍ റമ്മി കളിയ്ക്ക് അടിമയായ ഡോ. സങ്കേത് ഷായ്ക്ക് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും ഇതാണ് വ്യാജ തട്ടിക്കൊണ്ടുപോവല്‍ നാടകത്തിന് ഇടയാക്കിയതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന്, തട്ടിപ്പ് നടത്തിയ ഡോക്ടര്‍ അറസ്റ്റിലായി. 

ബിസിനസുകാരനായ കീര്‍ത്തി ഷായുടെ മകനാണ് ഡോ. സങ്കേത്. അഹമ്മദാബാദിലെ ഖോക്രയില്‍ നേത്രരോഗ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ 2017-ല്‍ ബാംഗ്ലൂരിലായിരുന്നു മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്. ആ കാലത്തു മുതല്‍ ഓണ്‍ലൈന്‍ ചൂതാട്ട സൈറ്റുകളിലെ പതിവുകാരനായിരുന്നു ഇയാള്‍. പിന്നീടിങ്ങോട്ട്, ഓണ്‍ലൈന്‍ റമ്മിയുടെ ആരാധകനായി മാറിയ ഡോക്ടര്‍ക്ക് അടുത്ത കാലത്തായി ലക്ഷങ്ങളാണ് കളിയിലൂടെ നഷ്ടമായത്. സുഹൃത്തുക്കള്‍ക്കും മറ്റുമായി ഇയാള്‍ 26 ലക്ഷം രൂപയുടെ കടം വീട്ടാനുണ്ടായിരുന്നു. കടക്കെണി മുറുകി വന്നപ്പോഴാണ് കാശു തട്ടുന്നതിനായി ഇയാള്‍ പദ്ധതി ആസൂത്രണം ചെയ്തത്. 

രാവിലെ വീട്ടില്‍നിന്നും ക്ലിനിക്കിലേക്ക് ഇറങ്ങിയ ഡോക്ടര്‍ ഗുജറാത്തിലെ വിവിധ സ്ഥലങ്ങളിലൂടെ കാറില്‍ സഞ്ചരിച്ചാണ് സഹായിക്കൊപ്പം പിതാവിനെ ഫോണ്‍ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കൊപ്പം ഒരു സഹായിയും ഉണ്ടായിരുന്നു. പൊലീസിനെ അറിയിക്കാതെ പിതാവില്‍നിന്നും 15 ലക്ഷം രൂപ സംഘടിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. തുടര്‍ന്ന്, മധ്യപ്രദേശിലേക്ക് കടന്ന ഇയാള്‍ അവിടെ ഒരു വീട്ടില്‍ കഴിയുകയായിരുന്നു. ഇയാളുടെ മറ്റൊരു സഹായി പിതാവില്‍നിന്നും കാശു വാങ്ങുന്നതിനായി അഹമ്മദാബാദ് നഗരത്തില്‍ തന്നെ തുടര്‍ന്നു. ഡോക്ടറുടെ ഫോണില്‍നിന്നാണ് എല്ലാ ഭീഷണി കോളും വന്നത്. ഇതാണ് പൊലീസിന് ആദ്യമേ സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്നാണ് ഫോണ്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചത്. ഭോപ്പാലിലാണ് ഇയാള്‍ ഉളളതെന്ന് മനസ്സിലായതോടെയാണ് അന്വേഷണം ആ വഴിക്ക് നീങ്ങിയത്. 

ഇതാദ്യമായല്ല ഡോക്ടര്‍ പിതാവിനെ കബളിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷവും ഓണ്‍ലൈന്‍ റമ്മിയില്‍നിന്നുണ്ടായ കടം വീട്ടാന്‍ ഇയാള്‍ പിതാവിനെ കബളിപ്പിച്ചിരുന്നു. തന്റെ കാറിടിച്ച് രണ്ടു പേര്‍ മരിച്ചതായും പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ 12 ലക്ഷം രൂപ ആവശ്യപ്പെടുന്നതായും ഇയാള്‍അന്ന് പിതാവിനെ അറിയിച്ചു. പിതാവ് 12 ലക്ഷം രൂപ അന്ന് നല്‍കി. ഈ പണവും ഓണ്‍ലൈന്‍ റമ്മിയിലൂടെ ഉണ്ടായ കടം വീട്ടാനാണ് ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി. എന്തായാലും കടം വീട്ടാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, തട്ടിപ്പു കേസില്‍ അറസ്റ്റിലാവുക കൂടി ചെയ്തു, ഈ നേത്രരോഗ വിദഗ്ധന്‍. 
 

click me!