
ബീഹാറിൽ ഒരു പട്ടിക്ക് താമസ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിവാദമായി. 'ഡോഗ് ബാബു' എന്ന് പേരുള്ള ഒരു നായയ്ക്കാണ് ബീഹാറിൽ താമസ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. റവന്യൂ ഓഫീസർ മുരാരി ചൗഹാന്‍റെ ഡിജിറ്റൽ ഒപ്പോട് കൂടിയ താമസ സര്‍ട്ടിഫിക്കാറ്റാണ് ഡോഗ് ബാബുവിന് നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറാലാണ്.
ബീഹാർ ആർടിപിഎസിന്‍റെ മസൗരി സോൺ ഓഫീസിന്‍റെ പോർട്ടലിൽ നിന്നാണ് താമസ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതിൽ ഒരു ഗോൾഡൻ റിട്രീവറിന്‍റെ ചിത്രവും അതിന്‍റെ പേര് "ഡോഗ് ബാബു" എന്നാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം കുത്ത ബാബുവിന്‍റെ മകനാണ് ഡോഗ് ബാബുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അമ്മയുടെ പേരിന്‍റെ സ്ഥാനത്ത് 'കുത്തിയ ദേവി' എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ബീഹാറിലെ പട്ന ജില്ലയിലെ നഗർ പരിഷത്ത് മസൗരിയിലെ വാർഡ് നമ്പർ 15 -ലെ മൊഹല്ല കൗലിചക് എന്നാണ് ഡോഗ് ബാബുവിന്‍റെ വിലാസമായി രേഖപ്പെടുത്തിയത്.
സംഭവം വിവാദമായതോടെ നായയ്ക്ക് താമസ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചയാൾക്കും കമ്പ്യൂട്ടർ ഓപ്പറേറ്റർക്കും സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥനും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പട്‌ന ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ സർട്ടിഫിക്കറ്റ് റദ്ദാക്കിയതായും എന്നാല്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെയാണ് സംഘടിപ്പിച്ചതെന്നും അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു. സർക്കാര്‍ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ അധികാര ദൂര്‍വിനിയോഗം നടന്നോയെന്ന് സംശയിക്കുന്നതായി ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം സര്‍ട്ടിഫിക്കറ്റിനെ കുറിച്ചുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 'ഏറ്റവും തമാശയുള്ള വ്യാജ സർട്ടിഫിക്കറ്റ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ന്യൂയോര്‍ക്കിൽ നായ്ക്കളെ കുടുംബാംഗങ്ങളായി അംഗീകരിക്കുന്നെന്നും അതുകൊണ്ട് നമ്മളും ലോകത്തിനൊപ്പം സഞ്ചരിക്കുന്നെന്ന് മറ്റൊരു കാഴ്ചക്കാരന്‍ പരിഹസിച്ചു. ഇത് ബീഹാറില്‍ മാത്രം സംഭവിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ കണ്ടെത്തല്‍.