മൂന്നുമാസം ഉറങ്ങിയത് ജനലുകളില്ലാത്ത അലമാരക്കകത്ത്; ഇന്ന് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കമ്പനിയുടെ മുതലാളി

By Web TeamFirst Published Dec 12, 2019, 5:01 PM IST
Highlights

അങ്ങനെ വർഷങ്ങളുടെ അധ്വാനത്തിനൊടുവിൽ ഇപ്പോൾ‌ 160 രാജ്യങ്ങളിലായി അയ്യായിരത്തിലധികം കമ്പനികൾ‌ മത്തിയാസിന്‍റെ ടൈംലി അപ്ലിക്കേഷൻ‌ ഉപയോഗിക്കുന്നു. 

നമുക്കിടയിൽ പലരും ജീവിതത്തിൽ വിജയം നേടാനായി എത്രവേണമെങ്കിലും അധ്വാനിക്കാൻ തയ്യാറുള്ളവരാണ്. ജീവിതലക്ഷ്യങ്ങളെ പൂർത്തീകരിക്കാനായി അവർ ഏതു സാഹസത്തിനും സജ്ജമായേക്കാം. മത്തിയാസ് മിക്കൽ‌സൺ അത്തരമൊരു ചെറുപ്പക്കാരനായിരുന്നു. അയാളുടെ സംരംഭക സാക്ഷാത്കാരത്തിനായി ഒരു അലമാരയിൽ മൂന്നുമാസം കഴിയാൻ പോലും അയാൾ തയ്യാറായി. അയാളുടെ തികഞ്ഞ അധ്വാനശീലവും എന്തും സഹിക്കാനുള്ള മനോഭാവവും അങ്ങനെ അയാളെ നോർവീജിയയിലുള്ള 'മെമ്മറി' എന്ന ടെക് കമ്പനിയുടെ ഉടമസ്ഥനാക്കി മാറ്റി. 

നോർവേയുടെ വടക്കുഭാഗത്ത് ജനിച്ച മത്തിയാസ് വളർന്നത് തലസ്ഥാനമായ ഓസ്ലോയ്ക്ക് പുറത്തുള്ള ഒരു പട്ടണത്തിലാണ്. ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകുകയെന്നതാണ് തന്‍റെ കുട്ടിക്കാലത്തെ ആഗ്രഹമെന്ന് മത്തിയാസ് പറയുന്നു. എന്നാൽ വലുതായപ്പോൾ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്സിൽ താല്പര്യം തോന്നിയ അയാൾ സെക്കൻഡറി സ്‍കൂളിൽ പഠിക്കുമ്പോൾ തന്നെ കമ്പനികൾക്കായി വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്‍ത് പണം നേടാൻ തുടങ്ങി. പതിനെട്ടാം വയസ്സിൽ  ഓസ്ലോയിലെ നിരവധി ഡിജിറ്റൽ ഡിസൈൻ കമ്പനികളിൽ മത്തിയാസ് ജോലി ചെയ്‍തു. എന്നാൽ, സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്ന ആഗ്രഹം അയാളെ 2013 -ൽ സമയം ക്രമീകരിക്കാൻ സഹായിക്കുന്ന 'ടൈംലി' എന്ന പേരിലുള്ള ഒരു ഓൺലൈൻ അപ്ലിക്കേഷൻ  ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. ഓസ്ലോയിൽ താമസിക്കുമ്പോൾ അങ്ങനെ മത്തിയാസ് 2013 മെയ് മാസത്തിൽ തന്‍റെ സ്വപ്‍നസാക്ഷാത്കാരമായ ടൈംലി അപ്ലിക്കേഷൻ ഉണ്ടാക്കി. എന്നാൽ അത് വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.

 

"എനിക്ക് ഫേസ്ബുക്കിൽ കുറച്ച് ലൈക്കുകൾ ലഭിച്ചു, പക്ഷേ യഥാർത്ഥ ഉപഭോക്താക്കളൊന്നുംതന്നെ വന്നില്ല" അയാൾ പറഞ്ഞു. രാവും പകലും അയാൾ ഇതിനായി സമയം ചിലവഴിക്കാൻ തുടങ്ങി. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. തന്‍റെ അധ്വാനം പാഴായിപ്പോകുമോ എന്ന് അയാൾ ഭയന്നു. അയാൾക്ക് കടുത്ത നിരാശ തോന്നി. അയാളുടെ സമ്പാദ്യവും കുറഞ്ഞുവന്നു. എന്നാൽ ഉറച്ച മനസോടെ അയാൾ തന്‍റെ ശ്രമം തുടർന്ന് കൊണ്ടേയിരുന്നു. ഓസ്ലോയിലെ തന്‍റെ അപ്പാർട്ട്മെന്‍റ് വിൽക്കാൻ അയാൾ തയ്യാറായി. അത് വിറ്റ സമ്പാദ്യവുമായി അയാൾ നേരെ പോയത് സിലിക്കൺ വാലിയിലേക്കാണ്.

പക്ഷെ, തികച്ചും പുതിയൊരു സ്ഥലത്ത് പരിചയക്കാർ ആരുംതന്നെ ഇല്ലാതെ അയാൾ വലഞ്ഞു. "ആ സമയത്ത് നോർവേയിൽ ഇത്തരമൊരു വ്യവസായ സംരംഭത്തിന് സാധ്യതകൾ കുറവായിരുന്നു. അതുകൊണ്ടുതന്നെയാണ് ഞാൻ സിലിക്കൺ വാലിയിലേക്ക് മാറാൻ തീരുമാനിച്ചത്" മത്തിയാസ് പറഞ്ഞു. "പക്ഷേ, എനിക്ക് അവിടെ ആരെയും പരിചയമില്ലയിരുന്നു. എന്നാൽ, ബിസിനസ്സിന് സൗഹൃദം അനിവാര്യമാണെന്ന് ഞാൻ മനസിലാക്കി. കൂടുതൽ ആളുകളും ജോലിസ്ഥലത്തും കോളേജുകളിലും കൂട്ടുകാരെ കണ്ടെത്തുന്നു. എന്നാൽ, എനിക്ക് ഇത് രണ്ടും സാധ്യമായിരുന്നില്ല" അയാൾ പറഞ്ഞു. അവിടെ തനിച്ചായിപ്പോകുമെന്ന് ചിന്തിച്ച മത്തിയാസ് ഒരു പുതിയ മാർഗ്ഗം പരീക്ഷിക്കാൻ തീരുമാനിച്ചു.

ആർബിൻബ് വീടുകളിൽ വാടകക്ക് താമസിക്കുക എന്നതായിരുന്നു അയാളുടെ പുതിയ തീരുമാനം. പുറംരാജ്യങ്ങളിൽ യാത്രക്കാർക്ക് ഹോട്ടലുകൾക്കു പകരം വീടുകളിൽ വാടകക്ക് താമസിക്കാം. ഇതിനെയാണ് ആർബിൻബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ ആഴ്ചയിലും അയാൾ പുതിയ സ്ഥലത്തേക്ക് താമസം മാറിക്കൊണ്ടിരിക്കും.  ഒരുപാട് പുതിയ കൂട്ടുകാരെ ലഭിക്കാനും അയാളുടെ ഉത്പന്നം അവരെ പരിചയപ്പെടുത്താനും ഇതുവഴി സാധിച്ചു.

മത്തിയാസിന്‍റെ സ്വപ്‍നം പക്ഷെ അതിലൊന്നും ഒതുങ്ങിയില്ല. ചെറുപ്പക്കാരായ ബിസിനസ്സുകാർ താമസിച്ചിരുന്ന ഹാക്കർ വീടുകളിലേക്ക് താമസം മാറാനായിരുന്നു അയാളുടെ അടുത്ത ശ്രമം. ഇത് ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തന്നെ സഹായിക്കും എന്നയാൾക്ക് തീർച്ചയുണ്ടായിരുന്നു. ഒരുപാട് സംരംഭകർ ഒത്തുകൂടുന്നിടമാണ് അത്. അവിടെ അവർ പരസ്പരം സഹായിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്‍തിരുന്നു അവിടെ.  

അങ്ങനെ 2014 -ൽ 15 പേരുള്ള ഒരു സ്ഥലത്തേക്ക് മത്തിയാസ് മാറി. പക്ഷെ അവിടെ ആകെ 15 കിടക്കയേ ഉണ്ടായിരുന്നുള്ളൂ. പിന്നെയുള്ളത് ജനലുകളിലാത്ത അലമാരിക്കകത്തെ ഒരു കിടക്ക മാത്രമാണ്. "ഞാൻ ആ അലമാരയിൽ മൂന്നുമാസം ഉറങ്ങി. എനിക്ക് നാണക്കേടോ, ലജ്ജയോ തോന്നിയില്ല" മത്തിയാസ് പറഞ്ഞു. ഹാക്കർ വീട്ടിൽ താമസിക്കുന്നത് വിലമതിക്കാനാവാത്ത ഒരവസരമാണെന്നും, ഒരു സംരംഭകനെന്ന നിലയിൽ ഇത് തന്നെ വളരെയധികം സഹായിച്ചെന്നും മത്തിയാസ് കൂട്ടിച്ചേർത്തു.    

അങ്ങനെ വർഷങ്ങളുടെ അധ്വാനത്തിനൊടുവിൽ ഇപ്പോൾ‌ 160 രാജ്യങ്ങളിലായി അയ്യായിരത്തിലധികം കമ്പനികൾ‌ മത്തിയാസിന്‍റെ ടൈംലി അപ്ലിക്കേഷൻ‌ ഉപയോഗിക്കുന്നു. യുഎസ്, യുകെ, നോർവേ എന്നിവിടങ്ങളിലെ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുള്ള 6 മില്യൺ ഡോളർ (6 4.6 മില്യൺ) ധനസഹായത്തോടെ, മെമ്മറിയിൽ ഇപ്പോൾ 45 പേർ ജോലി ചെയ്യുന്നു, കൂടാതെ 2 മില്യൺ ഡോളറിലധികം വരും ടൈംലിയുടെ വാർഷിക വിൽപ്പന.

 

“വളരെയധികം  സമ്മർദ്ദം അനുഭവിച്ച സമയമായിരുന്നു അത്. ഞാൻ എല്ലാ ദിവസവും, ഓരോ മിനിറ്റിലും ജോലി ചെയ്യുകയായിരുന്നു. അതിനാൽ എവിടെ ഉറങ്ങുന്നു എന്നതൊന്നും ഒരു പ്രശ്‍നമേയല്ലായിരുന്നു" അലമാരയിൽ താമസിച്ച തന്‍റെ മൂന്നുമാസം ഓർത്തുകൊണ്ട് മത്തിയാസ് പറഞ്ഞു.    

അവസരങ്ങൾ തേടിപ്പിടിക്കാനുള്ള കഴിവും, ഊർജ്ജസ്വലതയും, ഒരിക്കലും തളരാത്ത മനസ്സും മത്തിയാസിനെ ഇന്ന് കാണുന്ന ഉയരങ്ങളിലെത്തിച്ചു. ഒരാളുടെ  ഉറച്ച മനസ്സിനും, തളരാത്ത പ്രതീക്ഷക്കും അത്ഭുതങ്ങൾ സൃഷ്ഠിക്കാൻ കഴിയും എന്ന മത്തിയാസിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 

click me!