ഏഴ് വർഷമായി ശരീരം തളർന്ന് കിടക്കുകയായിരുന്ന ഭർത്താവിനെ സ്നേഹവും പരിചരണവും കൊണ്ട് ഭാര്യ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെട്ട ഷാവോ ജിൻക്വിയാനെ, ഭാര്യ സോങ് മെയ് നിരന്തരമായി പരിചരിക്കുകയും, ഒടുവിൽ അദ്ദേഹം ബോധം വീണ്ടെടുത്ത് സംസാരിക്കുകയും ചെയ്തു. ഇവരുടെ പ്രണയകഥ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രീരം തളർന്ന് കിടക്കുന്നവരും കോമയിലായവരും ചിലപ്പോൾ ഏവരെയും ഞെട്ടിച്ച് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച് വരവ് നടത്താറുണ്ട്. അപ്രതീക്ഷിതമായതെന്തെങ്കിലും ജീവിതത്തിൽ സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ പരാശ്രയം വേണ്ടവർക്ക് തങ്ങളുടെ പൂർവ്വാവസ്ഥയിലേക്ക് തിരിച്ച് വരാനുള്ള ഊർജ്ജം ലഭിക്കാറ്. അത്തരമൊരു സംഭവം ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഏഴ് വർഷമായി ശരീരം തളർന്ന് കിടക്കുകയായിരുന്ന ഭർത്താവിന്‍റെ കാലിൽ ഭാര്യ കടിച്ചു. പിന്നാലെ ഏഴുന്നേറ്റ ഭർത്താവ് തന്‍റെ ഭാര്യയോട് 'ഐ ലവ് യു' എന്ന് പറഞ്ഞെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം

2019 -ൽ, ഏഴ് വർഷങ്ങൾക്ക് മുമ്പ്, ഒരു വെയർഹൗസിന്‍റെ മേൽക്കൂരയിൽ കുടുങ്ങിയ മൂന്ന് വയസുള്ള കുട്ടിയെ രക്ഷിക്കാനായി കയറിയതായിരുന്നു വാട്ടർപ്രൂഫിംഗ് ജോലിക്കാരനായ ഷാവോ ജിൻക്വിയാൻ. കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് രക്ഷപ്പെടുത്തുന്നതിനിടെ അയാൾ ആറ് മീറ്ററോളം താഴ്ചയിലേക്ക് വീണു. വീഴുമ്പോൾ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അയാൾ സ്വന്തം ശരീരമുപയോഗിച്ച് അവനെ പൊതിഞ്ഞ് പിടിച്ചു. കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഷാവോയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. അദ്ദേഹം ബോധം വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്.

ഏഴ് വർഷം നീണ്ട കിടപ്പ്

ഭർത്താവിനെ വീണ്ടെടുക്കാൻ സോങ് മെയ് (45) തന്‍റെ ഏഴ് വർഷം ചെലവഴിച്ചു. എല്ലാ ദിവസവും അദ്ദേഹത്തിന്‍റെ വസ്ത്രങ്ങൾ മാറ്റി. ഭക്ഷണം നൽകി. കൈകൾക്കും കാലുകൾക്കും വ്യായാനം കൊടുത്ത് അവൾ, ഷവോയോട് നിരന്തരം സംസാരിച്ച് കൊണ്ടിരുന്നു. ഒപ്പം ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനായി സോങ് ദിവസവും ഷാവോയുടെ കാൽ വിരലുകളിൽ കടിച്ചു. ഒന്നും രണ്ടുമല്ല, ഏഴ് വർഷത്തോളം അവൾ അദ്ദേഹത്തെ പരിചരിച്ചു. ഒടുവിൽ അയളുടെ ശരീരം പതുക്കെ പ്രതികരിച്ച് തുടങ്ങി. കഴിഞ്ഞ ദിവസം അദ്ദേഹം തന്‍റെ ഭാര്യയെ നോക്കി 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞപ്പോൾ സോങ് ഞെട്ടിപ്പോയി. പിന്നാലെ നടത്തിയ പരിശോധനയിൽ ഷാവോയ്ക്ക് നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

വൈറലായി ഷാവോയും സോങും

ലളിത ജീവിതമായിരുന്നു അപകടത്തിനും മുമ്പ് ഇരുവരും നയിച്ചിരുന്നത്. കിൻറർഗാർട്ടനിലെ ചിത്രകാലാ അധ്യാപികായായിരുന്നു സോങ്. അവർ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യമായി ചിത്രകല പഠിപ്പിച്ച് കൊടുത്തു. അപകടത്തിന് മുമ്പ് ചില കുട്ടികളുടെ വിദ്യാഭ്യാസം ഷാവോ സ്പോർൺസർ ചെയ്തിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇരുവരുടെയും അനുഭവം ഇന്ന് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. യഥാർത്ഥ പ്രണയം എന്നായിരുന്നു ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കൾ ഇരുവരെയും വിശേഷിപ്പിച്ചത്.