ആകാശത്തോട് തൊട്ടുരുമ്മി, 15,050 അടി ഉയരത്തിൽ 'കോമിക് ഗ്രാമം'; ലോകത്തിലെ ഏറ്റവും ഉയർന്ന ജനവാസ ഗ്രാമം, അതും ഇന്ത്യയിൽ!

Published : Sep 01, 2026, 11:36 AM IST
Komik

Synopsis

ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന കോമിക്, ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോർ ഗതാഗത സൗകര്യമുള്ള ഗ്രാമങ്ങളിലൊന്നാണ്. പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ഓക്സിജൻ അളവും വെല്ലുവിളിയാണെങ്കിലും, പ്രകൃതിയോടിണങ്ങിയ ജീവിതശൈലിയിലൂടെയും ശക്തമായ സാമൂഹിക ബന്ധങ്ങളിലൂടെയും ഇവിടുത്തെ ജനത അതിജീവിക്കുന്നു.

മുദ്രനിരപ്പിൽ നിന്ന് 15,050 അടി ഉയരത്തിൽ, ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന 'കോമിക്' (Komic) എന്ന കൊച്ചുഗ്രാമം ലോകശ്രദ്ധ നേടുന്നു. ആകാശത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അത്യപൂർവ്വം ജനവാസ മേഖലകളിലൊന്നായ ഈ ഗ്രാമത്തിലേക്ക് മോട്ടോർ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന റോഡുമുണ്ട്. മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ കവാടത്തിൽ, 'ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോർ ഗതാഗത സൗകര്യമുള്ള ഗ്രാമം' എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത് കാണാം. നേപ്പാളിലെ ധോ താരാപ്, ബൊളീവിയയിലെ സാന്‍റാ ബാർബറ എന്നിവയും സമാന അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും, സമുദ്രനിരപ്പിൽ നിന്ന് 4,587 മീറ്റർ ഉയരത്തിലുള്ള ഈ വിദൂര ബുദ്ധമത ഗ്രാമം ലോകത്തിലെ ഏറ്റവും ഉയർന്ന ജനവാസ കേന്ദ്രങ്ങളിലൊന്നാണെന്ന് ഉറപ്പിച്ച് പറയാം.

പ്രതികൂല കാലാവസ്ഥയും കഠിന ജീവിതവും

ഏകദേശം നൂറോളം ആളുകൾ മാത്രം വസിക്കുന്ന കോമിക്കിൽ ജീവിതം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. സമുദ്രനിരപ്പിലുള്ളതിനേക്കാൾ വളരെ കുറഞ്ഞ ഓക്സിജൻ അളവാണ് ഇവിടെയുള്ളത്. മഞ്ഞുവീഴ്ച കടുക്കുന്നതോടെ വർഷത്തിൽ ആറുമാസത്തോളം ഈ പ്രദേശം ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെടുന്നു. ഇവിടെ ഇന്‍റർനെറ്റ്, ഫോൺ കണക്റ്റിവിറ്റി എന്നിവ വളരെ പരിമിതമാണ്. സ്കൂളുകളും ആശുപത്രികളും ഏറെ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

യൂട്യൂബർ കനിഷ്ക് ഗുപ്തയുടെ 'ഇന്ത്യാസ് വില്ലേജ് ക്ലോസെസ്റ്റ് ടു ദി സ്കൈ' എന്ന വ്ലോഗിലൂടെയാണ് ഈ ഗ്രാമം അടുത്തിടെ വീണ്ടും വാർത്തകളിൽ വലിയ രീതിയിൽ ഇടംപിടിച്ചത്. ഗ്രാമത്തിലെത്തിയപ്പോൾ തന്‍റെ ശരീരത്തിലെ ഓക്സിജൻ അളവ് 80 ശതമാനമായി കുറഞ്ഞതായി കനിഷ്ക് വ്യക്തമാക്കുന്നു. എന്നാൽ, തലമുറകളായി ഇവിടെ ജീവിക്കുന്ന തദ്ദേശീയരുടെ ശരീരത്തിൽ ഉയർന്ന അളവിൽ ചുവന്ന രക്താണുക്കൾ ഉത്പാദിക്കപ്പെടുന്നതിനാൽ, കുറഞ്ഞ ഓക്സിജൻ അളവിലും അവർ സുഗമമായി ജീവിക്കുന്നുവെന്നു.

പ്രകൃതിയോട് പൊരുത്തപ്പെട്ട വാസ്തുവിദ്യ

കഠിനമായ തണുപ്പിനെ പ്രതിരോധിക്കാൻ രണ്ടടി കനമുള്ള മൺചുവരുകളുള്ള വീടുകളാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ വീടുകൾക്ക് വെള്ളനിറം നൽകുന്നു. ശൈത്യകാലത്ത് വെള്ളം തണുത്തുറയുന്നതിനാൽ ഡ്രൈ ടോയ്‌ലറ്റുകളാണ് ഇവർ ഉപയോഗിക്കുന്നത്. ഇവയിലെ അവശിഷ്ടങ്ങൾ പിന്നീട് കൃഷിക്കായി വളമാക്കി മാറ്റും. ഇവിടെ മരങ്ങൾ അപൂർവ്വമായതിനാൽ യാക്ക്, പശു, കഴുത എന്നിവയുടെ ഉണങ്ങിയ ചാണകമാണ് വീടുകളിൽ ചൂടുപകരുന്ന 'ബുഖാരി'കളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. വളർത്തുമൃഗങ്ങളെ രാത്രികാലങ്ങളിൽ വീടിനുള്ളിൽ തന്നെയാണ് സംരക്ഷിക്കുന്നത്.

സമീപ ഗ്രാമങ്ങൾ

കോമിക്കിന് സമീപമുള്ള മറ്റ് പ്രദേശങ്ങളും പ്രശസ്തമാണ്.

ലങ്സ (Langza): കോമിക്കിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിൽ നിന്ന് പുരാതന ടെത്തിസ് സമുദ്രത്തിന്‍റെ സാന്നിധ്യം വിളിച്ചോതുന്ന സമുദ്രജീവികളുടെ അപൂർവ്വ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.

ചൗ ചൗ കാങ് നിൽഡ: പ്രദേശത്ത് വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കുന്ന 20,000 അടി ഉയരമുള്ള ഈ കൊടുമുടിയെ തദ്ദേശീയർ വിശുദ്ധ പർവ്വതമായി കരുതുന്നു.

ഹിക്വിം (Hikkim): ലോകത്തിലെ ഏറ്റവും ഉയർന്ന പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് കോമിക്കിന് തൊട്ടടുത്തുള്ള ഈ ഗ്രാമത്തിലാണ്.

അടിസ്ഥാന സൗകര്യങ്ങൾ കുറവാണെങ്കിലും ഗ്രാമവാസികളുടെ പരസ്പര സ്നേഹവും അതിഥി സത്കാരവുമാണ് കോമിക്കിന്‍റെ യഥാർത്ഥ കരുത്ത്. ഗ്രാമത്തിലെ ഏതെങ്കിലും ഒരു വീട്ടിൽ ആഘോഷം നടന്നാൽ ഗ്രാമം മുഴുവൻ ഒന്നിച്ച് ചേർന്ന് അതിൽ പങ്കാളികളാകുന്നു. തണുത്തുറഞ്ഞ കാലാവസ്ഥയിലും സന്ദർശകരെ ഊഷ്മളമായി സ്വീകരിക്കുന്ന ഈ മനുഷ്യരാണ് കോമിക്കിനെ കൂടുതൽ മനോഹരമാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

​ഗുരുതരമായ രോ​​ഗത്തെ അതിജീവിച്ചവർക്ക് പ്രണയം കണ്ടെത്താനായി ഒരു റിയാലിറ്റി ഷോ
കോളേജ് പഠനം പാതിവഴിയില്‍ നിര്‍ത്തി, പോക്കിമോൻ കാർഡ് വിറ്റ് യുവാവ് നേടിയത് കോടികൾ