രാഹുൽ ഗാന്ധിയുടെ ടീമിൽ കനയ്യാ കുമാർ; ചരടുവലികൾ നടത്തിയത് ആരാണ്?

Published : Sep 28, 2021, 06:05 PM ISTUpdated : Sep 28, 2021, 06:08 PM IST
രാഹുൽ ഗാന്ധിയുടെ ടീമിൽ കനയ്യാ കുമാർ; ചരടുവലികൾ നടത്തിയത് ആരാണ്?

Synopsis

സിപിഐയുടെ ഈ ക്ഷുഭിതയൗവ്വനം ഇന്നുമുതൽ കോൺഗ്രസിന്റെ പാളയത്തിലെ പടക്കുതിരയാണ്. 

കനയ്യ കുമാർ എന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുരുങ്ങിയ നാളുകൾ കൊണ്ട് ഏറെ ദൂരം താണ്ടിയ ഒരു നേതാവാണ്. 2016 ഫെബ്രുവരിയിൽ ജെഎൻയുവിൽ പഠിക്കുന്ന കാലത്ത് ഗവേഷക വിദ്യാർത്ഥി യൂണിയൻ നേതാവായിരിക്കെ, രാജ്യദ്രോഹപരമായ മുദ്രാവാക്യം വിളിച്ചു എന്നാരോപിക്കപ്പെട്ട് യുഎപിഎ ചുമത്തി തുറുങ്കിൽ അടയ്ക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ആദ്യമായി ലൈംലൈറ്റിൽ വരുന്നത്. പിന്നീട്, 2019 -ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെഗുസരായിയിൽ നിന്ന് മത്സരിച്ച കനയ്യ കുമാർ അന്ന് ബിജെപിയുടെ ഗിരിരാജ് സിങിനോട് പരാജയപ്പെട്ടത് 4.71 ലക്ഷം വോട്ടിന്റെ വമ്പിച്ച മാർജിനിലാണ്. എന്നാൽ, ഈ തോൽവിയ്ക്കു ശേഷവും, പാർട്ടിയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ കനയ്യയ്ക്ക് സാധിച്ചിരുന്നു.കനയ്യക്ക് ബെഗുസരായിയിൽ നിന്ന് മത്സരിക്കാൻ സീറ്റു നൽകിയതും, പിന്നീട് അദ്ദേഹത്തെ സിപിഐ കേന്ദ്ര കമ്മിറ്റി അംഗമാക്കിയതുമെല്ലാം  ബിഹാർ കമ്യൂണിസ്റ്റു പാർട്ടിയുടെ മുതിർന്ന നേതാവായ സത്യനാരായൺ സിങാണ്. കൊവിഡ് ബാധിച്ച്  സിംഗ് അന്തരിച്ച ശേഷമാണ് കനയ്യ പാർട്ടിയിൽ ഒറ്റപ്പെടാൻ തുടങ്ങിയതും അദ്ദേഹത്തിന് നേരെ പാർട്ടിക്കുള്ളിൽ തൊഴുത്തിൽകുത്തുകൾ ഉണ്ടാവാൻ തുടങ്ങിയതും.  

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രഭരണത്തിനുമെതിരെ ഉയർന്ന സിപിഐയുടെയും ഇടതുപക്ഷത്തിന്റെയും എക്കാലത്തെയും ഏറ്റവും തീവ്രമായ സ്വരങ്ങളിൽ ഒന്ന് കനയ്യയുടെതായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം നേരിടേണ്ടി വന്നു എങ്കിലും ടെലിവിഷൻ ഡിബേറ്റുകളിലും, റാലികളിൽ പ്രസംഗങ്ങളിലുമെല്ലാം കനയ്യ കുമാർ എന്നും ശോഭിച്ചു തന്നെ നിന്നു. സിപിഐയുടെ ഈ ക്ഷുഭിതയൗവ്വനം ഇന്നുമുതൽ കോൺഗ്രസിന്റെ പാളയത്തിലെ പടക്കുതിരയാണ്. 

കനയ്യ കുമാർ എന്ന നേതാവ് സിപിഐയിൽ നിന്ന് അകന്നകന്നു പോവാനും കോൺഗ്രസ് കേന്ദ്രങ്ങളോട് അടുക്കാനും കാരണങ്ങൾ പലതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സിപിഐ പോലൊരു പാർട്ടിയിൽ നിന്നാൽ തനിക്ക് രാഷ്ട്രീയ ഭാവി ഉണ്ടാവില്ല എന്ന കണക്കുകൂട്ടൽ ആണ് കനയ്യയെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത് എന്ന് പറയപ്പെടുന്നു. പട്നയിലെ സിപിഐ ആസ്ഥാനത്ത് അടുത്തിടെ നടന്ന ഒരു കശപിശയെ തുടർന്ന് പാർട്ടി കനയ്യയെ ശാസിച്ചതും ഒരു കാരണമാണ് എന്ന് വിശ്വസിക്കുന്നവരുമുണ്ട്. മനീഷ് തിവാരിയെപ്പോലെയുള്ള കോൺഗ്രസ് നേതാക്കളിൽ ചിലർക്ക് കനയ്യ കുമാറിന്റെ എൻട്രിയിൽ അനിഷ്ടമുണ്ട് എങ്കിലും, കനയ്യയെ കോൺഗ്രസിലേക്ക് എത്തിച്ചതിനു പിന്നിലും ഒരു പ്രാദേശിക കോൺഗ്രസ് നേതാവിന്റെ കരങ്ങൾ തന്നെയാണ് പ്രവർത്തിച്ചത് എന്നാണ് പട്നയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്ന വർത്തമാനം. 

 

ഇങ്ങനെ കനയ്യകുമാറെന്ന തീപ്പൊരി യുവനേതാവിനെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ കരുക്കൾ നീക്കിയത് കോൺഗ്രസ് എംഎൽഎ ആയ ഷക്കീൽ അഹ്മദ് ഖാൻ ആണ് എന്നാണ് അഭ്യൂഹം. കനയ്യയുമായി നല്ല ബന്ധത്തിൽ ആയിരുന്ന ഖാൻ തന്നെയാണ് രാഹുൽ ഗാന്ധിയും കനയ്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും അവസരമുണ്ടാക്കിയത് എന്നും പറയപ്പെടുന്നു. കനയ്യ അടുത്തകാലങ്ങളിൽ നടത്തിയ പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങൾക്കും ബിഹാറിൽ ഖാൻ കനയ്യയോട് സഹകരിക്കുകയുണ്ടായി.

 

കനയ്യയുടെ ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ആണ് എന്ന് മറ്റൊരു സംസാരവുമുണ്ട്. പ്രശാന്ത് കിഷോർ നിർദേശിച്ച തന്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി കനയ്യയെയും ജിഗ്നേഷ് മേവാനിയെയും പോലുള്ള യുവനേതാക്കളെ പാളയത്തിലെത്തിച്ച് പടപ്പുറപ്പാട് നടത്തുന്നത് എന്നും പറയപ്പെടുന്നു. കനയ്യയെ പോലുള്ള യുവാക്കളെ 2022 -ൽ യുപിയിൽ  നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൃത്യമായി ഉപയോഗിക്കാനും രാഹുൽ ഗാന്ധിക്ക് പദ്ധതിയുണ്ട് എന്നാണ് കോൺഗ്രസ് നേതാക്കളിൽ പലരും കരുതുന്നത്. 


 

PREV
click me!

Recommended Stories

രാത്രിയെന്നോ പകലെന്നോ ഇല്ല, 6 മാസത്തിനുള്ളിൽ വീട്ടിലെത്തിയത് ഓർഡർ ചെയ്യാത്ത നൂറോളം പാക്കേജുകൾ
ഇങ്ങനെയുള്ള മാനേജറൊക്കെ ഈ ലോകത്തുണ്ടോ, ഭാഗ്യം വേണം; വൈറലായി പോസ്റ്റ്, കമന്‍റുകളുമായി നെറ്റിസണ്‍സ്