Left Behind Children : മാതാപിതാക്കളില്‍നിന്നകന്ന് 70 ലക്ഷം കുട്ടികള്‍, 'ചങ്കിലെ ചൈന'യുടെ തനിനിറം

Web Desk   | Asianet News
Published : Feb 18, 2022, 04:47 PM IST
Left Behind Children : മാതാപിതാക്കളില്‍നിന്നകന്ന് 70 ലക്ഷം കുട്ടികള്‍, 'ചങ്കിലെ ചൈന'യുടെ തനിനിറം

Synopsis

 പല കുട്ടികളും മാരകമായ ശാരീരിക മാനസിക രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. നേരാം വണ്ണം പഠിക്കാന്‍ പോലും അവസരമില്ലാത്ത അനേകായിരങ്ങള്‍ അക്കൂത്തിലുണ്ട്.  


ചൈന അതിവേഗം വികസിച്ചുകൊണ്ടിരിക്കയാണ്. അവിടെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടി, ദാരിദ്ര്യത്തില്‍ കഴിയുന്ന മാതാപിതാക്കള്‍ തന്റെ നാട് വിട്ട്, മക്കളെ വിട്ട് നഗരങ്ങളിലേക്ക് കുടിയേറുന്നു. നഗരത്തില്‍, അവര്‍ ഫാക്ടറികളിലും റെസ്റ്റോറന്റുകളിലും ബ്യൂട്ടി സലൂണുകളിലും മറ്റും ജോലി ചെയ്യുന്നു. അവര്‍ കരാര്‍ തൊഴിലാളികളല്ല, അവര്‍ക്ക് സാമൂഹിക ആനുകൂല്യങ്ങളില്ല. ജോലി കഠിനമാണ്, മണിക്കൂറുകള്‍ കിടന്ന് കഷ്ടപ്പെട്ടാലും ശമ്പളം താരതമ്യേന തുച്ഛമാണ്.  പണം ലാഭിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി, അവര്‍ വാടക കുറഞ്ഞ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് താമസിക്കുന്നത്.   

അവരുടെ കുട്ടികള്‍ ഒരു കുടുംബാംഗത്തിന്റെയോ, സുഹൃത്തിന്റെയോ, സ്ഥാപനത്തിന്റെയോ കൂടെ കഴിയുകയാണ് പതിവ്. മിക്കപ്പോഴും തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഒരു ഭാവി സ്വപ്‌നം കണ്ടുകൊണ്ടാകും മാതാപിതാക്കളുടെ ഈ കുടിയേറ്റം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കുട്ടികള്‍ മാതാപിതാക്കളെ കാണുന്നത്. അപൂര്‍വ്വം സാഹചര്യങ്ങളില്‍ ഈ കുരുന്നുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടുവെന്നും വരാം.  

തെക്ക്-പടിഞ്ഞാറ് സിചുവാന്‍ പ്രവിശ്യയിലെ പര്‍വതനിരകളിള്‍ക്കിടയിലുള്ള ഗ്രാമമാണ് ലെയൂണ്‍. അവിടത്തെ നിവാസിയായ ഷാവോസ് മകള്‍ ലിനിന് ഒരു മാസം മാത്രം പ്രായമുള്ളപ്പോഴാണ് നഗരത്തിലെ ഒരു ഫാക്ടറിയില്‍ ജോലിയ്ക്ക് കയറിയത്. മകളെ മുത്തശ്ശിയെ ഏല്പിച്ചാണ് ദമ്പതികള്‍ പോയത്. ആറു വര്‍ഷം മുമ്പായിരുന്നു അത്. അതിനുശേഷം, ഓരോ വര്‍ഷവും വെറും മുപ്പത് ദിവസങ്ങള്‍ മാത്രമാണ് ലിന്‍ മാതാപിതാക്കളോടൊപ്പം കഴിയുന്നത്. ഇപ്പോള്‍ അവധിക്കാലമാകാന്‍ ലിന്‍ കാത്തിരിക്കും, സ്വന്തം മാതാപിതാക്കളെ ഒരു നോക്ക് കാണാന്‍.  

ലിനിയെ പോലെ ഏകദേശം 70 ദശലക്ഷത്തോളം കുട്ടികളുണ്ട് ചൈനയില്‍. അവരെ ലെഫ്റ്റ് ബിഹൈന്‍ഡ് ചില്‍ഡ്രന്‍ എന്നാണ് അറിയപ്പെടുന്നത്. ചെറുപ്പത്തില്‍ തന്നെ ദാരിദ്ര്യത്തിന്റെയും, ഒറ്റപ്പെടലിന്റെയും കൈപ്പുനീര്‍ രുചിക്കാന്‍ വിധിക്കപ്പെട്ടവര്‍. അവരുടെ ശരാശരി പ്രായം 6 മുതല്‍ 17 വയസ്സ് വരെയാണ്. തല്‍ഫലമായി, അവരില്‍ പല കുട്ടികളും മാരകമായ ശാരീരിക മാനസിക രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. നേരാം വണ്ണം പഠിക്കാന്‍ പോലും അവസരമില്ലാത്ത അനേകായിരങ്ങള്‍ അക്കൂത്തിലുണ്ട്.  

മാതാപിതാക്കള്‍ മക്കള്‍ക്കായി നഗരങ്ങളില്‍ രാപ്പകല്‍ അധ്വാനിക്കുമ്പോള്‍, മക്കള്‍ നല്ല അധ്യാപകരില്ലാത്ത, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിലെ സ്‌കൂളുകളില്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ മോശം അധ്യാപന നിലവാരവും, സാങ്കേതികവിദ്യയുടെ അഭാവവും, കുട്ടികളെ പരാജയത്തിലേക്ക് നയിക്കുന്നു. ഇത് ദാരിദ്ര്യത്തിന്റെ ആക്കം കൂട്ടുന്നു. കഴിഞ്ഞ 40 വര്‍ഷമായുള്ള ചൈനയുടെ സാമ്പത്തിക വിപുലീകരണം ഏകദേശം 800 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയിട്ടുണ്ട്. എന്നാല്‍ വികസനം കൂടുതലും നഗരങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഇത് ഗ്രാമീണ, നഗര സമൂഹങ്ങള്‍ തമ്മിലുള്ള അന്തരം കൂട്ടുന്നു. ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ പണത്തിനായി വീടുവിട്ടു നഗരങ്ങളില്‍ പോകുമ്പോള്‍, ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നു. രക്ഷിതാക്കള്‍ കൂടെയില്ലാത്ത കുട്ടികള്‍ക്ക് പഠനത്തില്‍ താല്‍പര്യം കുറയാനും, ചിലപ്പോള്‍ സ്‌കൂള്‍ വിട്ടുപോകാനും സാധ്യതയേറുന്നു. വീണ്ടും പട്ടിണിയുടെ പടുകുഴിയിലേയ്ക്ക് അവര്‍ വീഴുന്നു. ഇത് മൂലം, ദരിദ്രരായ കുട്ടികള്‍ ദരിദ്രരായും, സമ്പന്നര്‍ സമ്പന്നരായും തുടരുന്നു.  

മാത്രവുമല്ല സംരക്ഷിക്കാന്‍ മാതാപിതാക്കളില്ലാത്തതിനാല്‍,  കുട്ടികള്‍ ദുരുപയോഗത്തിന് വിധേയരാകുന്നു. സമപ്രായക്കാരില്‍ നിന്നും, രക്ഷിതാക്കളില്‍ നിന്നും, ബന്ധുക്കളില്‍ നിന്നും ഒക്കെ അവര്‍ പീഡനത്തിന് ഇരയാകുന്നു. ഉദാഹരണത്തിന്, 2015-ല്‍ തന്റെ 12 വിദ്യാര്‍ത്ഥികളെ ബലാത്സംഗം ചെയ്തതിന്  ഒരു അധ്യാപകനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുണ്ടായി. അവരില്‍ 11 പേര്‍ മാതാപിതാക്കള്‍ അടുത്തില്ലാത്ത  കുട്ടികളായിരുന്നു.  

മാതാപിതാക്കളുടെ സ്‌നേഹവും കരുതലും ഇല്ലാതെ വളരുന്ന കുട്ടികളില്‍ മാനസികമായും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നു. മാതാപിതാക്കളുടെ അഭാവം നിമിത്തം വിഷാദം, ഉത്കണ്ഠ, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിട്ടുമാറാത്ത ഏകാന്തതയില്‍ നിന്ന് പുറത്തുവരാന്‍ ഈ കുട്ടികള്‍ പാടുപെടുന്നു. കൂടാതെ, അവരുടെ ഭക്ഷണക്രമവും പലപ്പോഴും അപര്യാപ്തമാണ്. പോഷകാഹാര കുറവ് മൂലം അവര്‍ക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതേസമയം ഈ കുട്ടികളെ സഹായിക്കാന്‍ നിരവധി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. സേവ് ദി ചില്‍ഡ്രന്‍, വണ്‍സ്‌കി, ഹ്യൂമാനിയം എന്നിവ ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ഈ രീതിയിലുള്ള സഹായങ്ങള്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ആശ്വാസമാകുന്നുവെങ്കിലും, ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ ഇപ്പോഴും വേണ്ടരീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നത് ഒരു സത്യമാണ്. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?