മരണമടഞ്ഞ കള്ളക്കടത്തുകാരന്റെ വീട്ടില്‍ റെയ്ഡ്, കണ്ടെത്തിയത് കോടികളുടെ വിഗ്രഹങ്ങള്‍!

By Web TeamFirst Published Aug 5, 2022, 7:06 PM IST
Highlights

സാധാരണ മട്ടിലുള്ള ആ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നാല്‍, ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തലിലേക്കാണ് വാതില്‍തുറന്നത്. ആ വീട്ടിലെ നിലവറയില്‍നിന്ന് അവര്‍ കണ്ടെടുത്തത് അമൂല്യമായ ഒമ്പത് വിഗ്രഹങ്ങളായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് പൊലീസിന്റെ വിഗ്രഹമോഷണം കണ്ടെത്തുന്ന പ്രത്യേക വിഭാഗം ചെന്നൈ ബ്രോഡ്‌വേയിലെ പേദരിയാര്‍ കോവില്‍ സ്ട്രീറ്റിലെ ആ വീട്ടിലെത്തുന്നത്. പമേല ഇമ്മാനുവല്‍ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ആ വീട്. വിഗ്രഹക്കള്ളക്കടത്തുകാരനായിരുന്ന മാനുവല്‍ ആര്‍ പിനേറോയുടെ ഭാര്യയായിരുന്നു പമേല. മാനുവല്‍ ആര്‍ പിനേറ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. അതിനുശേഷം, അയാള്‍ക്കെതിരായ അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു പൊലീസ്. 

സാധാരണ മട്ടിലുള്ള ആ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നാല്‍, ഞെട്ടിപ്പിക്കുന്ന ഒരു കണ്ടെത്തലിലേക്കാണ് വാതില്‍തുറന്നത്. ആ വീട്ടിലെ നിലവറയില്‍നിന്ന് അവര്‍ കണ്ടെടുത്തത് അമൂല്യമായ ഒമ്പത് വിഗ്രഹങ്ങളായിരുന്നു. മുന്നൂറ് വര്‍ഷം പഴക്കമുള്ള ഈ വിഗ്രഹങ്ങള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വിലവരുമെന്നാണ് പുരാവസ്തുവിദഗ്ധര്‍ പറയുന്നത്. 

വിഗ്രഹക്കള്ളക്കടത്ത് സംഘത്തിന്റെ നേതാവായിരുന്ന മാനുവലിന്റെ വീട്ടില്‍ അപൂര്‍വ്വ വിഗ്രഹങ്ങള്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ആദ്യം കണ്ടെത്തിയത് ദക്ഷിണ ഗുരുമൂര്‍ത്തിയുടെ പുരാതന വിഗ്രഹമായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ തെരച്ചിലില്‍ മറ്റ് എട്ടു വിഗ്രഹങ്ങള്‍ കൂടി അവര്‍ കണ്ടെടുത്തു. ഈ വിഗ്രഹങ്ങള്‍ എവിടെനിന്ന് ലഭിച്ചതാണ് എന്ന ചോദ്യത്തിന് ഒരു മറുപടിയും വീട്ടുകാര്‍ക്കുണ്ടായിരുന്നില്ല. ഇതിന്റെ രേഖകേളാ മറ്റ് വിവരങ്ങളോ ഹാജരാക്കാനും വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് ഈ അമൂല്യ വിഗ്രഹങ്ങള്‍ പൊലീസ് പിടിച്ചെടുത്തത്. തുടര്‍ന്ന്, പുരാവസ്തു വിദഗ്ധര്‍ ഈ വിഗ്രഹങ്ങള്‍ പരിശോധിച്ചു. ഇവ മുന്നൂറു വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് എന്നാണ് അവരുടെ അനുമാനം. അന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപ വിലവരുന്നതാണ് ഇവയെന്നും അവര്‍ പറഞ്ഞു. 

ഈ വിഗ്രഹങ്ങളെല്ലാം എവിടെ നിന്നോ അടര്‍ത്തിയെടുത്തതു പോലെയാണ് ഉണ്ടായിരുന്നത്. ഏതൊക്കെയോ ക്ഷേത്ര ചുവരുകളില്‍നിന്നും അടര്‍ത്തിയെടുത്തതാവാം ഇതെന്നാണ് പൊലീസ് കരുതുന്നത്. ഏതൊക്കെ ക്ഷേത്രങ്ങളില്‍നിന്നും മോഷ്ടിച്ചതാണ് ഇവയെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്. മാനുവലിന്റെ സംഘാംഗങ്ങള്‍ക്കു വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവരെ കിട്ടിയാല്‍ മാത്രമേ എവിടെനിന്നുള്ളതാണ് ഈ ദേവവിഗ്രഹങ്ങളെന്ന കാര്യത്തില്‍ വ്യക്തത വരൂ. 

മാനുവല്‍ മരിച്ചതിനു ശേഷം ഈ വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങളും മറ്റും ഇതിന് തടസ്സമായി. അങ്ങനെയാണ് ഈ അമൂല്യ വിഗ്രഹങ്ങള്‍ ഇവര്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. 
 

click me!