'ബ്യൂട്ടി ഓഫ് ബെംഗളൂരു'എന്ന ടൈറ്റിലിലാണ് യുവാവ് തന്റെ ഈ അനുഭവം കുറിച്ചിരിക്കുന്നത്. കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ഡ്രൈവറെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

കരുതലിന്റെയും ചേർത്തുപിടിക്കലുകളുടെയും സത്യസന്ധതയുടേയും പോസ്റ്റുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ആളുകൾ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അതുപോലെ, ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നാല് ദിവസം മുൻപ് ടാക്സിയിൽ മറന്നുവെച്ച വാലറ്റ് സുരക്ഷിതമായി ഉടമയ്ക്ക് തിരികെ നൽകിയ ഒരു ഡ്രൈവറാണ് നെറ്റിസൺസിന്റെ കയ്യടി നേടുന്നത്. റെഡ്ഡിറ്റിലൂടെയാണ് യാത്രക്കാരൻ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. 'നാല് ദിവസം മുൻപാണ് ടാക്സിയിൽ വെച്ച് എന്റെ വാലറ്റ് നഷ്ടപ്പെടുന്നത്. വീട്ടിലെത്തിയപ്പോഴാണ് കാര്യം ഓർമ വരുന്നത്. ഉടൻ തന്നെ ഡ്രൈവറെ വിളിച്ച് സംസാരിച്ചു. വാഹനം വാഷ് ചെയ്യാനായി നൽകിയിരിക്കുകയാണെന്നും പരിശോധിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകൾക്കകം വാലറ്റ് കിട്ടി എന്നും പറഞ്ഞ് ഡ്രൈവറുടെ വിളിയെത്തി...' എന്ന് യുവാവ് പറയുന്നു.

'ബ്യൂട്ടി ഓഫ് ബെംഗളൂരു'എന്ന ടൈറ്റിലിലാണ് യുവാവ് തന്റെ ഈ അനുഭവം കുറിച്ചിരിക്കുന്നത്. കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ഡ്രൈവറെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'നിങ്ങൾ ശരിക്കും ഭാഗ്യവാനാണ്, ഇത്തരം സംഭവങ്ങൾ അപൂർവ്വമാണ്' എന്നാണ് ഒരാൾ കുറിച്ചത്. ഡ്രൈവർക്ക് അർഹിച്ച പാരിതോഷികം നൽകണമെന്നും ആപ്പിൽ 5 സ്റ്റാർ റേറ്റിംഗ് നൽകണമെന്നും മറ്റു ചിലർ ഓർമിപ്പിച്ചു.

'അദ്ദേഹത്തിന്റെ സത്യസന്ധതയെ മാനിക്കുന്നു, എനിക്ക് വലിയ ബഹുമാനം തോന്നുന്നു' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. 'മനുഷ്യത്വത്തിലുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുന്ന അനുഭവമാണിത്' എന്നായിരുന്നു വേറൊരു കമന്റ്. 'ഇത്തരം കൊച്ചു കൊച്ചു സത്യസന്ധതകളാണ് ബെംഗളൂരുവിനെ യഥാർത്ഥത്തിൽ മനോഹരമാക്കുന്നത്' എന്നും ആളുകൾ അഭിപ്രായപ്പെടുന്നു. ചെറിയ ചില കരുതലുകളും, സത്യസന്ധമായ പ്രവൃത്തികളും മറ്റുള്ളവരിൽ ഉണ്ടാക്കുന്ന സ്വാധീനവും, പ്രതീക്ഷകളും എത്രമാത്രം വലുതാണ് എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം അല്ലേ?