
കടുത്ത ജോലിഭാരവും മാനസിക സമ്മർദ്ദവും കുറയ്ക്കാൻ പുരാതനമായ ഒരു ആത്മീയ ഉപകരണത്തെ മനോഹരമായ കളിപ്പാട്ടമാക്കി മാറ്റിയിരിക്കുകയാണ് ചൈനയിലെ യുവതലമുറ. ബുദ്ധമത വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന 'മുയു' (Muyu) അഥവാ വുഡൻ ഫിഷ് (Wooden Fish) എന്ന ഉപകരണമാണ് ഇപ്പോൾ ഡിജിറ്റലായും കളിപ്പാട്ട രൂപത്തിലും വിപണി കീഴടക്കുന്നത്. പ്രശസ്ത ചൈനീസ് ബ്രാൻഡായ 'പോപ്പ് മാർട്ട്' പുറത്തിറക്കിയ പുതിയ പരമ്പരയാണ് ഈ തരംഗത്തിന് പിന്നിൽ.
ചൈനയിൽ ഉത്ഭവിച്ച മുയു, തടിയിൽ നിർമ്മിച്ച മത്സ്യത്തിന്‍റെ ആകൃതിയിലുള്ള ഒരു വാദ്യോപകരണമാണ്. ബുദ്ധസന്യാസിമാർ മന്ത്രങ്ങൾ ഉരുവിടുമ്പോൾ താളം പിടിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. മത്സ്യം ഉറങ്ങുമ്പോഴും കണ്ണുകൾ അടയ്ക്കാറില്ല എന്നതിനാൽ, സന്യാസിമാർ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന അർത്ഥത്തിലാണ് ഇതിന് മത്സ്യരൂപം നൽകിയിരിക്കുന്നത്.
2018-ൽ ഹോങ്കോംഗ് കലാകാരി, പുച്ചി ബ്രാൻഡിനായി പോപ്പ് മാർട്ട് പുറത്തിറക്കിയ പക്കി നോക്ക് നോക്ക് സീരീസിന് വേണ്ടിയാണ് ഈ കളിപ്പാട്ടം നിർമ്മിച്ചത്. പട്ടുപോലെ മൃദുവായ ഈ കീചെയിൻ കളിപ്പാട്ടത്തിന്‍റെ കൈയ്യിൽ ഒരു ചെറിയ മരത്തടി ഉണ്ടായിരിക്കും. ഇത് പുറത്തെടുത്ത് കളിപ്പാട്ടത്തിന്‍റെ തലയിൽ തട്ടുമ്പോൾ പൂച്ച കരയുന്നതുപോലെ 'മ്യാവൂ' എന്ന ഇലക്ട്രോണിക് ശബ്ദം കേൾക്കാം.
കളിപ്പാട്ടങ്ങൾക്ക് പുറമെ സ്മാർട്ട്ഫോൺ ആപ്പുകളിലും മുയു തരംഗമാണ്. ആപ്പിലെ മുയു ചിത്രത്തിൽ തൊടുമ്പോൾ യഥാർത്ഥ മുയുവിൽ തട്ടുന്നത് പോലെയുള്ള ശബ്ദം കേൾക്കാം. ഇത് മനസ്സിന് വലിയ സമാധാനവും സന്തോഷവും നൽകുന്നുവെന്നാണ് ചൈനീസ് യുവാക്കൾ പറയുന്നത്. ഈ കളിപ്പാട്ടങ്ങൾക്ക് ചൈനീസ് വിപണിയിൽ ഇന്ന് വൻ ഡിമാൻഡാണുള്ളത്. ഏകദേശം 99 യുവാൻ (ഏകദേശം 1,283.56 ഇന്ത്യൻ രൂപ) ആണ് ഇതിന്‍റെ വില.