ജെറ്റ് എയർവേയ്‌സ് പൂട്ടിയപ്പോൾ ജോലി പോയി, PMC ബാങ്ക് പൊളിഞ്ഞപ്പോൾ സമ്പാദ്യവും - ഹൃദയം പൊട്ടിമരിച്ച് അമ്പത്തൊന്നുകാരൻ

By Web TeamFirst Published Oct 15, 2019, 6:20 PM IST
Highlights

ജോലിപോയതിന്റെ സങ്കടം നിലനിൽക്കെ തന്നെ, അന്നു വരെ താൻ കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വെച്ചിരുന്ന സമ്പാദ്യം   നഷ്ടമായി എന്നുകൂടി അറിഞ്ഞപ്പോൾ അത് താങ്ങാനാവാതെ ഹൃദയം പൊട്ടിയാണ് അദ്ദേഹം മരിച്ചത്  

ഒരു എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർ ആയിരുന്നു സഞ്ജയ് ഗുലാത്തി  എന്ന അമ്പത്തൊന്നുകാരൻ.  അദ്ദേഹത്തിന് തന്റെ ജീവിതത്തിലെ ആദ്യത്തെ പ്രഹരമേൽക്കുന്നത്, മാസങ്ങൾക്ക് മുമ്പ് അതുവരെ ജോലിചെയ്തിരുന്ന  ജെറ്റ് എയർവേയ്‌സ് വിമാനക്കമ്പനി നഷ്ടം കാരണം പൂട്ടിപ്പോയപ്പോഴാണ്. ഒരു സുപ്രഭാതത്തിൽ,  കമ്പനി ഗുലാത്തിയെ പിരിച്ചുവിട്ടു. പെട്ടെന്നുണ്ടായ തൊഴിൽ നഷ്ടം ഗുലാത്തിയെ മാനസിക സംഘർഷത്തിലാക്കി എങ്കിലും, മറ്റെതെങ്കിലുമൊക്കെ കമ്പനികളിൽ തനിക്ക് താമസിയാതെ തൊഴിൽ കിട്ടും എന്ന പ്രതീക്ഷ ഗുലാത്തി കൈവെടിഞ്ഞില്ല.  

രണ്ടര പതിറ്റാണ്ടുകാലത്തെ ജോലിയിലൂടെ കിട്ടിയിരുന്ന ശമ്പളത്തുക അങ്ങനെ അനാവശ്യമായി ചെലവൊന്നും ചെയ്യാതെ അതിൽ നിന്ന് മിച്ചം പിടിച്ചുകൊണ്ട് ബാങ്കിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്നു ഗുലാത്തി. ഏകദേശം 90  ലക്ഷത്തോളം രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. അത് മക്കളുടെ വിദ്യാഭ്യാസത്തിനും, വിവാഹത്തിനും ഒക്കെയായി അദ്ദേഹം കരുതി വെച്ചിരുന്നതായിരുന്നു എങ്കിലും, തല്ക്കാലം അതിൽ നിന്ന് അല്പാല്പം എടുത്ത് ചെലവിട്ടുകൊണ്ട് അദ്ദേഹം അടുത്ത ഒരു ജോലിക്കായുള്ള പരിശ്രമം തുടർന്ന്.  

അതിനിടെയായിരുന്നു വിധിയുടെ അടുത്ത പ്രഹരം. ഗുലാത്തി തന്റെ ആയുഷ്കാലത്തിന്റെ സമ്പാദ്യമെല്ലാം കൊണ്ട് നിക്ഷേപിച്ചിരുന്നത് പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റിവ് ബാങ്ക് എന്ന വളരെ വിശ്വസ്തമായ ബാങ്കിലായിരുന്നു. 35  വർഷത്തിലധികം കാലത്തെ സേവനപാരമ്പര്യമുണ്ടായിരുന്ന ആ ബാങ്ക് സുരക്ഷിതമാണ് എന്നുതന്നെയാണ് എല്ലാവരും പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ അച്ഛനടക്കമുള്ള ബന്ധുക്കൾ തങ്ങളുടെ സമ്പാദ്യങ്ങൾ സൂക്ഷിച്ചിരുന്നത് ആ ബാങ്കിലായിരുന്നു.  അത് ഒരു ദിവസം വിവാദങ്ങൾക്കു നടുവിലായി. 

PMC ബാങ്ക്,  പാപ്പർസ്യൂട്ടടിച്ചു നിൽക്കുന്ന ഹൗസിങ്ങ് ഡെവലപ്പ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (HDIL) എന്ന ധനകാര്യസ്ഥാപനത്തിന് കടത്തിന്മേൽ കടം അനുവദിച്ച് 6500 കോടിയിലധികം രൂപയുടെ കിട്ടാക്കടം (NPA) ഉണ്ടാക്കി വെച്ചുവത്രെ. ഈ വിഷയത്തിൽ നടത്തപ്പെട്ട നിയമവിരുദ്ധമായ പ്രവർത്തനങ്ങളുടെ പേരിൽ എക്കണോമിക് ഒഫെൻസസ് വിങ്ങ് ഒക്ടോബർ 9 -ന്  ബാങ്കിന്റെ എംഡിയെയും ചെയര്മാനെയും മറ്റും അറസ്റ്റുചെയ്തു. റിസർവ് ബാങ്ക് ഈ പ്രശ്നം തുടങ്ങിയതിനു ശേഷം ബാങ്കിലെ ഇടപാടുകൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പിൻവലിക്കാവുന്ന തുകയ്ക്ക് RBI പരിധി നിശ്ചയിച്ചു. ആദ്യം ആയിരം രൂപയായിരുന്ന അത് ഇപ്പോൾ 25000  രൂപയായിട്ടുണ്ടെങ്കിലും, ലക്ഷങ്ങൾ ഡിപ്പോസിറ്റ് ചെയ്തിരുന്ന ഇടപാടുകാർ അതോടെ ആകെ അങ്കലാപ്പിലായി. അതേപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നതോടെ കസ്റ്റമേഴ്‌സ് എല്ലാവരും കൂടി നിക്ഷേപങ്ങൾ പിൻവലിക്കാനായി ബാങ്കിലെത്തി. ഒരു 'ബാങ്ക് റൺ' സാഹചര്യം തന്നെ സൃഷ്ടിക്കപ്പെട്ടു. അത്യാവശ്യങ്ങൾക്കായി പണം ബാങ്കിലിട്ട പലരും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. പെൻഷൻ ആനുകൂല്യങ്ങൾ മുതൽ സ്വത്തുവിറ്റുകിട്ടിയ പണം വരെ, മക്കളുടെ വിവാഹത്തിനുള്ള വക മുതൽ, കാൻസർ ചികിത്സയ്ക്കുള്ള പണം വരെ ബാങ്കിലിട്ടിരുന്ന പലരും പണം പിൻവലിക്കാനാകാതെ കുഴങ്ങുകയാണ്. 

കസ്റ്റമേഴ്‌സ് എല്ലാവരും കൂടി സംഘടിച്ച് ബാങ്കിനെതിരെ പ്രതിഷേധ പ്രകടനവും അനിശ്ചിതകാല സമരവും തുടങ്ങി. എൺപതുവയസ്സുള്ള അച്ഛനോടൊപ്പം സമരത്തിൽ പങ്കെടുക്കാൻ വേണ്ടി പകൽ മുഴുവൻ വെയിലുകൊണ്ടിട്ടാണ് ഗുലാത്തി രാത്രി വീട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ടതിന്റെ പിന്നാലെ  ആയുസ്സിന്റെ സമ്പാദ്യം കൂടി വെള്ളത്തിലായി എന്നറിഞ്ഞതോടെ ഗുലാത്തി കടുത്ത മാനസിക സംഘര്ഷത്തിലായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി തീന്മേശയിൽ കുടുംബത്തോടൊപ്പം ഇരുന്നതാണ്, അവിടെ വെച്ചുതന്നെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ അദ്ദേഹം മരണമടഞ്ഞു. 

ജോലിപോയതിന്റെ സങ്കടം നിലനിൽക്കെ തന്നെ, അന്നു വരെ താൻ കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വെച്ചിരുന്ന സമ്പാദ്യമെല്ലാം, ബാങ്കിന്റെ അധികാരികളുടെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം നഷ്ടമായി എന്നുകൂടി അറിഞ്ഞപ്പോൾ അത് താങ്ങാനാവാതെ ഹൃദയം പൊട്ടിയാണ് അദ്ദേഹം മരിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് ഈ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യത്തെ മരണമാണ്. എന്നാൽ, ബാങ്കിന്റെ അഴിമതിയുടെ വ്യാപ്തി വളരെ വലുതാണ്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടപ്പെട്ട പലരും ഇതുപോലെ കടുത്ത മാനസിക സംഘർഷത്തിലാണ്. പലരും ആത്മഹത്യയുടെ വക്കിലും. ഈ അവസരത്തിൽ റിസർവ് ബാങ്ക് തന്നെ മുന്നോട്ടു വന്ന് പണം നഷ്ടപ്പെട്ടവരെ സഹായിക്കണം എന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. 

click me!