
യുഎസിന്റെ ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതി ജഡ്ജി(US Supreme Court judge)യാവാൻ ഒരു കറുത്ത വംശജ. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‍തത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ(President Joe Biden) വെള്ളിയാഴ്ച രാജ്യത്തെ പരമോന്നത കോടതിയുടെ ജഡ്ജിയായി കേതൻജി ബ്രൗൺ ജാക്‌സണെ(Ketanji Brown Jackson) നാമനിർദ്ദേശം ചെയ്‌തതായി സിഎൻഎൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ജസ്റ്റിസ് സ്റ്റീഫൻ ബ്രെയർ വിരമിക്കൽ പ്രഖ്യാപിച്ചതുമുതൽ ഒഴിവിലേക്ക് മുൻനിരയിൽ തന്നെ പരിഗണിക്കപ്പെട്ട ആളായിരുന്നു കേതൻജി. ഈ അമ്പത്തിയൊന്നുകാരി നിലവിൽ ഡിസിയുടെ ഫെഡറൽ അപ്പീൽ കോടതിയിൽ സേവനമനുഷ്ഠിക്കുന്നു.
സെനറ്റ് അവരുടെ നിയമനം സ്ഥിരീകരിച്ചാൽ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന രാജ്യത്തെ ആദ്യത്തെ കറുത്തവംശജയായി അവർ മാറും. എന്നിരുന്നാലും, വാഷിംഗ്ടണിലെ എല്ലാ ഡെമോക്രാറ്റുകളും കേതൻജിയുടെ നിയമനത്തിന് അനുകൂലമായി വോട്ട് ചെയ്യേണ്ടിവരും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പബ്ലിക്കൻ പിന്തുണയില്ലാതെ ഡെമോക്രാറ്റുകളുടെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും അടക്കം 50 വോട്ടുകൾ നേടിയതോടെ കേതൻജിയുടെ സേവനം ഉറപ്പിക്കുന്ന കാര്യം ഏതാണ്ട് തീർച്ചയാണ്.
എന്നാൽ, സുപ്രീം കോടതിയിൽ ജഡ്ജിയാവാൻ ആദ്യത്തെ കറുത്ത വംശജയായ സ്ത്രീയുടെ പേര് നിർദ്ദേശിക്കാനുള്ള ബൈഡന്റെ തീരുമാനം റിപ്പബ്ലിക്കൻമാരുടെ എതിർപ്പ് നേരിടുന്നുണ്ട്. ഏതായാലും, അടുത്തയാഴ്ച സെനറ്റർമാരുമായി കേതൻജി ആദ്യ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഹാര്‍വാര്‍ഡില്‍ നിന്നും ബിരുദവും നിയമവും നേടിയ കേതന്‍ജി 2013 -ലാണ് ഫെഡറല്‍ ജഡ്ജിയാകുന്നത്. അതിന് മുമ്പ് യുഎസ് സെന്റന്‍സിംഗ് കമ്മീഷനില്‍ സേവനമനുഷ്ഠിച്ചു. അപ്പീല്‍ ജഡ്ജി, ജില്ലാ കോടതി ജഡ്ജി, യു എസ് ശിക്ഷാ കമ്മീഷന്‍ അംഗം, ഫെഡറല്‍ പബ്ലിക് ഡിഫന്‍ഡര്‍ എന്നീ നിലകളിലും പരിചയസമ്പത്തുണ്ട്.