
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാറ്റോ ഉച്ചകോടിക്കിടെ നടത്തിയ ഒരു പരാമർശം വിവാദമായി. പിന്നാലെ സമൂഹ മാധ്യമങ്ങളിലും ട്രംപിനെതിരെ രൂക്ഷ പരിഹാസം നിറഞ്ഞു. ഇറാനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ട്രംപ് പതിവ് പോലെ അബദ്ധത്തിൽ "ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ" എന്ന് പരാമർശിച്ചു. ട്രംപിന്‍റെ ഈ പരാമർശം വലിയ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേരാണ് ട്രംപിനെ ട്രോളിക്കൊണ്ട് രംഗത്തെത്തിയത്.
Trump: "We had 11 missiles shot by the Islamic Republic of Japan" pic.twitter.com/JvRlmhWEE0
— Iran Military Update (@_IranMilitary_) July 8, 2026
നാറ്റോ ഉച്ചകോടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നതായി വിശദീകരിക്കുന്നതിനിടെ, ട്രംപ് "ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ" എന്ന പരാമർശം നടത്തി. "ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ജപ്പാൻ 111 മിസൈലുകൾ തൊടുത്തുവിട്ടു. അവർ നമ്മുടെ വിമാനവാഹിനിക്കപ്പലിനെ (യുഎസ്എസ് എബ്രഹാം ലിങ്കൺ) ഒരു മണിക്കൂറിനുള്ളിൽ വെടിവച്ചു, അവ ഓരോന്നും തകർത്തു," ട്രംപ് പറഞ്ഞു. എന്നാൽ പ്രസംഗത്തിന്‍റെ തുടർന്നുള്ള ഭാഗങ്ങളിൽ ട്രംപ് ഇറാനെക്കുറിച്ചാണ് സംസാരിച്ചത്. എന്നാൽ, ലോകം ഒരു യുദ്ധസമാനമായ അവസ്ഥയിൽ നിൽക്കുമ്പോഴും ട്രംപിന്‍റെ അശ്രദ്ധമായ പെരുമാറ്റം വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്.
The Islamic Republic of Japan is now threatening to block The Strait of Hormuz following hostilities with the United States. pic.twitter.com/a9Gc2gXGL4
— Rep. Jack Kimble (@RepJackKimble) July 8, 2026
സംഭവത്തിന് പിന്നാലെ എക്സ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പുകൾ വ്യാപകമായി പ്രചരിച്ചു. അമേരിക്കയുടെ അടുത്ത സഖ്യരാജ്യങ്ങളിലൊന്നായ ജപ്പാനെ "ഇസ്ലാമിക് റിപ്പബ്ലിക്" എന്ന് വിശേഷിപ്പിച്ചതിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പലരും പ്രതികരിച്ചത്. ട്രംപിന്‍റെ പ്രസംഗങ്ങളിലെ ഇത്തരം നാവുപിഴകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും ട്രോളുകൾക്കും കാരണമായി.
അതേസമയം, പ്രസംഗത്തിനിടെ ട്രംപ് ഇറാനെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാമെന്ന മുന്നറിയിപ്പും നൽകി. ആവശ്യമായാൽ ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ മടിക്കില്ലെന്നും ട്രംപ് പറഞ്ഞു. അതോടൊപ്പം ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമല്ലെന്ന നിലപാടും ട്രംപ് ആവർത്തിച്ചു. സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും നിലവിലെ സാഹചര്യത്തിൽ ചർച്ചകൾ സമയം പാഴാക്കുന്നതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ട്രംപിന്‍റെ നാക്കു പിഴ ഒറ്റപ്പെട്ട സംഭവമല്ലെന്നും അടുത്തകാലത്തായി അന്തർദേശീയ വേദികളിൽ പ്രസംഗിക്കുമ്പോഴെല്ലാം ട്രംപിന് സ്ഥിരമായി അബദ്ധങ്ങൾ പറ്റാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ട്രംപിന്‍റെ വിമർശകർ ഇത് ആയുധമാക്കുന്നുണ്ടെങ്കിലും അതെല്ലാം വെറും നാക്കുപിഴ മാത്രമാണെന്ന നിലപാടിലാണ് ട്രംപ് അനുയായികൾ.