ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ കൊടുംക്രൂരതകളെക്കുറിച്ച് പറയാതെ ചരിത്രപുസ്‍തകങ്ങള്‍, തിരുത്താനൊരുങ്ങി ലേബര്‍ പാര്‍ട്ടി

Published : Dec 13, 2019, 12:07 PM IST
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ കൊടുംക്രൂരതകളെക്കുറിച്ച് പറയാതെ ചരിത്രപുസ്‍തകങ്ങള്‍, തിരുത്താനൊരുങ്ങി ലേബര്‍ പാര്‍ട്ടി

Synopsis

യുകെയിൽ ജനിച്ചവരും വിദ്യാസമ്പന്നരുമായ ഇന്ത്യൻ വംശജർക്കിടയിലും ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ കോളനിഭരണത്തെ കുറിച്ച് വലിയ ധാരണയൊന്നുമില്ല. 

ചരിത്രം എക്കാലവും വെളുത്തവരുടെയും അധികാരി വർഗ്ഗത്തിന്‍റെയും വിജയകഥകൾ മാത്രം പറയുന്നവയാണ്. അവരുടെ കൊടുംക്രൂരതകൾ പലപ്പോഴും ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. ബ്രിട്ടനിലും സ്ഥിതി വ്യത്യസ്‍തമായിരുന്നില്ല. ബ്രിട്ടനിലെ വിദ്യാർത്ഥികളുടെ ചരിത്രപുസ്‍തകത്തിൽ ബ്രിട്ടീഷ് സാമ്രാജ്യം  ഇന്ത്യയിലും മറ്റിടങ്ങളിലും നടത്തിയ ക്രൂരഭരണത്തെ കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല. കാരണം, അവിടെ ഈ വിഷയം പാഠ്യപദ്ധതിയുടെ ഭാഗമേ അല്ല എന്നതാണ്. അതുകൊണ്ടുതന്നെ അവിടെ വിദ്യാർത്ഥികൾ ചരിത്രത്തിലെ ഈ ക്രൂരതയെ കുറിച്ച് മനസ്സിലാക്കാതെ സ്‍കൂൾ പഠനം പൂർത്തിയാക്കുന്നു. എന്നാൽ, ഇപ്പോൾ ചരിത്രപരമായ ഈ വിടവ് നികത്താൻ തയ്യാറാവുകയാണ് ലേബർ പാർട്ടി.

ആഗോളചരിത്രത്തിൽ വ്യക്തമായ കാഴ്‍ച്ചപ്പാടുള്ള അക്കാദമിക്കുകളും, രക്ഷകർത്താക്കളും, തൊഴിലുടമകളും ഇതിനുവേണ്ടി ശബ്‌ദം ഉയർത്താൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. ബ്രിട്ടീഷ് സ്‍കൂളുകളിൽ അധിനിവേശത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്‍ച്ചപ്പാടുകൾ പകർന്നു കൊടുക്കാൻ പലപ്പോഴായി കോൺഗ്രസ് എംപി ശശി തരൂർ ശ്രമിച്ചിട്ടുണ്ട്. അതൊന്നും വേണ്ടരീതിയിൽ പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ആദ്യമായി ബ്രിട്ടനിൽ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാവുകയാണ്.  

'തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ചരിത്രപരമായ അനീതിയായി കണക്കാക്കാവുന്ന കൊളോണിയലിസത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ള പങ്ക് ദേശീയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ലേബർ പാർട്ടി ഉറപ്പുനൽകി. ഇതിനായി ഒരു വിമോചന വിദ്യാഭ്യാസ ട്രസ്റ്റ് ഉണ്ടാകാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. അടിമത്തത്തെക്കുറിച്ചും വിമോചനത്തിനായുള്ള പോരാട്ടത്തെക്കുറിച്ചും ബ്രിട്ടനിലെ ഭാവി തലമുറകളെ ബോധവത്കരിക്കുകയെന്നതാണ് പുതിയ വിമോചന വിദ്യാഭ്യാസ ട്രസ്റ്റിന്‍റെ ലക്ഷ്യം' എന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബി പറഞ്ഞു.

ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലിസം സ്‍കൂളുകളിൽ പഠിപ്പിക്കണമെന്ന് ഞാൻ പണ്ടേ വാദിച്ചിരുന്നുവെന്നും, വിഭജനം ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നുവെന്നും സീനിയർ ലേബർ നേതാവും സ്ഥാനാർത്ഥിയുമായ വീരേന്ദ്ര ശർമ പറഞ്ഞു.

ബ്രിട്ടീഷ് അധിനിവേശം പഠിപ്പിക്കുന്നതിനുപകരം എല്ലാം പാഠ്യപദ്ധതിയിൽ നിന്നും അത്തരം വിഷയങ്ങൾ മാറ്റപ്പെട്ടു എന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തെയും അതിന്‍റെ പാരമ്പര്യത്തെയും കുറിച്ച് അറിവില്ലാതെയാണ് വിദ്യാർത്ഥികൾ സ്‍കൂളിനുശേഷം ചരിത്ര കോഴ്‌സുകളിൽ ചേരുന്നത് എന്ന് യൂണിവേഴ്‌സിറ്റി ലക്ചറർമാർ അഭിപ്രായപ്പെട്ടു. നാസി ജർമ്മനിയും, യൂറോപ്യൻ ചരിത്രവും, അമേരിക്കൻ ആഭ്യന്തര യുദ്ധങ്ങളും മറ്റുമാണ് പാഠ്യപദ്ധതിയിൽ കൂടുതലെന്നും അവർ പറഞ്ഞു.

യുകെയിൽ ജനിച്ചവരും വിദ്യാസമ്പന്നരുമായ ഇന്ത്യൻ വംശജർക്കിടയിലും ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ കോളനിഭരണത്തെ കുറിച്ച് വലിയ ധാരണയൊന്നുമില്ല. 2018 -ൽ ലണ്ടൻ സ്‍കൂളുകളിൽ നിന്നുള്ള 14 ഇന്ത്യൻ വംശജരായ യുവാക്കൾ ആദ്യമായി ഇന്ത്യ സന്ദർശിക്കാനിടയായി. ഇന്ത്യയിലെത്തിയ അവർ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് കേട്ടിട്ടില്ലെന്ന് പറഞ്ഞത് പലരിലും ഞെട്ടലുണ്ടാക്കിയിരുന്നു. 

ഏതായാലും വലിയൊരു മാറ്റത്തിനാണ് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി തുടക്കമിടുന്നത്. ഇന്ത്യയിലടക്കം നടത്തിയ അധിനിവേശത്തിന്‍റെയും ക്രൂരതയുടെയും കണക്കുകള്‍ ചരിത്രത്തില്‍ നിന്ന് ഇല്ലാതായിപ്പോകുന്നതിന് പകരം അവ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുന്നതിനുള്ള തുടക്കമാകും ഇത്.  

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ