ദില്ലിയിൽ പാർക്കിങ്ങിൽ വെച്ച് ചുംബിച്ച ദമ്പതികളുടെ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച യുവതിക്കെതിരെ രൂക്ഷ വിമർശനം. ഈ സംഭവം പൊതുസ്ഥലങ്ങളിലെ സ്വകാര്യത, വ്യക്തി സ്വാതന്ത്ര്യം, അനുമതിയില്ലാതെ ചിത്രീകരിക്കുന്നതിലെ നിയമസാധുത എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചു.

ദില്ലിയിലെ ഒരു പാർക്കിങ് പ്രദേശത്ത് യുവദമ്പതികൾ പരസ്പരം ചുംബിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച യുവതിക്കെതിരെ വ്യാപക വിമർശനം. വീഡിയോ വൈറലായതോടെ പൊതുസ്ഥലങ്ങളിലെ സ്വകാര്യത, വ്യക്തി സ്വാതന്ത്ര്യം, ഒരാളുടെ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കൽ എന്നിവയെ കുറിച്ചുള്ള ചർച്ചകളും സജീവമായി.

'കണ്ടോ ഇതാണ് ഇപ്പോ ദില്ലിയിലെമ്പാടും'

സഞ്ജു ഗോയൽ എന്ന എക്സ് ഹാന്‍റിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. "അതിരാവിലെ മകളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോയപ്പോൾ ഈ സംഭവം നേരിൽ കണ്ട് ഞാൻ ഞെട്ടിപ്പോയി. നമ്മുടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്? ദില്ലിയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് നഗരത്തിലെ ഏത് തെരുവിലും മൂലയിലും കവലയിലും ഇത്തരം പെരുമാറ്റങ്ങൾ കാണാൻ സാധിക്കും. എന്‍റെ താമസസ്ഥലത്ത് നിന്നുള്ളതാണ് ഈ വീഡിയോ; ഇത് പങ്കുവെക്കണോ വേണ്ടയോയെന്ന് ഞാൻ ഏറെ ആലോചിച്ചെങ്കിലും, ഒടുവിൽ അത് പങ്കുവെക്കാൻ തന്നെ തീരുമാനിച്ചു." അവർ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. സമീപത്ത് ഒരു കാറിൽ മറഞ്ഞിരുന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ യുവതിയ്ക്ക് നേരെ രൂക്ഷമായ വിമർശനമായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.

'മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കാൻ നാണമില്ലേ?'

പലരും യുവതിയുടെ നടപടിയെ വിമ‍ർശിച്ച് കൊണ്ട് രംഗത്തെത്തി. പരസ്പര സമ്മതത്തോടെ പെരുമാറുന്ന രണ്ട് മുതിർന്ന വ്യക്തികളുടെ സ്വകാര്യ നിമിഷം രഹസ്യമായി ചിത്രീകരിക്കുകയും അത് പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിച്ച് അവരെ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നാണ് നിരവധി പേർ അഭിപ്രായപ്പെട്ടു. പലരും അവരെ അവഗണിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടതെന്ന് കുറിച്ചു. അനുമതിയില്ലാതെ രഹസ്യമായി ഒരാളുടെ വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകരമാണെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി. ചിലർ പൊതുഇടങ്ങളിൽ ഇത്തരം പെരുമാറ്റങ്ങൾ കഴിയുന്നതും ഒഴിവാക്കാമായിരുന്നുവെന്ന് കുറിച്ചു. അതേസമയം അത്തരം അഭിപ്രായക്കാരും വീഡിയോ ചിത്രീകരിച്ച് പങ്കുവച്ചതിനെ വിമർശിച്ചു. കുറിപ്പുകളിൽ അധികവും സ്വകാര്യതയും പൊതുമര്യാദയും പാലിക്കപ്പെട്ടാൻ നല്ല പൗരന്മാരാകേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ചായിരുന്നു.