ഒളിസ്ഥലം വളഞ്ഞ് സൈന്യം; ഇസ്രായേല്‍ ജയില്‍നിന്ന് രക്ഷപ്പെട്ട അവസാന തടവുകാരും കീഴടങ്ങി

By Web TeamFirst Published Sep 20, 2021, 3:57 PM IST
Highlights

ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍നിന്ന് രക്ഷപ്പെട്ട ആറ് ഫലസ്തീന്‍ തടവുകാരില്‍ അവസാനത്തെ രണ്ടുപേരെ കൂടി പിടികൂടി. അതിര്‍ത്തി കടന്ന് ഫലസ്തീന്‍ ഗ്രാമത്തില്‍ എത്തിയ ഇവരെ തേടി ഇസ്രായേല്‍ സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്നു.

ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍നിന്ന് രക്ഷപ്പെട്ട ആറ് ഫലസ്തീന്‍ തടവുകാരില്‍ അവസാനത്തെ രണ്ടുപേരെ കൂടി പിടികൂടി. അതിര്‍ത്തി കടന്ന് ഫലസ്തീന്‍ ഗ്രാമത്തില്‍ എത്തിയ ഇവരെ തേടി ഇസ്രായേല്‍ സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്നു. നാട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ തെരച്ചില്‍ നടത്തിയ സൈന്യം ഫലസ്തീനികളുമായി ഏറ്റുമുട്ടി. അതിനിടെയാണ് ഇരുവരും സൈന്യത്തിന് കീഴടങ്ങിയത്. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ എന്നു പറഞ്ഞാണ് ഇരുവരും കീഴടങ്ങിയതെന്ന് ഇസ്രായേലി പത്രം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയതു.  ജയില്‍ ചാടിയ നാലു തടവുകാരെ നേരത്തെ പിടികൂടിയിരുന്നു. 

അയ്ഹം നയാഫ് കമ്മാജി എന്ന 35-കാരനും മുനാദില്‍ യാഖൂബ് ഇന്‍ഫയാത് എന്ന 26 കാരനുമാണ് അറസ്റ്റിലായത്. ജെനിന്‍ പ്രദേശത്തെ വീട്ടില്‍ ഒളിച്ചു പാര്‍ക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്. 2006-ല്‍ അറസ്റ്റിലായ അയ്ഹം കമ്മാജി ജീവപര്യന്തം തടവുകാരനാണ്. ജീവപര്യന്തം തടവുകാരനായ മുനാദില്‍ 2019-ലാണ് ജയിലിലായത്. 

 

 

വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍നിന്ന് 10 ദിവസം മുമ്പാണ് മറ്റ് നാലുപേര്‍ക്കൊപ്പം ഇവര്‍ തടവുചാടിയത്.  വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതായിരുന്നു ഈ ആറ് ഫലസ്തീന്‍ തടവുകാരും. ഒരു സെല്ലില്‍ ഒരുമിച്ച് കൂടിയ തടവുകാര്‍ ബാത്ത്‌റൂമില്‍നിന്നും പുറത്തേക്ക് തുരങ്കം നിര്‍മിച്ചാണ് രക്ഷപ്പെട്ടത്. 
അതീവസുരക്ഷയുണ്ടെന്ന് കരുതുന്ന ഇസ്രായേലി ജയിലില്‍നിന്നുള്ള ഇവരുടെ ജയില്‍ ചാട്ടം ഫലസ്തീന്‍ ജനത ആഘോഷമായതാണ് കണ്ടിരുന്നത്. തങ്ങള്‍ക്കേറ്റ വലിയ അടിയായി ഈ സംഭവത്തെ കണക്കാക്കിയ ഇസ്രായേലി സൈന്യം സര്‍വ്വശക്തിയും ഉപയോഗിച്ച് ഇവരെ തിരഞ്ഞുവരികയായിരുന്നു. 

ഇസ്രായേല്‍ കൊടുംഭീകരനായി പ്രഖ്യാപിച്ച അല്‍ അഖ്സ ബ്രിഗേഡ് നേതാവ് സക്കരിയ സുബൈദി, ഭീകരവാദ കേസുകളില്‍ മൂന്ന് ജീവപര്യന്തം തടവുകള്‍ ഒന്നിച്ചനുഭവിക്കുന്ന മുഹമ്മദ് അറദെ എന്നിവര്‍ ഒമ്പതു ദിവസം മുമ്പാണ് വീണ്ടും പിടിയിലായത്. ഉമ്മുല്‍ ഖാനം ഗ്രാമത്തില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റ് രണ്ടുപേരെയും അതിന്റെ രണ്ടു ദിവസം മുമ്പ് ഇസ്രായേലിലെ നസറേത്ത് ഗ്രാമത്തില്‍നിന്ന് പിടികൂടിയിരുന്നു. ഇസ്ലാമിക് ജിഹാദ് അംഗങ്ങളായ മഹമ്മൂദ് അറദെ, യാക്കൂബ് ഖാദരി എന്നിവരാണ് പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ പിടിയിലായത്. ആറംഗ സംഘത്തിലെ നാലു പേര്‍ പിടിയിലായതതോടെ ശേഷിക്കുന്നവര്‍ക്കായി ഇസ്രായേല്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. അതിനിടെയാണ് ഇന്നലത്തെ അറസ്റ്റ്. 

 

 

സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് ഫലസ്തീന്‍ പ്രദേശമായ ജെനിനിലേക്കാണ് ഇരുവരും രക്ഷപ്പെട്ടിരുന്നത്. ഈ വിവരം അറിഞ്ഞാണ് ഇന്നലെ ഇസ്രായേല്‍ പൊലീസും രഹസ്വാന്വേഷണ വിഭാഗവും സൈന്യത്തിന്റെ പിന്തുണയോടെ ഇവിടെ വളഞ്ഞത്. ഇതിനെതിരെ ഫലസ്തീന്‍കാര്‍ രംഗത്തുവരികയും ഇസ്രായേലി സൈന്യവുമായി ഏറ്റുമുട്ടുകയും ചെയ്തു. കല്ലും മണ്‍കട്ടയുമായി സൈന്യത്തെ പ്രതിരോധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ വെടിവെപ്പ് നടത്തി. അതിനിടെയാണ്, നാട്ടുകാര്‍ക്ക് കൂടുതല്‍ അപകടം വരേണ്ട എന്ന തീരുമാനത്തില്‍ ഇരു തടവുകാരും കീഴടങ്ങിയതതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പിടിയിലായവരെ അതിക്രൂരമായാണ് ഇസ്രായേല്‍ കൈകാര്യം ചെയ്യുന്നതെന്ന് അവരുടെ അഭിഭാഷകര്‍ ആരോപിച്ചിരുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നല്‍കാതെ ചോദ്യം ചെയ്യലിന്റെ പേരില്‍ കൊടുംക്രൂരതയാണ് സൈന്യം നടത്തുന്നതെന്നും അഭിഭാഷകര്‍ പറയുന്നു. 

click me!